ADVERTISEMENT

കൊച്ചി∙ ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ തന്നെയും വിളിച്ചെന്ന് നടൻ ധർമജൻ ബോൾഗാട്ടി. കൊച്ചി കമ്മിഷണർ ഓഫിസിൽ മൊഴിനൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷംനയുടെയും മിയയുടെയും നമ്പറുകളാണ് പ്രതികൾ ആവശ്യപ്പെട്ടത്. പ്രൊഡക്‌ഷൻ കണ്‍ട്രോളർ ഷാജി പട്ടിക്കരയാണ് തന്റെ നമ്പർ പ്രതികൾക്ക് കൊടുത്തതെന്നും ധർമജൻ പറഞ്ഞു.

‘അഷ്‌കര്‍ അലി എന്നു പരിചയപ്പെടുത്തിയ ആളാണ് വിളിച്ചത്. സ്വര്‍ണക്കടത്തിന്റെ ആള്‍ക്കാരാണെന്നും സെലിബ്രെറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്നവരാണെന്നും പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ കണക്കുകളും പറഞ്ഞു. ലോക്ഡൗൺ സമയത്ത് തമാശയ്ക്ക് വിളിക്കുന്നവരാണെന്നാണ് കരുതിയത്. ആകെ രണ്ടോ മൂന്നോ തവണയാണ് വിളിച്ചത്. പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതോടെ അവര്‍ വിളിച്ചിരുന്ന നമ്പര്‍ സ്വിച്ച് ഓഫ് ആയി. പിന്നീട് വിളിച്ചിട്ടില്ല’ – ധർമജൻ പറഞ്ഞു.

പ്രൊഡക്‌ഷൻ കണ്‍ട്രോളർ എന്തുകൊണ്ടാണ് തന്റെ നമ്പർ കൊടുത്തതെന്ന് അറിയില്ല. ഇക്കാര്യം ചോദിക്കും. അദ്ദേഹത്തോട് പിണക്കമില്ലെന്നും ധർമ‍ജൻ പറഞ്ഞു. തട്ടിപ്പിൽ സിനിമാ മേഖലയ്ക്കുള്ള ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ധർമജനെ വിളിപ്പിച്ച് മൊഴിയെടുത്തത്. ധർമജൻ ഉൾപ്പെടെ സിനിമാ മേഖലയിൽനിന്നുള്ള മൂന്നുപേരുടെ മൊഴിയാണ് ഇന്നു രേഖപ്പെടുത്തുന്നതെന്നാണ് വിവരം. ധർമജന്റെ ഫോൺ നമ്പർ പ്രതികളിൽനിന്ന് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ചോദിച്ച് അറിയുന്നതിനാണ് ഇദ്ദേഹത്തോട് ഹാജരാകാൻ ആവശ്യപ്പെട്ടത്.

കേസിൽ ഹെയർ സ്റ്റൈലിസ്റ്റും ചാവക്കാട് സ്വദേശിയുമായ ഹാരിസ് എന്നയാളെ തിങ്കളാഴ്ച കസ്റ്റഡിയിൽ എടുത്തിരുന്നു. ഹാരിസിന് സിനിമാക്കാരുമായുള്ള ബന്ധം ഉപയോഗപ്പെടുത്തായിരുന്നു ഈ മേഖലയിലുള്ളവരുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകൾ പ്രതികൾ നടത്തിയത് എന്നാണ് വ്യക്തമാകുന്നത്. പ്രതികൾക്കെതിരെ കൂടുതൽ പരാതികൾ ലഭിച്ചതായി ഐജി വിജയ് സാഖറെ പറഞ്ഞു. അഞ്ച് പേർ കൂടി ഇന്ന് പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

Content Highlights: Dharmajan Bolgatti, Shamna Kasim Blackmailing Case Update

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com