ADVERTISEMENT

വാഷിങ്ടന്‍ ∙ യുഎസിലെ ടെക്‌സസില്‍ കോവിഡ് വ്യാപനം അതിവേഗത്തില്‍ അപകടകരമായ രീതിയിലാണെന്നു മേയര്‍ ഗ്രെഗ് അബട്ടിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രതിദിനം ശരാശരി 2,000 പുതിയ രോഗികള്‍ എന്ന നിലയില്‍നിന്ന് 5,000 ത്തിലേറെ രോഗികള്‍ എന്ന നിലയിലേക്കു മാറിയിരിക്കുകയാണെന്ന് മേയര്‍ പറഞ്ഞു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയതിനു പിന്നാലെ പല തെക്ക്, പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. അമേരിക്കയില്‍ ആകെ രോഗികളുടെ എണ്ണം 25 ലക്ഷം കടന്നു. ഒന്നേകാല്‍ ലക്ഷത്തിലധികം ആളുകള്‍ മരിച്ചു. ഏറ്റവും കൂടുതല്‍ മരണസംഖ്യയുള്ള രാജ്യമായി അമേരിക്ക മാറി.

രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ടെക്‌സസ്, ഫ്ലോറിഡ എന്നിവിടങ്ങളില്‍ അധികൃതര്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ്. ആശുപത്രികള്‍ നിറഞ്ഞു കവിയുന്നു. ഓരോ ദിവസവും അയ്യായിരത്തിലേറെ ആളുകളെയാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നത്. കൂടുതല്‍ പരിശോധനാ കിറ്റുകള്‍ ടെക്‌സസില്‍ എത്തിക്കുമെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് അറിയിച്ചു. നിര്‍ദേശിച്ചിരിക്കുന്നതനുസരിച്ച് മാസ്‌കുകള്‍ ധരിക്കണമെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു.

ടെക്‌സസില്‍ കഴിഞ്ഞയാഴ്ച നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. ബാറുകള്‍ അടയ്ക്കാന്‍ മേയര്‍ നിര്‍ദേശം നല്‍കി. റസ്റ്ററന്റുകളില്‍ 50 ശതമാനം ആളുകള്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കാവൂ. ഗലേന പാര്‍ക്കില്‍ ശനിയാഴ്ച കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നു. ഫ്ലോറിഡയിലും ബാറുകള്‍ക്കും മറ്റും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച അരിസോണയിലും 3,800 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൂടില്‍നിന്നു രക്ഷതേടി ആളുകള്‍ കൂട്ടത്തോടെ നദീ തീരങ്ങളില്‍ തടിച്ചു കൂടിയത് കടുത്ത ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. 

ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച് ഞായറാഴ്ച വരെ അമേരിക്കയിലെ ആകെ രോഗികളുടെ എണ്ണം 25.48 ലക്ഷം കടന്നു. എന്നാല്‍ ഇതിന്റെ പത്തിരട്ടിയിലധികം ആകാം യഥാര്‍ഥ എണ്ണമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. 20 ദശലക്ഷം അമേരിക്കക്കാര്‍ക്കെങ്കിലും രോഗം ബാധിച്ചിട്ടുണ്ടാകാമെന്നാണ് യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സിഡിസി) അധികൃതരുടെ കണക്കുകൂട്ടല്‍. 18നും 34നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണു കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്.

English Summary: Coronavirus: 'Swift and dangerous turn' in Texas cases, says governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com