ADVERTISEMENT

കൊച്ചി∙ നടി ഷംന കാസിമിൽനിന്നു പണം തട്ടാൻ ശ്രമിച്ചെന്ന പരാതിക്കു പിന്നാലെ കൂടുതൽ തട്ടിപ്പു പരാതികൾ കൂടി പുറത്തു വന്ന സംഭവത്തിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി. ഹെയർ സ്റ്റൈലിസ്റ്റും ചാവക്കാട് സ്വദേശിയുമായ ഹാരിസ് എന്നയാളാണ് പിടിയിലായത്. നേരത്തെ അറസ്റ്റിലായ റഫീക്കിന്റെ ബന്ധുവാണ് ഹാരിസ് എന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്ക് ഗൾഫിൽ സ്വന്തമായി ഹെയർ സലൂണുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.

ഹാരിസിന് സിനിമാക്കാരുമായുള്ള ബന്ധം ഉപയോഗപ്പെടുത്തിയായിരുന്നു ഈ മേഖലയിലുള്ളവരുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകൾ പ്രതികൾ നടത്തിയത് എന്നാണ് വ്യക്തമാകുന്നത്. പ്രതികൾക്കെതിരെ കൂടുതൽ പരാതികൾ ലഭിച്ചതായി ഐജി വിജയ് സാഖറെ പറഞ്ഞു. അഞ്ച് പേർ കൂടി ഇന്ന് പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. കൂടുതൽ പേർ‌ തട്ടിപ്പിന് ഇരകളായിട്ടുണ്ടെന്നും ഐജി പറഞ്ഞു. ചിലരെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി വിവരം ലഭിച്ചതായി കഴിഞ്ഞ ദിവസം ഐജി വെളിപ്പെടുത്തിയിരുന്നു.

തട്ടിപ്പു കേസിൽ സിനിമാ മേഖലയിലുള്ളവരെയും പൊലീസ് ചോദ്യം ചെയ്യാനാരുങ്ങുകയാണ്. നടൻ ധർമജൻ ബോൾഗാട്ടി ഉള്‍പ്പടെ മൂന്നു പേരെ ചിലരെ ചോദ്യം ചെയ്യുന്നതിനായി ഇന്ന് കമ്മിഷണർ ഓഫിസിലേയ്ക്ക് വിളിപ്പിച്ചു. ധർമജന്റെ ഫോൺ നമ്പർ പ്രതികളിൽനിന്ന് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ചോദിച്ച് അറിയുന്നതിനാണ് ഇദ്ദേഹത്തോട് ഹാജരാകാൻ ആവശ്യപ്പെട്ടത്.

ഒരു നിർമാതാവിൽനിന്നാണ് ഹാരിസിന് ഷംനയുടെ ഫോൺ നമ്പർ ലഭിച്ചത് എന്നാണ് ആദ്യ ഘട്ടത്തിൽ പൊലീസിനു ലഭിച്ചിരുന്ന വിവരം. നിർമാതാവിൽനിന്നു നടിയുടെ നമ്പർ, താമസിക്കുന്ന വീടിന്റെ വിവരങ്ങൾ തുടങ്ങിയവ പ്രതികൾക്ക് കൈമാറുകയായിരുന്നത്രേ. ഇരകൾക്ക് മോഡലിങ്ങിൽ മികച്ച അവസരങ്ങൾ വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തുന്നതിന് സഹായിച്ചത് ഇടുക്കി സ്വദേശിനിയായ യുവതിയാണെന്ന് നേരത്തെ ചിലർ വെളിപ്പെടുത്തിയിരുന്നു.

ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇവർ കൂടി പിടിയിലായാൽ തട്ടിപ്പിന്റെ യഥാർഥ വ്യാപ്തിയും എത്ര ആളുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്നതടക്കമുള്ള കൃത്യമായ വിവരവും ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് എത്ര പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട് എന്ന് വ്യക്തമാകാൻ ഹാരിസിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് എന്തെല്ലാം തട്ടിപ്പുണ്ടെന്ന് അറിയാൻ ഹാരിസിനെ ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് പൊലീസ്.

English Summary: One More Arrest in Shamna Kasim Blackmailing Case, Actor Dharmaja Bolgatti asked to appear before Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com