ADVERTISEMENT

തിരുവനന്തപുരം ∙ ലോക്ഡൗണ്‍ കാലത്ത് കുട്ടികളെ ചൂഷണം ചെയ്ത് അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുന്നത് വ്യാപകമണെന്ന കണ്ടെത്തലിന് പിന്നാലെ കേരള പൊലീസ് സൈബര്‍ ഡോമിന്റെ ആഭിമുഖ്യത്തില്‍ ഓപ്പറേഷന്‍ പി-ഹണ്ടിന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ സംസ്ഥാനത്ത് 47 പേര്‍ അറസ്റ്റില്‍. ആകെ 89 കേസുകൾ റജിസ്റ്റര്‍ ചെയ്തു. കുട്ടികളുടെ പഠനം മുതല്‍ ബാങ്കിങ്, വര്‍ക്ക് ഫ്രം ഹോം തുടങ്ങിയവയ്ക്കായി ഇന്റര്‍നെറ്റിന്റെ ഗാര്‍ഹിക ഉപയോഗം വലിയ രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്.

ദൈനംദിന കാര്യങ്ങളില്‍ മാത്രമല്ല ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തിലും വര്‍ധനവ് തന്നെയാണ് രേഖപ്പെടുത്തുന്നത്. ഇത്തരത്തിലെ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം ഉള്‍പ്പടെയുള്ളവ വര്‍ധിച്ചുവരുന്നതായി കേരള പൊലീസിന്റെ സൈബര്‍ഡോമിന് കീഴിലുള്ള സംഘം സിസിഎസ്ഇ (കൗൺഡറിങ് ചൈൽഡ് സെഷ്വൽ എക്സ്പ്ലോയിറ്റേഷൻ) നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച സംസ്ഥാന വ്യാപകമായ റെയ്ഡ് നടത്തിയത്.

റെയ്ഡില്‍ 143ഓളം മൊബൈല്‍ ഫോണുകള്‍, മോഡം, ഹാര്‍ഡ് ഡിസ്‌ക്, മെമ്മറി കാര്‍ഡുകള്‍, ലാപ്‌ടോപ്പുകള്‍, കംപ്യൂട്ടറുകള്‍ എന്നിവ പിടിച്ചെടുത്തു. ആറ് മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ഉപയോഗിച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഓപ്പറേഷന്‍ പി-ഹണ്ടിന്റെ ഭാഗമായി നടന്ന റെയ്ഡില്‍ പിടിച്ചെടുത്തത്. അറസ്റ്റിലായവരില്‍ പ്രഫഷനല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുവാക്കള്‍ ഉൾപ്പെടെയുള്ളവർ ഉണ്ട്.

ഇതില്‍ ചിലര്‍ കുട്ടികളെ ദുരുപയോഗം ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി. ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചവരുടെ വിവരങ്ങളും സൈബര്‍ഡോം അന്വേഷിച്ച് വരികയാണ്. വിവിധ ഗ്രൂപ്പുകളിലൂടെ ഇവ പ്രചരിപ്പിച്ചതിന് 92ല്‍ അധികം ഗ്രൂപ്പ് അഡ്മിന്‍മാരെയും നിരീക്ഷിക്കുന്നുണ്ട്. കുട്ടികളെ ഉപയോഗിച്ചുള്ള ഇത്തരം ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് 5 വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് വ്യാപകമാണെന്ന ഗുരുതരമായ പ്രശ്‌നം മനസ്സിലാക്കിയ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സൈബര്‍ഡോം നോഡല്‍ ഓഫിസര്‍ കൂടിയായ എഡിജിപി മനോജ് എബ്രഹാമിനോട് കര്‍ശനമായ നടപടിക്ക് ശുപാര്‍ശ ചെയ്തിന്റെ ഭാഗമായിട്ടാണ് ക്രൈം ഐജി ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ചുമതല നല്‍കിക്കൊണ്ട് ശനിയാഴ്ച രാവിലെ മുതല്‍ സംസ്ഥാനത്ത് വ്യാപകമായ റെയ്ഡ് നടത്തിയത്. ഷാഡോ ടീമിന്റേയും പ്രത്യേക ട്രെയിനിങ് ലഭിച്ച് സൈബര്‍ ടീമിനേയും ഉള്‍പ്പെടുത്തിയാണ് പരിശോധന നടന്നത്.

English Summary: Kerala Police Cyber Dome Raid Across State

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com