sections
MORE

ജോസഫിന് കൈ കൊടുത്ത് ഇല വിടർത്തി യുഡിഎഫ്; പിളർപ്പിന്റെ തുടർരാഷ്ട്രീയം

Jose K Mani, PJ Joseph
ജോസ് കെ.മാണി, പി.ജെ.ജോസഫ്
SHARE

തിരുവനന്തപുരം ∙ ‘വളരുംതോറും പിളരും, പിളരുംതോറും വളരും’ – പിളര്‍പ്പുകള്‍ കേരള കോണ്‍ഗ്രസില്‍ തുടര്‍ക്കഥയായപ്പോള്‍ കെ.എം.മാണി നടത്തിയ വിഖ്യാതമായ ഈ പരാമര്‍ശം കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. ഈ പരമ്പരയുടെ പുതിയ എപ്പിസോഡിൽ ഒരു ഭാഗത്ത് ജോസ് കെ.മാണിയും മറുഭാഗത്ത് പി.ജെ.ജോസഫും നിന്നപ്പോൾ ജോസഫിന്റെ നിലപാടുകൾക്ക് കൈ കൊടുക്കാനാണ് യുഡിഎഫ് തീരുമാനിച്ചത്. ഇതോടെ യുഡിഎഫ് യോഗത്തിൽനിന്ന് ജോസ് വിഭാഗം അപ്രതീക്ഷിതമായി പുറത്തായി. ഇനിയെന്ത് എന്ന ചോദ്യമാണ് കേരള കോൺഗ്രസിൽ (ജോസ് വിഭാഗം) മുഴങ്ങുന്നത്.

കെ.എം.മാണിയുടെ വിയോഗത്തെത്തുടർന്ന് പാർട്ടി ചെയർമാൻ സ്ഥാനത്തിന്റെ പേരിൽ ജോസഫിനോട് ജോസ് കെ.മാണിയുടെ തർക്കമാണ് പിളർപ്പിന്റെ പുതുവഴിയിൽ എത്തിനിൽക്കുന്നത്. പാലായിൽ അഭിമാനചിഹ്നമായ രണ്ടില കിട്ടിയില്ലെങ്കിലും മൽസരിച്ച ജോസ് കെ.മാണിയുടെ സ്ഥാനാർഥി ജോസ് ടോമിന് തിരഞ്ഞെടുപ്പ് ഫലത്തിൽ തിരിച്ചടിയേറ്റു. ഉറച്ച സീറ്റായ പാലാ പടലപ്പിണക്കത്തിൽ നഷ്ടമാക്കിയെന്ന വിലയിരുത്തലാണ് അന്ന് യുഡിഎഫ് നേതൃത്വത്തിലെ പലർക്കുമുണ്ടായത്. രണ്ടില ചിഹ്നത്തിൽ തുടങ്ങിയ തർക്കത്തിൽ ഇലയൊന്നു വിടർത്തി നിൽക്കാനാണ് ഒടുവിൽ മുന്നണി താൽപര്യപ്പെട്ടതും.

പുറത്താക്കിയ യുഡിഎഫുമായി ഇനി എന്ത് ചർച്ച എന്നു പറയുമ്പോഴും ബന്ധം അവസാനിച്ചു എന്നു പറയാൻ ജോസ് വിഭാഗം തയാറല്ല. മടങ്ങിവരാനുള്ള വഴികൾ തുറന്നിട്ടാണ് യുഡിഎഫ് തീരുമാനമെന്നതും ശ്രദ്ധേയം. അതിന് നിലപാടുകളിൽ ജോസ് വിഭാഗം വിട്ടുവീഴ്ച ചെയ്യേണ്ടിവരും. അത് എപ്പോഴുണ്ടാകുമെന്നതിനെ ആശ്രയിച്ചിരിക്കും യുഡിഎഫിലെ തുടർചർച്ചകൾ. തിങ്കളാഴ്ച രാവിലെയും യുഡിഎഫ് നേതാക്കൾ ജോസ് കെ.മാണിയുമായി ചർച്ച നടത്തി ചില ഒത്തുതീർപ്പ് വ്യവസ്ഥകൾ വച്ചെങ്കിലും തീരുമാനത്തിൽ ജോസ് വിഭാഗം ഉറച്ചുനിന്നതോടെയാണ് മുന്നണി നേതൃത്വം നിലപാട് കടുപ്പിച്ചത്.

jose-k-mani-press-meet2

നാളുകളായി നടക്കുന്ന ഒത്തുതീർപ്പ് ചർച്ച ഫലം കാണാതെവന്നതോടെ വിട്ടുവീഴ്ച വേണ്ടെന്ന് മുന്നണി നേതൃത്വം തീരുമാനിക്കുകയായിരുന്നു. ‘ഒരു രാഷ്ട്രീയക്കാരന്റെ മെയ്‌വഴക്കം ജോസ് കാണിക്കേണ്ടതായിരുന്നു. വിട്ടുവീഴ്ചകൾ ചെയ്താലേ പിന്നീട് നേട്ടമുണ്ടാക്കാനാകൂ.’–ഒരു യുഡിഎഫ് നേതാവ് മനോരമ ഓൺലൈനോട് പറഞ്ഞതിങ്ങനെ. കെ.എം.മാണിയുടെ നിര്യാണത്തോടെ യുഡിഎഫുമായുള്ള സമവാക്യങ്ങളിൽ മാറ്റമുണ്ടായതായി ജോസ് പക്ഷം മനസിലാക്കിയില്ലെന്ന വിലയിരുത്തലുണ്ട്. കെ.എം.മാണിയോട് വ്യക്തിബന്ധം പുലർത്തിയിരുന്ന നേതാക്കളിൽ പലർക്കും ജോസുമായി അടുപ്പമില്ലാത്തതും തിരിച്ചടിയുടെ കാരണങ്ങളായി.‌

പാലായിലെ തിരഞ്ഞെടുപ്പ് തോൽവിയോടെ ഭിന്നത വർധിച്ചു. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട യുഡിഎഫ് ബന്ധം ഇടയ്ക്കു കെ.എം.മാണി അവസാനിപ്പിച്ചതിന്റെ അലയൊലികൾ കൂടിയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു പിന്നിലെന്നു കരുതുന്നവരും മുന്നണിയിലുണ്ട്. കെ.എം.മാണി മുന്നണിയിൽ തിരിച്ചെത്തിയെങ്കിലും അതൃപ്തി തുടർന്നു. അദ്ദേഹത്തിന്റെ നിര്യാണത്തോടെ അതു രൂക്ഷമായി. രമ്യമായ പരിഹാരം കാണാൻ ജോസ് പക്ഷത്തിനു കഴിഞ്ഞില്ല. തുടർചർച്ചയ്ക്ക് ഇനി സാധ്യതയില്ലെന്നാണ് യുഡിഎഫ് നേതാക്കളിൽ ചിലരുടെ അഭിപ്രായം. ജോസ് പക്ഷം വിട്ടുവീഴ്ച ചെയ്യണമെങ്കിൽ അത് നേരത്തെയാകാമായിരുന്നു.

jose-k-mani-press-meet

യുഡിഎഫ് തീരുമാനം ഉണ്ടായശേഷം നടത്തിയ മാധ്യമസമ്മേളനത്തിലും മുന്‍നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണ് ജോസ് വിഭാഗം ചെയ്തത്. ശക്തമായ നിലപാടെടുത്തശേഷം ഒരു തിരിച്ചുപോക്ക് അണികളെ വിശദീകരിക്കാനും പാർട്ടിക്കു പ്രയാസമായിരിക്കും. നീണ്ട നാൾ ചർച്ച ചെയ്തിട്ടും ജോസ് പക്ഷം അയയാത്തത് മറ്റു ചില രാഷ്ട്രീയ വാഗ്ദാനങ്ങൾ മുന്നിൽ കണ്ടാണെന്ന് കരുതുന്നവർ മുന്നണിയിലുണ്ട്. ജോസ് വിഭാഗം എൽഡിഎഫിലേക്കാണെന്ന ചർച്ച കുറച്ചു നാളായി സജീവമാണ്. ‘എല്ലാം കലങ്ങിതെളിഞ്ഞശേഷം’ നോക്കാമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചതെങ്കിലും ഇടതുമുന്നണി പ്രവേശം എളുപ്പമാകില്ല.

സിപിഐയുടെ എതിർപ്പാണ് പ്രധാന തടസ്സം. മുന്നണി വിപുലീകരിക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് സിപിഐ. തദ്ദേശ തിരഞ്ഞെടുപ്പിനു മൂന്നുമാസവും നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷവും ശേഷിക്കെ ഒരു മുന്നണിയുടെയും ഭാഗമല്ലാതെ നിൽക്കുന്നത് ജോസ് വിഭാഗത്തിന് എളുപ്പമാകില്ല. ആത്മാഭിമാനം അടിയറ വയ്ക്കില്ലെന്നും ചൊവ്വാഴ്ച സ്റ്റിയറിങ് കമ്മിറ്റി ചേര്‍ന്ന് ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ജോസ് കെ.മാണി വ്യക്തമാക്കിയിട്ടുണ്ട്. പ്രായോഗിക രാഷ്ട്രീയത്തിന് വിലകൽപ്പിച്ചില്ലെങ്കിൽ ഇനിയുള്ള പിളർപ്പുകൾ വളർച്ചയ്ക്കു വഴിതെളിക്കാനിടയില്ല.

jose-k-mani-and-ramesh-chennithala

English Highlights: Kerala Congress, Jose K Mani, P J Joseph, UDF, LDF, Kerala Politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA