ADVERTISEMENT

കൊച്ചി∙ നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ചെന്ന കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഷംന ഇന്നു കൊച്ചിയിലെത്തും. ക്വാറന്റീനില്‍ ആയിരിക്കും എന്നതിനാല്‍ ഓൺലൈൻ വഴി ഷംനയുടെ മൊഴി രേഖപ്പെടുത്താനാണു തീരുമാനം. അറസ്റ്റിലായ പ്രതികളുമായുള്ള തെളിവെടുപ്പും ഇന്നുണ്ടാവും. പ്രതികള്‍ക്കെതിരെ മൂന്ന് കേസുകൾ കൂടി ചുമത്തി. പെണ്‍കുട്ടികളെ പൂട്ടിയിട്ട് സ്വര്‍ണവും പണവും തട്ടിയെടുത്തതിനാണ് കേസ് .

ആൾമാറാട്ടം നടത്തി വിവാഹ അഭ്യർഥനയുമായി സമീപിച്ചു, ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു തുടങ്ങി ഷംന കാസിം നൽകിയ പരാതിയിൽ അന്വേഷണം ഊർജിതമാണ്. മുഖ്യപ്രതി ഷരീഫ് അടക്കം ഏഴുപേർ ഇതുവരെ പിടിയിലായി. അതിനിടയിലാണ് പരാതികാരിയായ ഷംന ഇന്ന് ഹൈദരാബാദിൽ നിന്ന് കൊച്ചിയിൽ എത്തുന്നത്. കോവിഡ് സാഹചര്യം പരിഗണിച്ച് ഷംനയുടെ മൊഴി വിഡിയോ കോൺഫറൻസിങ്ങിലൂടെ രേഖപ്പെടുത്താനാണ് തീരുമാനം. കേസിൽ സിനിമാ മേഖലയിൽ നിന്ന് ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കം ചോദിച്ചറിയും.

റഫീഖ്, മുഹമ്മദ്‌ ഷരീഫ് തുടങ്ങി പൊലീസ് കസ്റ്റഡിയിൽ തുടർന്ന പ്രതികളുമായി ഇന്ന് തെളിവെടുപ്പും ഉണ്ടായേക്കും. പ്രതികളെ ഷംനയുടെ മരടിലെ വീട്ടിലെത്തിക്കും. സംഭവത്തിൽ ഉൾപ്പെട്ട കേസിലെ പ്രധാന പ്രതിയായ ഷരീഫിന്റെ, സിനിമയിൽ മേക്കപ് ആർട്ടിസ്റ്റായ ബന്ധുവിനെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇയാളാണു ഷംനയ്ക്ക് വിവാഹ ആലോചന കൊണ്ടുവന്നതെന്നാണ് പൊലീസിന്റെ നിഗമനം.

കേസിലെ മറ്റൊരു പ്രധാന പ്രതിയായ റഫീഖിന്റെ സുഹൃത്തും ഇടുക്കി സ്വദേശിനിയുമായ യുവതിയെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇവരാണു മോഡലുകൾക്ക് വാഗ്ദാനം നൽകി പാലക്കാട്ടും വടക്കഞ്ചേരിയിലും എത്തിച്ചതെന്നു പരാതിക്കാരിൽ ഒരാളുടെ മൊഴിയുണ്ട്. കൂടാതെ ഷംനയുമായും ഇവർ ഫോണിൽ സംസാരിച്ചിരുന്നു. ഇവർ സിനിമ–സീരിയൽ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയാണ്. തട്ടിപ്പിനിരയായ ഇടുക്കി സ്വദേശിനിയെയും പൊലീസ് തിരയുന്നുണ്ട്.

ഷംന കാസിം, പാലക്കാട്ടെ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട 8 യുവതികൾ എന്നിവർക്കു പുറമേ തട്ടിപ്പിനിരയായവരിൽ 14 യുവതികളെ ഇതിനകം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നഷ്ടപ്പെട്ട സ്വർണവും പണവുമൊക്കെ വീണ്ടെടുത്തു തരാമെന്നു പൊലീസ് ഉറപ്പു നൽകുന്നുണ്ടെങ്കിലും വിവാദം ഭയന്ന് പലരും പരാതി നൽകാൻ തയാറായിട്ടില്ല. 5 പുതിയ പരാതികളാണ് ഞായറാഴ്ച ലഭിച്ചത്.

അതേസമയം, തട്ടിപ്പിനിരയായവരുടെ വിവരങ്ങൾ ഓരോരുത്തരും പൊലീസിനു കൈമാറുന്നുണ്ട്. ഇവന്റ് മാനേജ്മെന്റ്, ആങ്കറിങ് മേഖലകളിലെ തുടക്കക്കാരായ മോഡലുകളാണു ഇവരിൽ ഏറെയും. ഇവരുടെ വാട്സാപ് ഗ്രൂപ്പുകൾ വഴിയാണു തട്ടിപ്പു സംഘം പലരെയും ഇരകളാക്കിയത്.

8 യുവതികളെ സംഘം മാർച്ചിൽ പാലക്കാട്ടെ ഹോട്ടൽ മുറിയിൽ അടച്ചിട്ടു ഭീഷണിപ്പെടുത്തിയെന്നാണ് ഇരയായ ഒരു യുവതി വെളിപ്പെടുത്തിയിരുന്നത്. ജനുവരിയിൽ ഇതേ രീതിയിൽ വടക്കഞ്ചേരി, പാലക്കാട്, ചാലക്കുടി, പെരുമ്പാവൂർ എന്നിവിടങ്ങളിൽ താമസിപ്പിച്ചതായി പൊലീസിനു പരാതി ലഭിച്ചിട്ടുണ്ട്. സംഘത്തിനെതിരെ എളമക്കര പൊലീസിൽ ലഭിച്ച പരാതിയിൽ കേസെടുത്തു. 70,000 രൂപ, 2 പവൻ ആഭരണം എന്നിവ കവർന്നതായാണ് ഇടപ്പള്ളി സ്വദേശിനിയുടെ പരാതി.

പണം തട്ടിപ്പാണു സംഘത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് ഇതുവരെയുള്ള വിവരമെന്നു ഡിസിപി ജി. പൂങ്കുഴലി പറഞ്ഞു. ‘ വിവിധ സ്റ്റേഷനുകളിലായി ഷംനയുടെതടക്കം 6 കേസുകളാണു സംഘത്തിനെതിരെ ഇതുവരെ റജിസ്റ്റർ ചെയ്തത്. 7 പ്രതികൾ അറസ്റ്റിലായി. 2 പ്രതികളെക്കൂടി പിടിക്കാനുണ്ട്. കൂടുതൽ ഇരകളുടെ മൊഴി എടുക്കുന്നതോടെ, േവറെയും പ്രതികളുണ്ടാകാനുള്ള സാധ്യതയുണ്ട്. ’ ഡിസിപി അറിയിച്ചു.

English Summary: Shamna Kasim Blackmailing Case: Three More Cases Against Accuses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com