ADVERTISEMENT

കൊച്ചി ∙ യുഡിഎഫിൽ നിന്ന് പുറത്താക്കപ്പെട്ട കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ കാത്തിരിക്കുന്നത് രാഷ്ട്രീയ നിലനിൽപ്പിന്റെ അഗ്നിപരീക്ഷണം. ‘പിളരുംതോറും വളരു’മെന്ന പാർട്ടി ലീഡർ കെ.എം.മാണിയുടെ ആപ്തവാക്യം മുന്നിലുണ്ടെങ്കിലും മകൻ ജോസ് കെ.മാണിയുടെ രാഷ്ട്രീയഭാവി കൂടിയാണ് ഈ പിളർപ്പിൽ ത്രാസിലേറുന്നത്. പുത്തൻ രാഷ്ട്രീയ പരീക്ഷണത്തിൽ ജോസ് കെ.മാണി ചേക്കേറുക എൽഡിഎഫിനൊപ്പമോ എൻഡിഎയ്ക്കൊപ്പമോ എന്ന ചോദ്യത്തിനുത്തരമാണു രാഷ്ട്രീയകേരളം കാത്തിരിക്കുന്നതും.

കെ.എം.മാണി ജീവിച്ചിരിക്കുന്ന കാലത്തായാലും പിന്നീടാണെങ്കിലും ഇടതു മുന്നണിയിലേയ്ക്ക് പോകുന്നതിന്റെ സൂചന പലപ്രാവശ്യം നൽകിയിട്ടും കടുത്ത തീരുമാനങ്ങളൊന്നും യുഡിഎഫിൽ ഉണ്ടായിരുന്നില്ല. സിപിഎമ്മാണെങ്കിൽ ഇടതു മുന്നണിയിലേയ്ക്ക് കേരള കോൺഗ്രസിനെ സ്വീകരിക്കുന്നതിനുള്ള താൽപര്യം നേരത്തെ പ്രകടിപ്പിച്ചിരുന്നു. എന്നിരുന്നാലും ക്ഷണത്തോടെ ഇടതു മുന്നണിയിലേയ്ക്ക് ചെല്ലുന്നതും ഇറക്കിവിട്ടപ്പോൾ ചോദിച്ചു കയറി ചെല്ലുന്നതും തമ്മിലുള്ള വ്യത്യാസം ജോസ് കെ.മാണി വിഭാഗത്തിന് നേരിടേണ്ടി വരുമെന്നതിൽ തർക്കമില്ല. പുതിയ സാഹചര്യത്തിൽ ജോസ് ഗ്രൂപ്പിന് ഇടതു മുന്നണിയിൽ വിലപേശലുകൾക്കുള്ള അവസരം പോലും ഇല്ലാതാക്കിയാണ് യുഡിഎഫിൽ നിന്നുള്ള ഈ പുറത്താക്കൽ.

തിരിച്ചെടുക്കാൻ ചർച്ചകൾക്ക് അവസരമുണ്ടെന്ന് യുഡിഎഫ് വ്യക്തമാക്കുമ്പോഴും ഇടതുമുന്നണി തന്നെയാകും ജോസ് വിഭാഗത്തിന് മുന്നിൽ വരുന്ന ആദ്യലക്ഷ്യം. എന്നാൽ വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുൻപ് ഇടതു മുന്നണിയിലെത്തുക എളുപ്പമല്ല. മുന്നണി വികസനത്തിനെതിരായ സിപിഐയുടെ പരസ്യനിലപാട് മാറിയിട്ടില്ല. ആർക്കും വന്നുകയറാവുന്ന ഇടമല്ല എൽഡിഎഫ് എന്ന് പുതിയ പിളർപ്പിന് തൊട്ടുപിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണവും ശ്രദ്ധേയം. മുന്നണിക്ക് ആക്ഷേപമാകുന്ന കൂട്ടുകെട്ടുകളിലേയ്ക്ക് പോകില്ലെന്നും അദ്ദേഹം ശങ്കയില്ലാതെ പറഞ്ഞു. അവസരവാദ സമീപനത്തിന്റെ പേരിൽ ആരെയും മുന്നണിയിൽ എടുക്കില്ലെന്ന് സിപിഎം നേതാവ് എം.വി.ഗോവിന്ദന്റെ നിലപാടും ഇതോടൊപ്പം ചേർത്തുവായിക്കണം.

jose-k-mani-press-meet

എൽഡിഎഫിന് ഇക്കാര്യത്തിൽ നിലപാടെടുക്കാൻ സമയമായിട്ടില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്. കാര്യങ്ങൾ കലങ്ങിത്തെളിഞ്ഞു കഴിയുമ്പോൾ തീരുമാനിക്കും എന്നാണ് സിപിഎം പറയുന്നത്. ജോസ് കെ.മാണിയുമായി ബന്ധമുണ്ടാക്കിയാൽ നിയമസഭയിൽ പൂഞ്ഞാർ, പാലാ, കടുത്തുരുത്തി, ഇടുക്കി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങൾ ഉറപ്പാക്കാമെന്ന വിലയിരുത്തൽ ചില പ്രാദേശിക സിപിഎം നേതാക്കൾക്കുണ്ട്. എന്നാൽ സിപിഐയെക്കൂടി അനുനയിപ്പിച്ച് സിപിഎം നേതൃത്വത്തിന് അതിനാകുമോ എന്നതാണ് സംശയം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കുന്ന സാഹചര്യത്തിൽ സീറ്റു വിഭജനത്തിലുൾപ്പടെ അവകാശത്തർക്കങ്ങൾക്കുള്ള  സാധ്യതയും തള്ളിക്കളയാനാകില്ല.

‘രാഷ്ട്രീയത്തിൽ എല്ലാം എല്ലാക്കാലത്തേക്കുമല്ല. പ്രശ്നങ്ങളുണ്ടാവുമ്പോൾ സാഹചര്യത്തിനനുസരിച്ചാണ് നിലപാട് വരുന്നത്. അവർ ആദ്യം നിലപാട് വ്യക്തമാക്കട്ടെ. സാഹചര്യമനുസരിച്ചു തീരുമാനിക്കാം. അവർക്ക് എൽഡിഎഫിലേക്ക് വരാനുള്ള യോഗ്യതയുണ്ടോ എന്നതു പ്രത്യേക ഘട്ടത്തിൽ ആലോചിക്കേണ്ട കാര്യമാണ്. ഇപ്പോൾ ആ ഘട്ടം ആയിട്ടില്ല. ഇപ്പോൾ അത് യുഡിഎഫിന്റെ ആഭ്യന്തര കാര്യമാണ്. മറ്റു കാര്യങ്ങൾ തുറന്നു വരേണ്ടതുണ്ട്.’– എന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത് ജോസ് കെ.മാണി വിഭാഗത്തിനു പ്രതീക്ഷ പകരുന്നതാണ്.

പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ജോസിനെ ഒപ്പംകൂട്ടാമെന്ന സൂചന നൽകുന്ന പ്രസ്താവനയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റേത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങൾ അംഗീകരിക്കുന്ന ആരെയും സ്വാഗതം ചെയ്യുമെന്നാണ് സുരേന്ദ്രന്റെ പ്രതികരണം. പിളർപ്പിനിടയിലും രണ്ടു എംപിമാരുടെ സാന്നിധ്യം – തോമസ് ചാഴിക്കാടൻ ലോക്സഭയിൽ, ജോസ് കെ മാണി രാജ്യസഭയിൽ – ഉള്ളതിനാൽ കേന്ദ്രത്തിൽ ഒരു മന്ത്രിസ്ഥാനം പോലും ഉറപ്പിക്കാൻ ജോസിനാകും. കേന്ദ്രത്തിൽ തലയുയർത്താമെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിൽ വേരുറപ്പിക്കാൻ ആ നീക്കത്തിലൂടെ കഴിയുമോ എന്നതു കണ്ടറിയേണ്ടതുണ്ട്. ബിജെപി ബാന്ധവം ഉണ്ടായാൽ അണികളെ കൂടി വിശ്വാസത്തിലെടുക്കാനാകും വിധം ജോസിന് അത് താഴെത്തട്ടിലെത്തിക്കാനാകുമോ എന്നതും ചിന്തിക്കേണ്ട വിഷയം. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം നിലകൊള്ളാൻ ജോസ് പക്ഷത്തെ എത്ര നേതാക്കൾക്ക് ആകുമെന്നതും സംശയം.

ഒരു തരത്തിലും ഒരു മുന്നണി എന്ന നിലയിൽ ഒരുമിച്ചു പോകാൻ സാധിക്കാത്തതാണ് കോൺഗ്രസിനെ കടുത്തൊരു തീരുമാനത്തിലെത്തിച്ചത് എന്നു വേണം കരുതാൻ. എല്ലാ തിരഞ്ഞെടുപ്പുകളിലും കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ പിന്തുണ യുഡിഎഫിന് നിരവധി വിജയങ്ങൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് യുഡിഎഫിൽ തീരുമാനമുണ്ടായിരുന്നെന്ന് എല്ലാ ഘടകകക്ഷികളും ജോസഫും പറയുമ്പോഴും ജോസ് കെ.മാണി മാത്രമാണ് അത്തരത്തിൽ ഒരു തീരുമാനം ഉണ്ടായിരുന്നില്ലെന്ന് വാദിക്കുന്നത്. ഇത് എത്രത്തോളം വസ്തുതയുള്ളതാണെന്ന കാര്യത്തിലും സംശയമുയരുന്നു. മുന്നണി അത്തരത്തിൽ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതിനെ അംഗീകരിക്കാതെ ഒരു ഘടകകക്ഷിയുമായി മുന്നോട്ടു പോകുക ഒരു സംവിധാനമെന്ന നിലയിൽ യുഡിഎഫിനും സാധിക്കില്ല. ഈ സാഹചര്യത്തിലാണ് യുഡിഎഫ് ജോസ് കെ.മാണിയെ പുറത്താക്കിയിരിക്കുന്നത്. 

ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന്റെ പേരിലാണ് തീരുമാനമെങ്കിലും നേരത്തെ മുന്നണിയിൽ ജോസ് വിഭാഗം സ്വീകരിച്ചിരുന്ന നിലപാടുകളും ഈ തീരുമാനത്തിന് കാരണമായിട്ടുണ്ടെന്നു വേണം കരുതാൻ. ചെയർമാൻ പദവി ഏറ്റെടുക്കേണ്ടി വന്ന സാഹചര്യം മുതൽ കൂടുതൽ ഔന്നത്യത്തിൽ പാർട്ടിയെ നയിക്കാൻ ജോസ് കെ. മാണിയുടെ ഭാഗത്ത് ശ്രമമുണ്ടായെങ്കിലും പല വിഷയങ്ങളിലായി പി.ജെ.ജോസഫുമായി ഇടയേണ്ടി വന്നു. ഇരുകൂട്ടരും രണ്ട് ചേരികളായി മാറി തർക്കങ്ങളും വാദങ്ങളും ഉയർത്തിയത് യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്നുണ്ടായിരുന്നു. യുഡിഎഫിലെ കേരള കോൺഗ്രസ് ആരെന്ന തർക്കമായിരുന്നു പിന്നെ കണ്ടത്. ഇത് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നമില്ലാതെ മൽസരിച്ച് തോൽക്കുന്നതിൽ വരെ കാര്യങ്ങളെ എത്തിച്ചു. 

Jose K. Mani, P.J. Joseph

പാർലമെന്റ് തിരഞ്ഞെടുപ്പു സമയത്ത് ഉരുത്തിരിഞ്ഞ ചില രാഷ്ട്രീയ സാഹചര്യങ്ങളിൽ മുന്നണി വിടുമെന്ന സൂചന അനൗദ്യോഗികമായി പുറത്തു വന്നതുമെല്ലാം ജോസ് കെ. മാണിക്ക് തിരിച്ചടിയായെന്നാണ് സൂചന. എല്ലായ്പോഴും കേരള കോൺഗ്രസ് മുന്നണി വിടുമെന്ന സൂചന നൽകുമ്പോൾ ഇടനിലയ്ക്കെത്തുന്ന പി.കെ.കുഞ്ഞാലിക്കുട്ടി പോലും പുതിയ സാഹചര്യത്തിൽ ജോസ് കെ.മാണിയെ പിന്തുണയ്ക്കാനെത്തിയില്ല. യുഡിഎഫ് തീരുമാനമെന്നാൽ മുസ്‍ലിം ലീഗിന്റെ കൂടി തീരുമാനമാണ് എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. യുഡിഎഫ് കൃത്യമായി ആലോചിച്ചെടുത്ത തീരുമാനമാണ് മൂന്നര പതിറ്റാണ്ടിലേറെ നീണ്ട ഈ ബന്ധം അവസാനിപ്പിക്കൽ എന്നു വേണം ഇതിലൂടെ മനസിലാക്കാൻ. 

ഇടതു മുന്നണി രൂപീകരണത്തിന്റെ ആദ്യ ഘട്ടത്തിൽ എ.കെ.ആന്റണിയുടെ കോൺഗ്രസും (യു) കേരള കോൺഗ്രസ് മാണി വിഭാഗവുമെല്ലാം ഇടത് പാളയത്തിലായിരുന്നു. പിന്നീട് പാർട്ടിക്ക് ഇടതു മുന്നണിയിൽ നിൽക്കുന്നതിനേക്കാൾ രാഷ്ട്രീയമായും അല്ലാതെയും നേട്ടം യുഡിഎഫിൽ ആണെന്നു തിരിച്ചറിഞ്ഞാണ് കെ.എം.മാണി യുഡിഎഫിലെത്തിയത്. എൽഡിഎഫിലേക്കു ചേക്കേറിയാൽ തന്നെ കരുത്തനായ കെ.എം.മാണിക്ക് എൽഡിഎഫിൽ ലഭിക്കാതിരുന്ന സ്വാധീനം ജോസ് കെ.മാണിക്ക് എത്രത്തോളം ലഭിക്കും എന്നതും കണ്ടു തന്നെ അറിയേണ്ടി വരും. 

Content Highlights: Jose K Mani, P J Joseph, Kerala Congress, Kerala Politics, LDF, UDF, NDA, CPM, CPI, BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com