പൊലീസിനെ ആക്രമിച്ചില്ല, എഫ്ഐആറിലെ വാദങ്ങൾ കളവ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

tuticorin-custodial-death-cctv
SHARE

ചെന്നൈ∙ തൂത്തുക്കുടി സാത്താൻകുളത്ത് മൊബൈൽ കട നടത്തിയിരുന്ന ജയരാജ് (59), മകൻ ബെനിക്സ് (31) എന്നിവർ കോവിൽപെട്ടി സബ് ജയിലിൽ കസ്റ്റഡിയിലിരിക്കെ െകാല്ലപ്പെട്ട സംഭവത്തിൽ എഫ്ഐആറിലെ വാദങ്ങളെല്ലാം കളവാണെന്നു തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. ജൂൺ 18 വ്യാഴാഴ്ച രാത്രി 8.15 ന് ലോക്ഡൗൺ മാർഗനിർദേശമനുസരിച്ച് കട അടയ്ക്കാൻ ആവശ്യപ്പെട്ട പൊലീസുകാരെ ആക്രമിച്ചതിനാലാണ് ജയരാജിനെ കസ്റ്റഡിയിൽ എടുത്തെന്നായിരുന്നു എഫ്ഐആറിലെ പരാമർശം. 

എന്നാല്‍ ഇവരുടെ കടയുടെ സമീപത്തെ സിസിടിവിയില്‍  പതിഞ്ഞ ദൃശ്യങ്ങള്‍ പൊലീസ് വാദത്തെ പൊളിക്കുന്നതാണ്. ശാന്തനായി പൊലീസുകാരനോടൊപ്പം ജീപ്പില്‍ കയറിപോകുന്ന ജയരാജിനെയും സ്കൂട്ടറില്‍ ജീപ്പിനെ പിന്തുടരുന്ന ബെനിക്സിനെയുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

രാത്രി എട്ടുമണിക്കു ശേഷമാണ് ജയരാജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയതെങ്കിൽ സിസിടിവി ദൃശ്യങ്ങളിൽ അത് രാത്രി ഏഴുമണിയാണ്. കസ്റ്റഡിയിൽ എടുക്കുമ്പോൾ ജയരാജ് ആക്രമണം അഴിച്ചു വിട്ടുവെന്നും കടയുടെ മുന്നിൽ വൻജനക്കൂട്ടം തമ്പടിച്ചുവെന്ന പൊലീസ് വാദവും കളവെന്നു തെളിഞ്ഞു. പ്രതികൾക്കേറ്റ പരുക്കുകൾ അറസ്റ്റ് പ്രതിരോധിക്കാനായി നിലത്തു കിടന്ന് ഉരുണ്ടപ്പോൾ പറ്റിയതാണെന്നും പൊലീസ് പറഞ്ഞിരുന്നു. എന്നാൽ യാതൊരു തരത്തിലുള്ള സംഘർഷവും അവിടെ നടന്നില്ലെന്നും ദൃശ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. 

സംഭവത്തിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ ക്രിമിനൽ പശ്ചാത്തലവും പുറത്തു വന്നു. സസ്പെന്‍ഷനിലായ ഇന്‍സ്പെക്ടര്‍ ശ്രീധര്‍ സഹോദരന്റെ മരുമകളെ കൊല്ലാന്‍ശ്രമിച്ച കേസിലെ പ്രതിയാണ്. സ്ത്രീധന തര്‍ക്കത്തെ തുടര്‍ന്ന് വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചെന്നാണ് കേസ്. എസ്ഐമാരായ ബാലകൃഷ്ണനും രഘുവും സാത്താന്‍കുളത്തിന് സമീപം മതപ്രചാരണം നടത്തിയ പാസ്റ്റര്‍മാരെ മര്‍ദ്ദിച്ച കേസിൽ പ്രതിക്കൂട്ടിലായിരുന്നു. സംഭവം തമിഴ്നാട്ടിൽ വൻ പ്രതിഷേധത്തിനു ഇടയാക്കുകയും ചെയ്തിരുന്നു. 

സാത്താൻകുളം പൊലീസ് സ്റ്റേഷനില്‍ ആഴ്ചകൾക്കു മുൻപ് മറ്റൊരു കസ്റ്റഡി മരണമുണ്ടായെന്ന വാർത്തകളും പുറത്തു വന്നിരുന്നു. തൂത്തുക്കുടി സ്വദേശി മഹേന്ദ്രന്‍ എന്നയാളാണ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടം നടത്താതെ മൃതദേഹം വിട്ടുനല്‍കുകയും ചെയ്തു. അച്ഛനും മകനും മരിച്ച കേസിലെ അതേ ഉദ്യോഗസ്ഥര്‍ തന്നെയാണ് ആരോപണവിധേയരെന്നതു സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

അതേസമയം അന്വേഷണം സിബിഐയ്ക്ക് വിട്ട് തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിറക്കി. കേസ് സിബിഐയ്ക്ക് കൈമാറാന്‍ കോടതിയുടെ അനുമതി ആവശ്യമില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പറഞ്ഞിരുന്നു. കേസ് ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ തീരുമാനം. പീഡനം നടന്ന സാത്താന്‍കുളം പൊലീസ് സ്റ്റേഷന്‍ ഭരണം ഇന്നലെ റവന്യു ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തിരുന്നു 

English Summary: What really happened outside Jayaraj and Bennix's shop - CCTV footage reveals shocking details

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA