സാത്താൻകുളത്തു ഒരാഴ്ച മുന്‍പും കസ്റ്റഡി മരണം; മൃതദേഹം വിട്ടുനൽകിയത് പോസ്റ്റ്‌മോര്‍ട്ടം നടത്താതെ

custody-death-tuticorin
SHARE

ചെന്നൈ∙ തൂത്തുക്കുടി സാത്താൻകുളം പൊലീസ് സ്റ്റേഷനില്‍ ഒരാഴ്ച മുന്‍പും കസ്റ്റഡി മരണം. തൂത്തുക്കുടി സ്വദേശി മഹേന്ദ്രന്‍ എന്നയാളാണ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടം നടത്താതെ മൃതദേഹം വിട്ടുനല്‍കുകയും ചെയ്തു. അച്ഛനും മകനും മരിച്ച കേസിലെ അതേ ഉദ്യോഗസ്ഥര്‍ തന്നെയാണ് ആരോപണവിധേയരെന്നതു സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. അന്വേഷണ റിപ്പോര്‍ട്ട് നാളെ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് പരിഗണിക്കും

ദുരൂഹ സാഹചര്യത്തില്‍ അച്ഛനും മകനും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ച കേസ് സിബിഐയ്ക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനി സാമി അറിയിച്ചിരുന്നു. ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതി കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യം അറിയിക്കും. രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം. അതിനിടെ സാത്താന്‍കുളം ഇന്‍സ്പെക്ടറെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.

ജയരാജിനും(62) മകന്‍ ബെനി‍ക്സിനും (32) പരുക്കേറ്റത് സാത്താന്‍കുടി സ്റ്റേഷനില്‍വച്ചാണെന്ന് ഇരുവരെയും ജയിലെത്തിച്ച പൊലീസുകാർ വെളിപ്പെടുത്തിയിരുന്നു. ജയിലില്‍ പ്രവേശിക്കുമ്പോള്‍ ബെനി‍ക്സിന്റെയും ജയരാജിന്റെയും ദേഹത്തു പരുക്കുകളുണ്ടായിരുന്ന് ജയില്‍ റജിസ്റ്ററില്‍ രേഖപെടുത്തിയതിന്റെ തെളിവുകളും പുറത്തുവന്നു.

ലോക്ഡൗണിൽ അനുവദിച്ച സമയം കഴിഞ്ഞും കട തുറന്നതിന് കഴിഞ്ഞ 19നാണ് സാത്താന്‍കുളം സ്വദേശി ജയരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അച്ഛനെ തിരക്കി സ്റ്റേഷനിലെത്തിയ മകൻ ബെനിക്സിനെയും പിടികൂടി. പൊലീസിനെ ആക്രമിച്ചുവെന്നാരോപിച്ചു ഇരുവരെയും കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് ആരോപണം. ഇതു ശരി വയ്ക്കുന്ന വെളിപ്പെടുത്തലാണ് സ്റ്റേഷനിലെ പൊലീസുകാര്‍ ദേശീയ മാധ്യമത്തോടു പങ്കുവച്ചത്. 

സ്റ്റേഷനിലെത്തിച്ച സമയത്ത് പരുക്കില്ലായിരുന്നുവെന്നാണ് ഇരുവരെയും ജയിലെത്തിച്ച രണ്ടു പൊലീസുകാര്‍ പറയുന്നത്. രഹസ്യഭാഗങ്ങളില്‍ കമ്പികൊണ്ടു മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ബെനി‍ക്സിന്റെ പിന്‍ഭാഗം തകര്‍ന്നുവെന്നതും ഇവര്‍ ശരിവയ്ക്കുന്നുണ്ട്.

ജയിലിലേക്കുള്ള യാത്രക്കിടെ രക്തസ്രാവം നിലയ്ക്കാത്തിനെ തുടര്‍ന്ന് പലവട്ടം ഉടുമുണ്ട് മാറ്റിയതും സമ്മതിക്കുന്നു, ജയില്‍ രേഖകളിലും  ബെനി‍ക്സിന്റെ കാലുകള്‍, ഉടുപ്പ് എന്നിവടങ്ങളിൽ പരുക്കും മുഖത്ത് വീക്കവുമുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ജയരാജ് ക്ഷീണിതനാണെന്നും രേഖകളില്‍ ഉണ്ട്. അതേസമയം ഇരുവരെയും കാണാതെയാണ് സാത്താന്‍കുളം മജിസ്ട്രേറ്റ് ഡി. ശരവണന്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഒപ്പിട്ടതെന്നും വ്യക്തമായിട്ടുണ്ട്. 

വീടിന്റെ ബാല്‍ക്കണിയില്‍നിന്ന് നോക്കുക മാത്രമാണ് ജഡ്ജി ചെയ്തെതന്നാണ് മരിച്ചവരുടെ കുടുംബം ആരോപിക്കുന്നത്. റിമാന്‍ഡ് ചെയ്യുമ്പോള്‍ പാലിക്കേണ്ട സുപ്രീം കോടതിയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ച മജിസ്ട്രേറ്റിനെതിരെ നടപടി ആവശ്യപെട്ടു വിരമിച്ച ജഡ്ജിമാര്‍ ഉള്‍പെടെയുള്ളവർ രംഗത്തെത്തി. ശരീരത്തില്‍ പരുക്കുണ്ടായിട്ടും ചികില്‍സ നല്‍കാതിരുന്ന ജയില്‍ അധികൃതരും ഗുരതര വീഴ്ചയാണ് വരുത്തിയതെന്നു വ്യക്തമായി. 22–ാം തീയതി ജയിലില്‍ എത്തിച്ചു മണിക്കൂറുകള്‍ക്കം ഇരുവരും മരണപ്പെടുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ശരീരങ്ങളിലുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.

English Summary: Two weeks ago, several alleged torture by same Tamil Nadu police officers, 1 died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA