sections
MORE

ഇന്ത്യയുടെ ‘ഡിജിറ്റൽ സ്ട്രൈക്ക്’ ; ചൈനീസ് ആപ്പുകള്‍ ഡിലീറ്റ് ചെയ്യണോ, ഇല്ലെങ്കിലെന്ത്?

tiktok-chinese-apps
SHARE

ന്യൂഡൽഹി ∙ അതിർത്തി സംഘർഷത്തെ തുടർന്നു ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന രാജ്യത്തെ മുറവിളികൾക്കു പിന്നാലെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ച് ഇന്ത്യയുടെ ‘ഡിജിറ്റൽ സ്ട്രൈക്ക്’. നിരവധി ഉപഭോക്താക്കളുള്ള ടിക്ടോക്, യുസി ബ്രൗസർ, എക്സെൻഡർ‌, ഷെയർഇറ്റ് ഉൾപ്പെടെയുള്ളവയാണ് നിരോധിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്നുവെന്ന വിലയിരുത്തലിലാണ് നടപടി.

ഡേറ്റ സുരക്ഷയും പൗരൻമാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും കണക്കിലെടുത്തു വിവര സാങ്കേതികവിദ്യാ നിയമത്തിലെ 69എ വകുപ്പുപ്രകാരമാണ് നിരോധനം. എന്നാൽ നിരോധനം ഏർപ്പെടുത്തിയെന്ന് പറയുമ്പോഴും ഇതു നടപ്പിലാക്കുന്നത് സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്നു. നിരോധിച്ച ആപ്പുകൾ നിലവിൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നവർക്ക് തുടർന്നും ഉപയോഗിക്കാൻ സാധിക്കുമോ? ഇവ ഡീലീറ്റ് ചെയ്യണോ? തുടങ്ങിയ സംശയങ്ങൾ നിലനിൽക്കുന്നു.

ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ ഉപയോഗിക്കാമോ?

കേന്ദ്ര സർക്കാരിന്റെ നിരോധന ഉത്തരവ് ഗൂഗിളിന്റെ കീഴിലുള്ള പ്ലേസ്റ്റോറിനും ആപ്പിളിനു കീഴിലുള്ള ആപ് സ്റ്റോറിനും ലഭിക്കുന്നതോടെ ആപ്പുകൾ ഇവയിൽ ബ്ലോക്ക് ചെയ്യും. പിന്നീട് ഇന്ത്യയിൽ നിന്ന് ഈ ആപ്പുകൾ ഡൗൺല‍ോഡ് ചെയ്യാൻ സാധിക്കില്ല. ഈ ആപ്പുകളിലേക്കുള്ള‍ ഡേറ്റ ട്രാഫിക് നിർത്തുന്നതിനായി ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരെയും (ഐഎസ്പി), ടെലികോം സർവീസ് പ്രൊവൈഡർമാരെയും (ടിഎസ്പി) സമീപിച്ചിട്ടുണ്ടെന്നാണ് സൂചന. ‍ഡേറ്റ ട്രാഫിക് നിർത്തുന്ന പ്രക്രിയ പൂർത്തിയായാൽ നിലവിൽ ഇന്‍സ്റ്റാൾ ചെയ്തിരിക്കുന്നവയും പ്രവർത്തനരഹിതമാകും.

ആപ്പുകൾ ഡീലീറ്റ് ചെയ്യണോ?

നിരോധിച്ച ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നവർ ഫോണിൽനിന്നു ഡിലീറ്റ് ചെയ്യാതിരിക്കുന്നത് നിയമവിരുദ്ധമല്ല. എന്നാൽ ഇവയ്ക്ക് തുടർ അപ്ഡേറ്റുകളോ ഡവല്‌പർ സപ്പോർട്ടോ ലഭിക്കില്ല. ഡേറ്റ ട്രാഫിക് നിര്‍ത്തുന്നതോടെ ഇന്ത്യൻ‌ നെറ്റ്‌വർക്കുകളിൽ ഈ ആപ്പുകൾ പൂർണമായും പ്രവർത്തനരഹിതമായിരിക്കും. ചൈനീസ് നിർമിത ഫോണായ ഷവോമിയിലെ(എംഐ) പ്രീ–ഇൻസ്റ്റാൾഡ് ആപ്പുകളായ എംഐ കമ്യൂണിറ്റി, എംഐ വിഡിയോ കോൾ തുടങ്ങിയവയും നിരോധിച്ചിട്ടുണ്ട്. ഇവയ്ക്ക് തുടർന്നും ‍ഡവ‌ല്പർ സപ്പോർട്ട് ലഭിച്ചേക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.

നിരോധനം താൽക്കാലികമോ?

കഴിഞ്ഞ വർഷം മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഇന്ത്യയിൽ ടിക് ടോക്കിനെ വിലക്കിയിരുന്നു, എന്നാൽ കോടതി വിലക്ക് ഒഴിവാക്കിയ ഉടൻ ആപ് തിരിച്ചെത്തി. എന്നാൽ ഇപ്പോഴത്തെ കേന്ദ്രനീക്കം കൂടുതൽ‌ തന്ത്രപരമാണ്. ടിക്ടോക് കൂടാതെ 58 ആപ്പുകളെയും നിരോധിച്ചിട്ടുണ്ട്. മാത്രമല്ല തികച്ചും നയതന്ത്രപരമായ തീരുമാനം. ഇന്ത്യയിലെ ചൈനീസ് ബിസിനസുകൾക്കുള്ള മുന്നറിയിപ്പായിട്ടാണ് നീക്കം. അതുകൊണ്ടു തന്നെ നിരോധനം താൽക്കാലികമാകാൻ സാധ്യത വിരളം.

English Summary: Chinese Apps Banned: What Will Happen to Installed Apps Now?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA