ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തു തുടർച്ചയായ 11–ാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 100 കവിഞ്ഞു. തിങ്കളാഴ്ച 121 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും 79 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 24ന് മഞ്ചേരി മെഡിക്കൽ കോളജിൽ മരണമടഞ്ഞ തമിഴ്നാട് സ്വദേശി അരസാകരന്റെ സ്രവ പരിശോധന കോവിഡ് പോസിറ്റീവ് ആണെന്ന് ഫലം വന്നു.

പുതുതായി രോഗം ബാധിച്ചവരിൽ 78 പേർ വിദേശത്തുനിന്നും 26 പേർ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. സമ്പർക്കം വഴി 5 പേർക്കും 3 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 9 സിഐഎസ്എഫുകാർക്കും രോഗം ബാധിച്ചു.

കോവിഡ് പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 4

കോഴിക്കോട് 9

എറണാകുളം 5

തൃശൂർ 26

കൊല്ലം 11

പാലക്കാട് 12

കാസർകോട് 4

ആലപ്പുഴ 5

പത്തനംതിട്ട 13

ഇടുക്കി 5

കണ്ണൂർ 14

മലപ്പുറം 13.

Covid - Corona Virus

കോവിഡ് നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 3

കോഴിക്കോട് 8

എറണാകുളം 4

തൃശൂർ 5

കൊല്ലം 18

പാലക്കാട് 3

മലപ്പുറം 3

കാസർകോട് 2

ആലപ്പുഴ 8

കോട്ടയം 8

കണ്ണൂർ 11.

കഴിഞ്ഞ 24 മണിക്കൂറിൽ 5244 സാംപിളുകൾ പരിശോധിച്ചു. ഇതുവരെ 4311 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2057 പേർ ചികിത്സയിൽ. 80,617 പേർ നിരീക്ഷണത്തിലാണ്; 2662 പേർ ആശുപത്രികളിലുണ്ട്. തിങ്കളാഴ്ച മാത്രം 282 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് ഹോട്സ്പോട്ടുകളുടെ എണ്ണം 118 ആയി. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ വൈകിട്ട് 5 മുതൽ ജൂലൈ 6ന് അർധരാത്രി വരെ ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കും. എടപ്പാൾ, പൊന്നാനി പ്രദേശങ്ങളിൽ കൂടുതൽ കോവിഡ് കോസുകൾ റിപ്പോർട്ട് ചെയ്തിടത്ത് വ്യാപകമായി പരിശോധനകൾ നടത്താൻ നിർദേശം നൽകി. പനി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരെ പരിശോധിക്കും.

ആരോഗ്യപ്രവർത്തകർ, ആശുപത്രി ജീവനക്കാർ, ബാങ്ക് ഉദ്യോഗസ്ഥർ, ട്രാൻസ്പോർട് ഹബ്ബുകൾ എന്നിവിടങ്ങളിൽ ലക്ഷണം ഇല്ലെങ്കിലും പരിശോധന നടത്തും. കോഴിക്കോട്, മഞ്ചേരി, തൃശൂർ മെഡിക്കൽ കോളജുകളിൽ നിന്നുള്ള മെഡിക്കൽ ടീമിനെ ഇവിടെ നിയോഗിക്കും. തീവ്രരോഗബാധ കണ്ടെത്തിയിടത്ത് കുറഞ്ഞത് 10,000 പരിശോധനകൾ നടത്തും.

കൃത്യമായ ക്ലസ്റ്റർ മാനേജ്മെന്റ് സ്ട്രാറ്റജി നടപ്പിലാക്കും. അതിനായി കേസുകളും അവരുടെ കോൺടാക്റ്റുകളും ഒരു പ്രദേശത്ത് എങ്ങനെ വിതരണം ചെയ്തിരിക്കുന്നു എന്ന് കണ്ടെത്തി കണ്ടെയ്ൻ‌മെന്റ്  സോണുകൾ പ്രഖ്യാപിക്കും. ആ പ്രദേശത്തേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും ഒരു വഴിമാത്രം എന്ന രീതിയിൽ നിയന്ത്രിക്കും. വീടുകൾ സന്ദർശിച്ചു ശ്വാസകോശ സംബന്ധമായി രോഗം ഉണ്ടോ എന്ന് കണ്ടെത്തിയാൽ അവർക്ക് ആന്റിജൻ പരിശോധന നടത്തും.

അതിനു ശേഷം കോൺടാക്റ്റ് ട്രേസിങ് നടത്തും. കണ്ടെയ്ൻമെന്റ് സോണുകളിൽ കേസുകളുടെ എണ്ണം കൂടുകയാണെങ്കിൽ അതിനെ നേരിടാനുള്ള പദ്ധതിയും തയാറാക്കി. അത്തരം സാഹചര്യത്തിൽ രോഗികളെ ആശുപത്രികളിൽ കൊണ്ടുവരുന്നതുതൊട്ട് അവിടെ സൗകര്യം ഒരുക്കുന്നതടക്കമുള്ള പദ്ധതിയാണ്. 

സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടന്നു. എന്നാൽ ഇത്തവണ വാർഷാകാഘോഷം ഉപേക്ഷിച്ചിരിക്കുകയാണ്. സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറയാൻ ഇല്ലാഞ്ഞിട്ടല്ല, നാം ഒരു മഹാമാരിയെ നേരിടുന്നതിനാലാണ്. ലോകത്ത് സമ്പത്തു കൊണ്ടും ആധുനിക സൗകര്യങ്ങൾ കൊണ്ടും ഉന്നതിയിൽ നിൽക്കുന്ന രാജ്യങ്ങൾ പോലും കോവിഡ് പോരാട്ടത്തിൽ നമ്മുടെ നേട്ടത്തെ ഉറ്റുനോക്കുകയാണ്.– മുഖ്യമന്ത്രി വിശദീകരിച്ചു.

English Summary: 121 New covid cases reported in Kerala on June 29, 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com