ADVERTISEMENT

ചെന്നൈ∙ കസ്റ്റഡി മരണം നടന്ന തൂത്തുക്കുടി സാത്താൻകുളം പൊലീസ് സ്റ്റേഷൻ ഏറ്റെടുക്കാൻ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. മജിസ്ട്രേറ്റിന്റെ അന്വേഷണത്തോട് സാത്താൻകുളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സഹകരിക്കാതിരുന്നതിനെ തുടർന്നാണ് അസാധാരണ നടപടി. കസ്റ്റഡി മരണം നടന്ന സ്റ്റേഷൻ റവന്യൂ ഉദ്യോഗസ്ഥരെ ഏൽപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. അച്ഛന്റെയും മകന്റെയും ജീവനെടുത്ത ക്രൂരമർദനം നടന്ന തൂത്തുക്കുടി സാത്താൻകുളം സ്റ്റേഷന്റെ ചുമതല വഹിക്കുന്ന ഇൻസ്പെക്ടർ ശ്രീധറിനെ നേരത്തേതന്നെ സസ്പെൻഡ് ചെയ്തിരുന്നു. 2 എസ്ഐമാർ കഴിഞ്ഞദിവസം മുതൽ സസ്െപൻഷനിലായിരുന്നു.

കസ്റ്റഡി പീഡനത്തിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ അന്വേഷണം സിബിഐക്ക് വിടാനാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനം. സാത്താൻകുളത്ത് മൊബൈൽ കട നടത്തുന്ന ജയരാജ് (62), മകൻ ബെനി‍ക്സ് (32) എന്നിവരാണ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. സ്റ്റേഷനിൽനിന്ന് എത്തിച്ചപ്പോൾ ഇരുവരുടെയും ദേഹത്ത് മുറിവുകളുണ്ടായിരുന്നുവെന്നതിന്റെ ജയിൽ റിപ്പോർട്ടുകൾ  പുറത്തുവന്നിരുന്നു.

thoothukkudi-custody-death-police
സസ്പെൻഷനിലായ ഇൻസ്പെക്ടർ ശ്രീധർ,എസ്ഐമാരായ രഘുഗണേഷ്, ബാലകൃഷ്ണൻ

ഇതു ശരിവയ്ക്കുന്ന രീതിയിൽ പൊലീസുകാർ തമ്മിൽ സംസാരിക്കുന്ന ശബ്ദരേഖയും ലഭ്യമായിരുന്നു. പ്രതിഷേധം ശക്തമായിട്ടും പൊലീസുകാരെ പ്രതി ചേർക്കാൻ തമിഴ്നാട് സർക്കാർ ത‌യാറായിട്ടില്ല. മദ്രാസ് ഹൈക്കോടതി കേസ് പരിഗണിക്കുമ്പോൾ സിബിഐ അന്വേഷണ തീരുമാനം അറിയിക്കുമെന്നാണു മുഖ്യമന്ത്രി എടപ്പാടി പളനിസാമി പറഞ്ഞത്.

ലോക്ഡൗൺ നിയന്ത്രണം ലംഘിച്ചതിനു കഴിഞ്ഞ 19നു രാത്രിയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. പിറ്റേന്നു മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ കോവിൽപെട്ടി സബ്‌ജയിലിലേക്കു മാറ്റി. 22നു രാത്രി ബെനിക്സും പിറ്റേന്നു രാവിലെ ജയരാജും തളർന്നുവീണു. ബെനിക്സ് ആശുപത്രിയിലെത്തുന്നതിനു മുൻപും ജയരാജ് ചികിത്സയിലിരിക്കെയും മരിച്ചു.

അറസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിന്റെ പ്രതികാരമായി പൊലീസ് ഇരുവരെയും അതിക്രൂരമായി ഉപദ്രവിച്ചെന്നാണു ബന്ധുക്കളുടെ ആരോപണം. മലദ്വാരത്തിൽ കമ്പിയും ലാത്തിയും കയറ്റിയെന്നും ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ അമിത രക്തസ്രാവത്തെത്തുടർന്ന് വസ്ത്രം 4 തവണ മാറ്റേണ്ടിവന്നതായും ബന്ധുക്കൾ പറയുന്നു.

English Summary: Intervention of High Court in Tuticorin custodial deaths

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com