ADVERTISEMENT

തിരുവനന്തപുരം ∙ ജോസ് കെ.മാണി പക്ഷത്തെ യുഡിഎഫിൽനിന്ന് ഒഴിവാക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കുന്നതു സംബന്ധിച്ചു ജോസഫ് വിഭാഗവുമായി ഉണ്ടായിരുന്ന ധാരണ പാലിക്കണമെന്ന യുഡിഎഫ് നിർദേശം തള്ളിയതിനെത്തുടര്‍ന്നാണു മുന്നണി കടുത്ത തീരുമാനത്തിലേക്കു കടന്നത്. പലതവണ ചർച്ച നടത്തിയിട്ടും സമയം നൽകിയിട്ടും സഹകരിക്കാത്തതുകൊണ്ടാണു തീരുമാനമെന്നു യുഡിഎഫ് നേതൃത്വം പറഞ്ഞു.

ജോസ് കെ.മാണി വിഭാഗത്തിനു യുഡിഎഫിൽ തുടരാൻ അർഹതയില്ലെന്നു കൺവീനർ ബെന്നി ബഹനാൻ പറഞ്ഞു. ഒഴിവു വന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇരുവിഭാഗം കേരള കോണ്‍ഗ്രസുകളും അവകാശവാദം ഉന്നയിച്ചു. അതേതുടര്‍ന്നു യുഡിഎഫ് നേതൃത്വം ഇരുവിഭാഗങ്ങളുമായി ചര്‍ച്ച ചെയ്ത് ധാരണയുണ്ടാക്കി. ഇതുപ്രകാരം 8 മാസം ജോസ് കെ.മാണി വിഭാഗത്തിനും 6 മാസം പി.ജെ.ജോസഫ് വിഭാഗത്തിനും നല്‍കാന്‍ തീരുമാനിച്ചു.

ജില്ലാ പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇക്കാര്യം കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പിനോടു പ്രഖ്യാപിക്കാന്‍ യുഡിഎഫ് ചെയര്‍മാന്‍ ആവശ്യപ്പെട്ടു. 8 മാസ കാലാവധി കഴിഞ്ഞിട്ടും ജോസ് വിഭാഗം രാജിവച്ചില്ല. അതേത്തുടര്‍ന്നു ചര്‍ച്ചകള്‍ക്കായി പി.കെ.കുഞ്ഞാലിക്കുട്ടിയെ യുഡിഎഫ് ചുമതലപ്പെടുത്തി. പലവട്ടം ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, ബെന്നി ബഹനാന്‍ മറ്റു ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ ഇരുവിഭാഗവുമായി ചര്‍ച്ച നടത്തി.

jose-k-mani

എന്നാല്‍, ജോസ് വിഭാഗം രാജിവ‌ച്ചില്ല. യുഡിഎഫ് സംസ്ഥാന നേതൃത്വം ഉണ്ടാക്കിയ ധാരണ ഇല്ലാത്തതാണെന്നു പരസ്യമായ നിലപാട് എടുത്തു. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിനു യുഡിഎഫില്‍ തുടരാനുള്ള അര്‍ഹതയില്ല. യുഡിഎഫ് യോഗങ്ങളില്‍നിന്നും അവരെ മാറ്റി നിര്‍ത്താനും തീരുമാനിച്ചു. യുഡിഎഫിന്റെ അടുത്ത യോഗം ജൂലൈ ഒന്നിനു വിഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കും. ജോസ് കെ.മാണി വിഭാഗത്തെ യോഗത്തിലേക്കു വിളിക്കില്ലെന്നും ബെന്നി ബഹനാൻ പറഞ്ഞു

‌ജോസഫിന്റെ സമ്മർദത്തിന് യുഡിഎഫ് വഴങ്ങിയെന്നു ജോസ് വിഭാഗം നേതാക്കൾ ആരോപിച്ചു. ജോസ് കെ.മാണി വിഭാഗത്തെ മുന്നണി യോഗത്തിൽ പങ്കെടുപ്പിക്കില്ലെന്നും സമയം നൽകിയിട്ടും ധാരണ അംഗീകരിക്കാൻ ജോസ് വിഭാഗം തയാറായില്ലെന്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി. ജോസ് പക്ഷത്തെ സെബാസ്റ്റ്യൻ കുളത്തുങ്കൽ മുന്നണി ധാരണ അനുസരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാത്തതാണു യുഡിഎഫ് നടപടിക്കിടയാക്കിയത്. എട്ടുമാസം ജോസ് പക്ഷവും ആറു മാസം ജോസഫ് പക്ഷവും എന്നതായിരുന്നു നിലപാട്.

pj-joseph-jose-k-mani

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി സംബന്ധിച്ച് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ധാരണ അടിച്ചേൽപ്പിക്കാൻ നോക്കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു കേരള കോൺഗ്രസ് എം (ജോസ് വിഭാഗം) നിലപാട്. അംഗീകരിക്കാത്ത നിർദേശത്തെ ധാരണ എന്നു പറയാൻ കഴിയില്ല. തങ്ങൾ പങ്കാളിയായ ഉഭയകക്ഷി ചർച്ചയിലും പദവി പങ്കുവയ്ക്കുന്നതു സംബന്ധിച്ച് തീരുമാനമുണ്ടായിട്ടില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് യുഡിഎഫ് നേതൃത്വം നടത്തിയ ചര്‍ച്ചയിൽ പ്രസിഡന്റ് പദവി സംബന്ധിച്ച് ജോസഫ് വിഭാഗം മുന്നോട്ടുവച്ച അവകാശവാദങ്ങള്‍ തള്ളിയതാണ്.

ഒറ്റ രാത്രികൊണ്ട് കാലുമാറിയ ആൾക്കു പാരിതോഷികമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി നൽകാനാകില്ലെന്നും ജോസ് വിഭാഗം വ്യക്തമാക്കിയിരുന്നു. ജോസ് കെ.മാണി വിഭാഗം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാത്ത സാഹചര്യത്തിൽ ഏതു നിമിഷവും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന നിലപാടിലായിരുന്നു പി.ജെ.ജോസഫ്. കോൺഗ്രസും മുസ്‍ലിം ലീഗും ഇക്കാര്യത്തിൽ ഉറപ്പു നൽകിയിരുന്നെന്നും യുഡിഎഫിന്റെ കൂടി അഭിപ്രായത്തെത്തുടർന്നാണ് ഈ തീരുമാനമെന്നും ജോസഫ് പറഞ്ഞിരുന്നു.

Content Highlights: Kerala Congress M, PJ Joseph, Jose K Mani, UDF, Indian National Congress, Kottayam District Panchyath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com