11.7 സെക്കൻഡിൽ ശത്രു പൊടിയാകും; ടി–90 ഭീഷ്മ ടാങ്കുകൾ ഗൽവാനിൽ നിരത്തി ഇന്ത്യ

T-90 Bhishma Tanks
ടി–90 ഭീഷ്മ ടാങ്ക്
SHARE

ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിൽ സമാധാനം തിരികെ കൊണ്ടുവരാനുള്ള നടപടികൾ തുടരുന്നതിനിടെ, പ്രശ്നങ്ങൾ കൈവിട്ടുപോയാൽ തിരിച്ചടിക്കാനുള്ള മുന്നൊരുക്കങ്ങളുമായി ഇന്ത്യ. ഗൽവാൻ താഴ്‌വരയുൾപ്പെടുന്ന മേഖലയിൽ മിസൈൽ വിക്ഷേപിക്കാവുന്ന കരുത്തുറ്റ ആറ് ടി–90 ഭീഷ്മ ടാങ്കുകൾ ഇന്ത്യൻ സൈന്യം വിന്യസിച്ചു. ശത്രുവിന്റെ ടാങ്കുകളെ തകർക്കുന്ന മിസൈൽ സംവിധാനവും അതിർത്തിയിൽ സജ്‍ജമാണ്. ശക്തിയിൽ പ്രഹരിക്കാനും ആണവ, ജൈവ, രാസ ആക്രമണങ്ങളെ പ്രതിരോധിക്കാനും ശേഷിയുള്ളതാണ് ഭീഷ്മ ടാങ്കുകൾ.

ഗൽവാൻ നദിക്കരയിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) സായുധ സൈന്യത്തെ വിന്യസിക്കുകയും കൂടുതലായി ടെന്റുകൾ സ്ഥാപിക്കുകയും ചെയ്തെന്ന വിവരത്തെ തുടർന്നാണു ഇന്ത്യയുടെ പടയൊരുക്കം. പരമ്പരാഗത യുദ്ധതന്ത്രത്തിലും സ്ഫോടനാത്മക ആയുധങ്ങൾ പ്രയോഗിക്കുന്നിടത്തും ഒരുപോലെ ഫലപ്രദമാണ് ഈ പോരാളി. 9എം119 റെഫ്ലക്സും (എടി–11 സ്നൈപർ) ടാങ്ക്‌വേധ മിസൈൽ സംവിധാനവുമുള്ള ടി–90യുടെ പ്രഹരപരിധി 100 മുതൽ 4000 മീറ്റർ വരെയാണ്. പരമാവധി ദൂരേക്കു 11.7 സെക്കൻഡ് കൊണ്ട് എത്തിച്ചേർന്നു ശത്രുവിനെ തകർക്കും.

T-90 Bhishma Tank
ടി–90 ഭീഷ്മ ടാങ്കുകൾ

എക്സ്പ്ലോസിവ് റിയാക്ടീവ് ആർമർ (ഇആർഎ) ഘടിപ്പിച്ച ടാങ്കുകളെ ലക്ഷ്യം വയ്ക്കുന്ന ഇവയ്ക്ക് 5 കിലോമീറ്റർ പരിധിയിൽ താഴ്ന്നു പറക്കുന്ന ഹെലികോപ്റ്ററുകളെയും തകർക്കാനാകും. 23.4 കിലോഗ്രാം ആണ് മിസൈലിന്റെ ഭാരം. ഇൻഫ്രാറെഡ് ജാമർ, ലേസർ വാണിങ് സിസ്റ്റം, ഗ്രനേഡ് ഡിസ്ചാർജിങ് സിസ്റ്റം, കംപ്യൂട്ടർ നിയന്ത്രിത സംവിധാനം എന്നിവ ഉൾക്കൊള്ളുന്നതാണിത്. ടാങ്കിലെ ഡ്രൈവർക്കു ടിവിഎൻ–5 ഇൻഫ്രാറെഡ് വഴി രാത്രിക്കാഴ്ചയും സാധ്യമാണ്.

ഓട്ടമാറ്റിക് ആയി പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ഫയർ കൺട്രോൾ സിസ്റ്റത്തെ (ഐഎഫ്സിഎസ്) മാനുവലായി കമാൻഡർക്കു നിയന്ത്രിക്കാനുമാകും. 1600 ലീറ്ററാണ് ഇന്ധനശേഷി. രാജ്യത്തിന്റെ അതിർത്തിയെ സുരക്ഷിതമാക്കാനുള്ള സൈന്യത്തിന്റെ നീക്കങ്ങളുടെ ഭാഗമായി നിർമിച്ചതാണു കരുത്തുറ്റ ടി–90 ഭീഷ്മ ടാങ്കുകൾ. 2022– 2026 കാലയളവിൽ 464 ടാങ്കുകളാണ് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാവുക. 13,488 കോടിയിലേറെ രൂപയാണു ചെലവ്. റഷ്യയിൽനിന്ന് ലൈസൻസ് വാങ്ങാൻ സുരക്ഷാ കാര്യങ്ങൾക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി നേരത്തേ അനുമതി നൽകിയിരുന്നു.

T-90 Bhishma Tank
ടി–90 ഭീഷ്മ ടാങ്കുകൾ

1992ൽ ആണ് ടി–90 ടാങ്കുകൾ റഷ്യൻ സേനയുടെ ഭാഗമായത്. 2001 ഫെബ്രുവരിയിൽ മുന്നൂറിലേറെ ടാങ്കുകൾ വാങ്ങാൻ ഇന്ത്യൻ സൈന്യം കരാറൊപ്പിട്ടു. 124 എണ്ണം റഷ്യയിൽ നിർമിച്ചു. ബാക്കി ഇന്ത്യയിൽ ഭാഗങ്ങൾ കൂട്ടിച്ചേർത്തു സൈന്യത്തിനു കൈമാറും. ആവടിയിലെ ഹെവി വെഹിക്കിൾ ഫാക്ടറിയിൽ (എച്ച്‌വിഎഫ്) ആണ് ബാക്കിയുള്ള ടി–90 ‘ഭീഷ്മ’ ടാങ്കുകൾ നിർമിക്കുന്നത്. 2004ൽ ആദ്യ സെറ്റ് ടാങ്കുകൾ റഷ്യ കൈമാറി. 2009ൽ സൈന്യത്തിന് ഉപയോഗിക്കാൻ അനുവദിച്ചു.

T-90 Bhishma Tank
ടി–90 ഭീഷ്മ ടാങ്ക്

2020ഓടെ 1640 ടി–90 ഭീഷ്മ ടാങ്കുകൾ സൈന്യത്തിനു ലഭ്യമാക്കാനാണു ലക്ഷ്യമെന്നു സേനാവൃത്തങ്ങൾ അറിയിച്ചു. 2019ലെ കണക്കുപ്രകാരം സൈന്യത്തിന്റെ കൈവശം 1070 ടി–90 ടാങ്കുകളും 124 അർജുന്‍, 2400 പഴയ ടി–72 ടാങ്കുകളും ഉണ്ട്. ഇൻ‌ഫൻട്രി കോംപാറ്റ് വാഹനങ്ങളും 155 എംഎം ഹോവിറ്റ്സറുകളും കിഴക്കൻ ലഡാക്കിലെ 1597 കിലോമീറ്റർ നീളമുള്ള യഥാർഥ നിയന്ത്രണരേഖയിൽ വിന്യസിച്ചിട്ടുണ്ട്. ഇതിനൊപ്പം ഛുഷുൽ മേഖലയിൽ രണ്ട് ടാങ്ക് റെജിമെന്റുകളും വിന്യസിച്ചു. സ്പാൻഗുർ ഗ്യാപിലൂടെ ചൈന എന്തെങ്കിലും നീക്കങ്ങൾ നടത്തിയാൽ പ്രതിരോധിക്കാനാണിത്.

leh-mountains-india-china
ലേയ്ക്കു സമീപമുള്ള മലനിരകള്‍ക്കു മുകളിൽ ഇന്ത്യൻ യുദ്ധവിമാനം നിരീക്ഷണപ്പറക്കൽ നടത്തുന്നു.

English Summary: India deploys T-90 tanks in Galwan Valley after China’s aggressive posturing at LAC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA