ADVERTISEMENT

തിരുവനന്തപുരം∙ജനുവരി മുതൽ മാർച്ചുവരെയുള്ള കാലയളവിൽ സംസ്ഥാനത്ത് റോഡിലെ അപകട മരണങ്ങളിൽ കുറവുണ്ടായതായി മോട്ടർ വാഹന വകുപ്പ്. മുൻ വർഷത്തെ അപേക്ഷിച്ച് ജനുവരിയിൽ 14%, ഫെബ്രുവരി 6%, മാർച്ച് 30% എന്നീ രീതിയിലാണ് അപകട മരണങ്ങൾ കുറഞ്ഞത്.

മുൻവർഷവുമായി താരതമ്യപ്പെടുത്തിയാൽ ജനുവരിയിൽ 66, ഫെബ്രുവരിയിൽ 25, മാർച്ചിൽ 124 അടക്കം 215 മരണങ്ങൾ തടയാൻ കഴിഞ്ഞതായി ഗതാഗതവകുപ്പ് പറയുന്നു. 2019ൽ (ജനുവരി മുതൽ മാർച്ചുവരെ) 11,026 അപകടങ്ങളുണ്ടായെങ്കിൽ ഈ വര്‍ഷം അതേകാലയളവിൽ  അപകടങ്ങളുടെ എണ്ണം 10,592 ആയി കുറഞ്ഞു. മരണങ്ങൾ 1262ൽ നിന്നും 1047 ആയി. അപകടത്തിൽ പരുക്കേറ്റവരുടെ എണ്ണം 12,295ൽനിന്നും 11,803 ആയി കുറഞ്ഞു. 

മോട്ടർ വാഹനവകുപ്പും റോഡു സുരക്ഷാ അതോറിറ്റിയും സംയുക്തമായി നടപ്പാക്കിയ ‘സേഫ് കേരള’ പദ്ധതി ലക്ഷ്യത്തിലേക്കു നീങ്ങുന്നതിന്റെ സൂചനകളാണിതെന്ന് അധികൃതർ പറഞ്ഞു. അപകടമരണങ്ങൾ 10% കുറയ്ക്കണമെന്നാണ് സുപ്രീംകോടതി നിയോഗിച്ച റോഡുസുരക്ഷാ കർമ സമിതി നൽകിയ ലക്ഷ്യം. പദ്ധതി പ്രഖ്യാപിച്ച് നടപ്പിലാക്കി ആദ്യമാസങ്ങളിൽ തന്നെ 17% അപകടങ്ങൾ കുറയ്ക്കാൻ സംസ്ഥാനത്തിന് സാധിച്ചു.

എൻഫോഴ്സ്മെന്റിനു വേണ്ട അനുബന്ധ സംവിധാനങ്ങളും വാഹന സൗകര്യവും ഡിജിറ്റൽ സംവിധാനങ്ങളും പൂർത്തിയാകുമ്പോൾ റോഡുകൾ കൂടുതൽ സുരക്ഷിതമാകുമെന്ന് മോട്ടർ വാഹനവകുപ്പ് പറയുന്നു. 2019ൽ 41,111 അപകടങ്ങളിൽ 4440 പേരാണ് മരിച്ചത്.

English Summary: The number of deaths from road accidents reduce in Kerala 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com