ADVERTISEMENT

തിരുവനന്തപുരം ∙ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച കേസിൽ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് എഡിജിപിയും സൈബർ ഡോം നോഡൽ ഓഫിസറുമായ മനോജ് എബ്രഹാം. പൊലീസ് കണ്ടെടുത്ത ചിത്രങ്ങളിലുള്ള കുട്ടികളെ കണ്ടെത്താനുളള അന്വേഷണം തുടങ്ങി. വിശദമായ അന്വേഷണത്തിന് ഇന്‍റര്‍പോള്‍ ഉള്‍പ്പെടെയുളള രാജ്യാന്തര ഏജന്‍സികളുടെ സഹകരണവും കേരള പൊലീസിനു ലഭിക്കും. 

വീടുകളില്‍ പോലും കുട്ടികള്‍ സുരക്ഷിതരല്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് ഓപ്പറേഷന്‍ പി ഹണ്ടിലൂടെ ലഭിച്ചത്. വീടിനുള്ളില്‍ നില്‍ക്കുന്ന കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പോലും പല  അശ്ലീല സൈറ്റുകള്‍ വഴി പ്രചരിച്ചിട്ടുണ്ട്. ഇത്തരം ചിത്രങ്ങള്‍ വില്‍പന നടത്താനും ചില സംഘങ്ങള്‍ പ്രവര്‍ത്തിച്ചു വരികയാണ്. ഡാര്‍ക്ക് നെറ്റ് വഴിയാണ് ഇത്തരം ഇടപാടുകൾ നടക്കുന്നത്. കുട്ടികളെ കണ്ടെത്തുന്നതോടെ ചിത്രങ്ങള്‍ എടുക്കുന്നത് ആരാണെന്ന അന്വേഷണത്തിലേക്കു കടക്കുകയാണു പൊലീസിന്‍റെ ലക്ഷ്യം.

ഇത്തരത്തിലുള്ള ചൈൽഡ് പോൺ സൈറ്റുകൾ വീക്ഷിക്കുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്നതു നിയമ വിരുദ്ധമാണ്. എത്ര രഹസ്യ സ്വഭാവത്തോടു കൂടി നോക്കിയാലും ഇതെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാണ് എന്നു ചെയ്യുന്നവർ തിരിച്ചറിയണം. ഇത്തരം സൈറ്റുകളിൽ കയറുന്നവർ ഉറപ്പായും പിടിക്കപ്പെടും. രാജ്യത്താകമാനം പരിശോധിച്ചാൽ കുട്ടികൾക്കെതിരായ അശ്ലീല സൈറ്റുകൾക്കെതിരെയുള്ള നിരീക്ഷണവും അന്വേഷണവും നടത്തുന്നതു കേരളത്തിൽ മാത്രമാണ്.

child-abuse-gif
പ്രതീകാത്മക ചിത്രം

ഓൺലൈൻ സെക്ഷ്വൽ കേസുകളെ നേരിടാൻ വേണ്ടിയുള്ള പ്രത്യേക പൊലീസ് സന്നാഹം സംസ്ഥാനത്തുണ്ട്. അതിലുള്ള ഉദ്യോഗസ്ഥർക്കു രാജ്യാന്തര നിലവാരത്തിലുളള പരിശീലനം ലഭിച്ചിട്ടുണ്ട്. നിലവില്‍ പിടിച്ചെടുത്തുള്ള മൊബൈല്‍ ഫോണുകളും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കും. ഫോണുകളിലെ ചാറ്റുകളും വിശദമായി പരിശോധിക്കും. 47 പേരാണ് ഇതുവരെ അറസ്റ്റിലായത്. 90 കേസുകൾ ചുമത്തിയെന്നും എഡിജിപി അറിയിച്ചു.

English Summary: Interpol will cooperate with Kerala Police for Operation P-Hunt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com