sections
MORE

ജനനേന്ദ്രിയം ഛേദിച്ചതിന്റെ അറിയാക്കഥകള്‍ ചുരുളഴിക്കാന്‍ പൊലീസ്, പിന്നില്‍ ഉന്നതരും

swami-gangeshananda
സ്വാമി ഗംഗേശാനന്ദ
SHARE

തിരുവനന്തപുരം∙ 2017 മേയ് 19-ന് തലസ്ഥാനത്ത് അരങ്ങേറിയത് കേട്ടുകേള്‍വിയില്ലാത്ത ഒരു സംഭവമാണ്. തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം യുവതി ഛേദിച്ചുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് നാടറിഞ്ഞത്. സ്വാമിയുടെ പീഡനം സഹിക്കവയ്യാതെയാണ് അങ്ങനെ ചെയ്തതെന്നു യുവതി പറഞ്ഞതോടെ സ്വാമി കൊടുംവില്ലനായി. എന്നാല്‍ പോകെപ്പോകെ കഥമാറുന്ന കാഴ്ചയാണു കണ്ടത്.

മൂന്നുവര്‍ഷത്തിനിപ്പുറം ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരിയുടെ നിര്‍ദേശ പ്രകാരം കേസ് പുനരന്വേഷിക്കുമ്പോള്‍ അറിഞ്ഞതിനപ്പുറമുള്ള വഴിത്തിരിവുകള്‍ ഉണ്ടാകുമെന്നാണു പൊലീസ് സേനയില്‍ തന്നെയുള്ളവര്‍ ഉറപ്പിക്കുന്നത്. ആലപ്പുഴ ക്രൈം ബ്രാഞ്ച് എസ്പി പ്രശാന്തന്‍ കാണിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം അന്വേഷണം ആരംഭിച്ചു. തനിക്കെതിരെ നടന്നത് ഉന്നതരുടെ ഇടപെടലോടെയുള്ള ഗൂഢാലോചനയാണെന്ന സ്വാമിയുടെ ആരോപണത്തില്‍ കഴമ്പുണ്ടോയെന്നും വഴിയേ അറിയാം. 

രക്തത്തില്‍ കുളിച്ച് യുവതി 

നഗരത്തിലെ കണ്ണമൂലയില്‍നിന്ന് 2017 മെയ് 19ന് രാത്രിയിലാണ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം എത്തുന്നത്. ഒരാളുടെ ജനനേന്ദ്രിയം മുറിച്ചെന്ന് അവകാശപ്പെട്ട് യുവതി രക്തത്തില്‍ കുളിച്ചു നില്‍ക്കുന്നുവെന്നായിരുന്നു സന്ദേശം. സ്ഥലത്തെത്തിയ പേട്ട എസ്‌ഐ കണ്ടത് ദേഹമാസകലം രക്തവുമായി റോഡില്‍ നില്‍ക്കുന്ന യുവതിയെ. പരിസരത്തെ വീടിനുള്ളില്‍ ജനനേന്ദ്രിയം മുറിഞ്ഞു രക്തത്തില്‍ കുളിച്ചു കിടക്കുന്ന പുരുഷനെയും കണ്ടെത്തി. ആയാളുടെ പേര് സ്വാമി ഗംഗേശാനന്ദയെന്നായിരുന്നു. യുവതിയെ പേട്ട സ്‌റ്റേഷനിലും സ്വാമിയെ ആശുപത്രിയിലുമെത്തിച്ചു. 

തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചത് താനാണെന്ന് യുവതി ധൈര്യത്തോടെ പൊലീസിനെ അറിയിച്ചു. എല്‍എല്‍ബിക്ക് പഠിക്കുന്ന വിദ്യാര്‍ഥിനി ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി പ്രവര്‍ത്തിച്ചത് പേട്ട സ്‌റ്റേഷനിലായതിനാല്‍ അവിടെയുള്ളവരുമായി പരിചയത്തിലായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍നടന്ന ലിംഗച്ഛേദത്തിന്റെ കഥകള്‍ യുവതി തന്നെ പൊലീസുകാരോട് പറഞ്ഞു.

പിന്നീട് സിനിമാക്കഥകളെ വെല്ലുന്ന വഴിത്തിരിവുകളാണ് കേസിലുണ്ടായത്. ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന് സ്വാമി പൊലീസിനെ അറിയിച്ചു. സ്വാമി ലൈംഗികമായി പീഡിപ്പിച്ചെന്നു മൊഴികൊടുത്ത യുവതി സ്വാമിക്ക് അനുകൂലമായി മൊഴിമാറ്റി. യുവതിയുടെ കുടുംബവും സ്വാമിയെ പിന്തുണച്ചു. മകള്‍ക്കു മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും കാമുകനാണ് കൃത്യം ചെയ്തതെന്നുമായിരുന്നു കുടുംബത്തിന്റെ നിലപാട്. നുണപരിശോധനയ്ക്കു ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും യുവതി ഹാജരായില്ല. 

എന്നെ ഉപദ്രവിച്ചു, ഞാന്‍ ജനനേന്ദ്രിയം മുറിച്ചു

രാത്രിയില്‍ സ്‌റ്റേഷനിലെത്തിച്ച യുവതി പൊലീസിനോട് പറഞ്ഞതിങ്ങനെ: സ്വാമി തന്റെ വീട്ടിലെ ഒരു മുറിയിലാണു വര്‍ഷങ്ങളായി താമസം. തന്നെ കുട്ടിക്കാലം മുതല്‍ ഉപദ്രവിക്കാറുണ്ടെന്നും സഹികെട്ടാണ് ജനനേന്ദ്രിയം മുറിച്ചതാണെന്നും യുവതി പറഞ്ഞു. ഇന്റെണ്‍ഷിപ്പിന്റെ ഭാഗമായി സ്‌റ്റേഷനില്‍ എത്താറുണ്ടായിരുന്ന യുവതിയെ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് പരിചയമുണ്ടായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നടന്ന സമാനമായ കേസുകളുടെ കാര്യങ്ങള്‍ യുവതി തന്നെ പൊലീസ് ഉദ്യോഗസ്ഥരോടു വിവരിച്ചു.

'സംഭവത്തിനുശേഷം വളരെ ധൈര്യത്തോടെയാണ് യുവതി സംസാരിച്ചത്' അന്ന് സ്‌റ്റേഷന്റെ ചുമതലയുണ്ടായിരുന്ന റിട്ട. സിഐ സുരേഷ് കുമാര്‍ പറയുന്നു. 'ആഹാരം കഴിക്കാന്‍ വിട്ടിലേക്കു പോയതിനുശേഷം രാത്രി 11 മണിക്കാണ് ഇങ്ങനെയൊരു സംഭവം നടന്നതായി സ്‌റ്റേഷനില്‍നിന്ന് അറിയിക്കുന്നത്. ഉടനെ സ്‌റ്റേഷനിലെത്തി. പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ രക്തമുണ്ടായിരുന്നു. തന്നെ ഉപദ്രവിച്ചതുകൊണ്ടാണു ചെയ്തതെന്നാണ് പറഞ്ഞത്. വീട്ടിലെ മുറിയിലും നിറയെ രക്തമുണ്ടായിരുന്നു' - സുരേഷ് കുമാര്‍ പറഞ്ഞു.

ആശുപത്രിയിലെത്തിച്ച ഗംഗേശാനന്ദ ഡോക്ടര്‍മാരോടും പൊലീസിനോടും താന്‍ സ്വയം ജനനേന്ദ്രിയം ഛേദിച്ചെന്നാണ് പറഞ്ഞത്. ഇതോടെ യുവതിക്കെതിരെ കേസെടുക്കാന്‍ കഴിയാതെയായി. സംഭവം നടക്കുമ്പോള്‍ 23 വയസുണ്ടായിരുന്ന യുവതിയെ 16 വയസു മുതല്‍ ഉപദ്രവിച്ചതിന് ഗംഗേശാനന്ദയ്‌ക്കെതിരെ പോക്‌സോ വകുപ്പുകളനുസരിച്ച് കേസെടുത്തു. 

വീട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും അവിടേയ്ക്കില്ലെന്നും സ്‌റ്റേഷനില്‍ കഴിയാമെന്നുമുള്ള നിലപാടിലായിരുന്നു യുവതി. സ്‌റ്റേഷനില്‍ താമസിപ്പിക്കാന്‍ കഴിയാത്തതിനാല്‍ യുവതിയെ ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റി. പിന്നീടാണ് സംഭവങ്ങള്‍ മാറി മറിയുന്നത്.

പൊലീസിനെതിരെ യുവതി, പ്രേരിപ്പിച്ചത് കാമുകന്‍

ജനനേന്ദ്രിയം മുറിച്ചുവെന്ന കേസ് ആദ്യം വഴിത്തിരിവിലെത്തിയത് യുവതിയുടെ മൊഴി പൊലീസ് കെട്ടിച്ചമച്ചതാണെന്നു വെളിപ്പെടുത്തുന്ന കത്ത് ഗംഗേശാനന്ദയുടെ അഭിഭാഷകന്‍ പോക്‌സോ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ്. കാമുകന്‍ അയ്യപ്പദാസിനെ കുറ്റപ്പെടുത്തികൊണ്ടായിരുന്നു കത്ത്.

തനിക്കും കുടുംബത്തിനും അറിയാവുന്ന അയ്യപ്പദാസും കൂട്ടാളികളും ചേര്‍ന്നാണു സ്വാമിക്കെതിരെ ഗൂഢാലോചന നടത്തിയതെന്നു കത്തില്‍ യുവതി ആരോപിച്ചു. കുട്ടിക്കാലം മുതല്‍ വീടുമായി അടുപ്പമുള്ള സ്വാമി ഒരിക്കലും പീഡിപ്പിച്ചിട്ടില്ല. പതിനാറു വയസ് മുതല്‍ പീഡിപ്പിക്കുന്നുവെന്ന ആരോപണം പൊലീസ് മൊഴിയില്‍ എഴുതിച്ചേര്‍ത്തതാണ്. തനിക്കും കുടുംബത്തിനുമെന്ന പോലെ അയ്യപ്പദാസിനെയും ഗംഗേശാനന്ദയ്ക്കു പരിചയമുണ്ട്. 

ഗംഗേശാനന്ദ പണം അപഹരിക്കുകയാണെന്നു തെറ്റിദ്ധരിപ്പിച്ച് അയ്യപ്പദാസ് തന്നെ ഈ കൃത്യത്തിനു പ്രേരിപ്പിച്ചു. എന്നാല്‍, രാത്രി ഗംഗേശാനന്ദയുടെ അടുത്തു പോയെങ്കിലും തനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട്, ഗംഗേശാനന്ദയുടെ നിലവിളി കേട്ടു താന്‍ വീടിനു പുറത്തക്ക് ഓടി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കു വിളിച്ചു. പൊലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ കഥ മൊത്തം തകിടം മറിയുകയായിരുന്നു. മൊഴി പലതവണ പൊലീസ് തിരുത്തിയെഴുതി. വീട്ടുകാരെ കാണാന്‍ അനുവദിച്ചില്ലെന്നും മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയിലും കഥ ആവര്‍ത്തിക്കാന്‍ നിര്‍ബന്ധിച്ചെന്നും കത്തില്‍ പറയുന്നു. യുവതിയുടെ മൊഴിമാറ്റം പൊലീസുകാരെ അത്ഭുതപ്പെടുത്തി.

'ഞങ്ങളെ ഞെട്ടിച്ചു കൊണ്ടാണ് യുവതി മൊഴിമാറ്റിയത്. കേസിനെ അതു ബാധിച്ചു. വീട്ടുകാരുടെ സമ്മര്‍ദം മൊഴിമാറ്റത്തിനു കാരണമായിരിക്കാം'- സുരേഷ് കുമാര്‍ പറയുന്നു. യുവതിയെ ഷെല്‍ട്ടര്‍ ഹോമില്‍നിന്ന് വീട്ടുകാരോടൊപ്പമാണ് അയച്ചത്. സംഭവത്തിനുശേഷം കണ്ണമൂലയില്‍നിന്ന് കുടുംബം നെടുമങ്ങാട്ടേക്ക് പോയി. കുടുംബം നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടി മൊഴിമാറ്റിയെന്നാണ് അന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്നവരുടെ ഉറച്ച വിശ്വാസം.

ജനനേന്ദ്രിയം ഛേദിക്കപ്പെട്ടു മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പൊലീസ് സെല്ലില്‍ കഴിയുന്ന ഗംഗേശാനന്ദയെ ഇതിനിടെ പരാതിക്കാരിയായ യുവതി സന്ദര്‍ശിച്ചു. അമ്മയ്‌ക്കൊപ്പമായിരുന്നു സന്ദര്‍ശനം. യുവതി പൊട്ടിക്കരഞ്ഞപ്പോള്‍ ഗംഗേശാനന്ദ ആശ്വസിപ്പിച്ചു. കരഞ്ഞുകൊണ്ടാണു പെണ്‍കുട്ടി പുറത്തേക്കു വന്നത്.

തുടര്‍ന്നു പേട്ട പൊലീസ് സ്‌റ്റേഷനില്‍ എത്തിയ യുവതി കാമുകന്‍ അയ്യപ്പദാസ് വിവാഹവാഗ്ദാനം നല്‍കി പീ!ഡിപ്പിച്ചുവെന്നു പരാതിപ്പെട്ടു. തന്റെയും ഗംഗേശാനന്ദയുടെയും പണം അയ്യപ്പദാസ് തട്ടിയെടുത്തു. താന്‍ ആരുടെയും നിയന്ത്രണത്തിലല്ല. അയ്യപ്പദാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി കളവാണ്. വീട്ടില്‍ താന്‍ സുരക്ഷിതയാണെന്നും അറിയിച്ചു. 

പൊലീസിലും മജിസ്‌ട്രേറ്റ് മുന്‍പാകെയും മൊഴി നല്‍കിയതു പൊലീസിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണെന്നു പീഡിപ്പിക്കപ്പെട്ട യുവതി ഹൈക്കോടതിയില്‍ ബോധിപ്പിച്ചതിനെത്തുടര്‍ന്ന് സ്വാമി ഗംഗേശാനന്ദയ്ക്ക് ജാമ്യം ലഭിച്ചു. ഒന്നിലധികം പേര്‍ ചേര്‍ന്നാണ് തന്റെ ജനനേന്ദ്രിയം മുറിച്ചതെന്നായിരുന്നു സ്വാമി ഗംഗേശാനന്ദ ചികില്‍സയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞത്. യുവതിക്കെതിരെ ഒരു ഘട്ടത്തിലും സ്വാമി മൊഴി നല്‍കിയില്ല. 'കോടതിയില്‍ ഇരിക്കുന്ന കേസായതിനാല്‍ പ്രതികരിക്കുന്നില്ല. ആരോടും പരാതിയുമില്ല' - ഗംഗേശാനന്ദ പറയുന്നു.

പൊലീസിന്റെ നീക്കം ഇനിയെങ്ങനെ?

ജനനേന്ദ്രിയം മുറിച്ചത് പെണ്‍കുട്ടിയാണെന്ന് പൊലീസ് വിശ്വസിക്കുന്നു. അതിലേക്ക് നയിച്ച കാരണങ്ങള്‍ തേടിയാണ് അന്വേഷണം. പെണ്‍കുട്ടിക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിക്കും. പെണ്‍കുട്ടിയും അയ്യപ്പദാസുമായുള്ള അടുപ്പത്തെ സ്വാമി എതിര്‍ത്തതാണ് ശത്രുതയ്ക്കിടയാക്കിയതെന്ന് ആദ്യ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുണ്ട്. 

പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നതിങ്ങനെ: അയ്യപ്പദാസ് ഹോട്ടല്‍ ബിസിനസ് നടത്തിയിരുന്നു. സ്വാമിയുമായി പരിചയമുണ്ട്. പെണ്‍കുട്ടി സ്വാമിയോടൊപ്പം ഹോട്ടലിലെത്തിയപ്പോഴാണ് അയ്യപ്പദാസിനെ കാണുന്നത്. പിന്നീട് ഇരുവരും അടുപ്പത്തിലായി. പെണ്‍കുട്ടി തന്നില്‍നിന്ന് അകന്നതോടെ സ്വാമിക്ക് ശത്രുതയായി. വീട്ടുകാരുടെ സഹായത്തോടെ അയ്യപ്പദാസില്‍നിന്ന് പെണ്‍കുട്ടിയെ അകറ്റാന്‍ സ്വാമി ശ്രമം തുടങ്ങി. സ്വാമിയുടെ ഇടപെടലില്‍ ബിസിനസ് നഷ്ടത്തിലായത് അയ്യപ്പദാസിനെയും പ്രകോപിപ്പിച്ചു. പെണ്‍കുട്ടിയും അയ്യപ്പദാസും ചേര്‍ന്ന് പദ്ധതി തയാറാക്കി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചു.

പിന്നീട് വീട്ടുകാരുടെ സമ്മര്‍ദത്തിനു വഴങ്ങി പെണ്‍കുട്ടി മൊഴിമാറ്റി പറഞ്ഞ് സ്വാമിയെ രക്ഷിച്ചു. അയ്യപ്പദാസിനെതിരെയും തിരിഞ്ഞു. നാണക്കേട് കരുതിയോ വീട്ടുകാരുടെ അഭ്യര്‍ഥന മാനിച്ചോ ആകാം സ്വാമി പെണ്‍കുട്ടിയുടെ പേരു പറയാത്തത്.  സംഭവത്തില്‍ വീട്ടുകാരുടേയും സ്വാമിയുടെയും അയ്യപ്പദാസിന്റെയും പങ്ക് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഗൂഢാലോചന സംശയിക്കുന്ന തെളിവുകള്‍ പ്രഥമിക അന്വേഷണത്തില്‍ െ്രെകംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സമാന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ രണ്ടു മാസം മുന്‍പു പെണ്‍കുട്ടി ഇന്റര്‍നെറ്റില്‍ കണ്ടതായുള്ള മൊബൈല്‍ ഫോണിന്റെ ഫൊറന്‍സിക് റിപ്പോര്‍ട്ടാണ് അതില്‍ പ്രധാനം. കാമുകന്റെയും സുഹൃത്തുക്കളുടെയും പങ്കും പ്രാദേശിക തര്‍ക്കങ്ങളെത്തുടര്‍ന്നുള്ള ഉന്നത ഇടപെടലും അന്വേഷിക്കാനാണു തീരുമാനം. ആരാണ് കുറ്റവാളിയെന്ന് അധികം വൈകാതെ വ്യക്തമാകും.

English Summary : Swami Gangeshananda Bobbitization case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA