ADVERTISEMENT

വാഷിങ്ടന്‍ ∙ ഹോങ്കോങ്ങിന്റെ സ്വയംഭരണാവകാശം നിയന്ത്രിക്കാനുള്ള ചൈനീസ് നീക്കത്തെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഉപരോധം ഏര്‍പ്പെടുത്താനുള്ള നിയമനിര്‍മാണത്തിന് യുഎസ് സെനറ്റ് അംഗീകാരം നല്‍കി. ഇത്തരക്കാരുമായി സഹകരിക്കുന്ന ബാങ്കുകള്‍ക്കു മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും നിയമത്തില്‍ വകുപ്പുകളുണ്ട്. ‘ഹോങ്കോങ് സ്വയംഭരണ നിയമം’ ഏകകണ്ഠമായാണു യുഎസ് സെനറ്റ് പാസാക്കിയത്. പ്രതിനിധി സഭ പാസാക്കി പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതോടെ ഇതു നിയമമാകും.

ഹോങ്കോങ്ങിലെ വിവാദ സുരക്ഷാ നിയമത്തിന് ചൈനയുടെ പാര്‍ലമെന്റായ നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് മേയ് അവസാനമാണ് അംഗീകാരം നല്‍കിയത്. ഓഗസ്റ്റില്‍ പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ചൈനയുടെ കീഴില്‍ അര്‍ധസ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങില്‍ ചൈനയുടെ നിയന്ത്രണം ശക്തമാകും. ഹോങ്കോങ്ങില്‍ ഇടപെട്ടല്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നു ബെയ്ജിങ്ങിനു കൃത്യമായ സന്ദേശം നല്‍കുന്നതാണു യുഎസ് സെനറ്റ് പാസാക്കിയ ബില്ലെന്ന് ഡെമോക്രാറ്റിക് സെനറ്റര്‍ ക്രിസ് വാന്‍ ഹോളന്‍ പറഞ്ഞു.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നു പ്രതിസന്ധിയിലായ യുഎസ്-ചൈന ബന്ധം ഹോങ്കോങ് വിഷയത്തോടെ കൂടുതല്‍ വഷളാകുമെന്നാണു നിരീക്ഷകരുടെ വിലയിരുത്തല്‍. വിവാദ സുരക്ഷാ നിയമത്തിന് ചൈന അംഗീകാരം നല്‍കിയതോടെ ഹോങ്കോങ്ങിന്റെ പ്രത്യേക സാമ്പത്തിക പദവി റദ്ദാക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നീക്കമാരംഭിച്ചിരുന്നു. ഹോങ്കോങ്ങില്‍ അവശേഷിക്കുന്ന സ്വാതന്ത്ര്യം തകര്‍ക്കാനുളള നീക്കത്തിനു തടയിടാനുള്ള അവസാന അവസരമാണിതെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോഷ് ഹാവ്‌ലെ പറഞ്ഞു. വിവാദ സുരക്ഷാ നിയമത്തെ അപലപിച്ച് ഹാവ്‌ലെ അവതരിപ്പിച്ച പ്രമേയവും സെനറ്റ് പാസാക്കി.

22 വര്‍ഷം മുന്‍പ് ബ്രിട്ടനില്‍നിന്നു ഹോങ്കോങ് തിരിച്ചുവാങ്ങിയ ചൈന അവിടെ അവശേഷിക്കുന്ന ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും തുടര്‍ച്ചയായി കോടാലി വയ്ക്കുകയാണ്. ഒന്നര നൂറ്റാണ്ടുകാലത്തെ ബ്രിട്ടിഷ് ഭരണത്തിനുശേഷം ഹോങ്കോങ് ചൈനയ്ക്കു തിരിച്ചുകിട്ടിയത് 1997 ലാണ്. നിലവിലുളള ജനാധിപത്യ രീതികള്‍ 50 വര്‍ഷത്തേക്കു (2047 വരെ) മാറ്റമില്ലാതെ തുടരുമെന്നാണ് ചൈന അന്ന് ഉറപ്പുനല്‍കിയിരുന്നത്. ‘ഒരു രാജ്യം രണ്ടു വ്യവസ്ഥകള്‍’ എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ആ ഉറപ്പ് തുടര്‍ച്ചയായി ലംഘിക്കപ്പെടുകയാണ്.

ഹോങ്കോങ് ബ്രിട്ടനില്‍നിന്നു തിരിച്ചുവാങ്ങുമ്പോള്‍ ചൈന നല്‍കിയ ഉറപ്പുകള്‍ അനുസരിച്ച് ഹോങ്കോങ്ങിലെ നിയമങ്ങള്‍ നിര്‍മിക്കേണ്ടത് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ എന്നറിയപ്പെടുന്ന അവിടത്തെ നിയമസഭയാണ്. അതു കാറ്റില്‍ പറത്തിയാണ് ചൈന വിവാദ നിയമം പാസാക്കിയത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭമാണ് ഹോങ്കോങ്ങില്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ആറുമാസം നടന്ന രീതിയിലുള്ള പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നവരെല്ലാം ഈ നിയമപ്രകാരം ദീര്‍ഘകാലത്തേക്കു ജയിലിലാകും. കുറ്റവാളികളെ പിടികൂടാന്‍ ഹോങ്കോങ് പൊലീസിനോടൊപ്പം ചൈനയുടെ സുരക്ഷാ ഏജന്‍സികളും രംഗത്തുണ്ടായേക്കാം.

ചൈനീസ് ദേശീയ ഗാനത്തോട് അനാദരവ് പ്രകടിപ്പിക്കുന്നവര്‍ക്കു മൂന്നു വര്‍ഷം വരെ തടവും 6450 ഡോളര്‍ പിഴയും നിര്‍ദേശിക്കുന്ന മറ്റൊരു കരടുനിയമവും ജനങ്ങളെ അസ്വസ്ഥരാക്കുന്നുണ്ട്. വിദ്യാലയങ്ങളിലും പൊതു ചടങ്ങുകളിലും ചൈനീസ് ദേശീയ ഗാനം ആലപിക്കുന്നതു നിര്‍ബന്ധമാക്കുകയും ചെയ്യുന്നതാണ് ഈ നിയമം.കഴിഞ്ഞ വര്‍ഷത്തെ പ്രക്ഷോഭത്തിനിടയില്‍ പൊതുവേദികളില്‍ ചൈനീസ് ദേശീയഗാനം ആലപിക്കപ്പെട്ട പല സന്ദര്‍ഭങ്ങളിലും ജനങ്ങള്‍ കൂക്കിവിളിച്ചിരുന്നു. അതാണ് ഈ നിയമത്തിന്റെ പശ്ചാത്തലം. കഴിഞ്ഞ വര്‍ഷത്തെ പ്രക്ഷോഭത്തിന്റെ തുടക്കവും ഒരു വിവാദ നിയമത്തിന്റെ പേരിലായിരുന്നു. ഹോങ്കോങ്ങിലെ കേസുകളില്‍ പ്രതികളാകുന്നവരെ വിചാരണയ്ക്കായി ചൈനയിലേക്ക് അയക്കാന്‍ അനുമതി നല്‍കുന്നതായിരുന്നു ആ നിയമം.

English Summary: U.S. Senate backs bill to punish China over Hong Kong

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com