ADVERTISEMENT

കോട്ടയം∙ യുഡിഎഫില്‍ നിന്ന് പുറത്താക്കപ്പെട്ട കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം മുന്നണിബന്ധങ്ങളില്‍ നിന്ന് തല്‍ക്കാലം അകന്നുനില്‍ക്കും. ചരല്‍ക്കുന്ന് മാതൃകയില്‍ സ്വതന്ത്രനിലപാട് സ്വീകരിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ആലോചന. അന്തിമ തീരുമാനത്തിനായി ചൊവ്വാഴ്ച നിര്‍ണായക സ്റ്റിയറിങ് കമ്മിറ്റി ചേരും.

രണ്ടില ചിഹ്നം ഏതു വിഭാഗത്തിനു ലഭിക്കും എന്നതും നിര്‍ണായകമാണ്. ചിഹ്നത്തിനു വേണ്ടി ഇരുപക്ഷവും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്. രണ്ടില ചിഹ്നം ലഭിക്കുമെന്ന പൂര്‍ണ വിശ്വാസത്തിലാണു ജോസ് കെ മാണി. ചിഹ്നം ലഭിച്ചാല്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ കെ.എം. മാണിയുടെ വിയോഗവും ഇപ്പോഴത്തെ യുഡിഎഫ് അവഗണനയും പ്രചാരണവിഷയങ്ങളാക്കി വിജയം കൊയ്യാനാകുമെന്ന ആത്മവിശ്വാസവും ജോസ് പക്ഷത്തിനുണ്ട്്.

ഏതെങ്കിലും മുന്നണിയില്‍ ഉടന്‍ അഭയം തേടുന്നത് ഗുണകരമാകില്ലെന്ന നിലപാടിലാണ് ജോസ് വിഭാഗം. യുഡിഎഫ് തീരുമാനം അണികളില്‍ ആത്മവിശ്വാസവും വാശിയും വര്‍ധിപ്പിച്ചെന്ന വിലയിരുത്തലിലാണ് നേതൃത്വം. ബാർ കോഴ വിവാദത്തെ തുടര്‍ന്ന് യുഡിഎഫ് വിട്ട കെ.എം.മാണി ഒരു പക്ഷവും പിടിക്കാതെ സ്വതന്ത്രനിലപാടാണ് സ്വീകരിച്ചത്. ഇതുവഴി പാര്‍ട്ടി ശക്തിപ്പെട്ടെന്നാണ് വിലയിരുത്തല്‍.

തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയുടെ ശക്തി മുന്നണികളെ ബോധ്യപ്പെടുത്തി അര്‍ഹമായ പ്രാതിനിധ്യം നേടിയെടുക്കാമെന്നും നേതൃത്വം കരുതുന്നു. ‌മുന്നണി പ്രവേശനം ഉടനില്ലെന്നതിന്‍റെ സൂചനകളാണ് നേതാക്കളുടെ പ്രതികരണങ്ങളും. സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

യുഡിഎഫുമായി ചർച്ചയ്ക്കുള്ള സാധ്യതകളും നേതൃത്വം തള്ളുന്നില്ല. എന്നാൽ ചര്‍ച്ചയ്ക്കായി അങ്ങോട്ടുപോകേണ്ടെന്നാണ് തീരുമാനം. മുഖ്യമന്ത്രി ഉള്‍പ്പെടെ ഇടത് നേതാക്കളുടെ പ്രതികരണവും ജോസ് വിഭാഗത്തിന് പ്രതീക്ഷ നല്‍കുന്നു.

അതേസമയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയുടെ കാര്യത്തില്‍ ഉടന്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. അവിശ്വാസം വിജയിപ്പിച്ചെടുക്കാനുള്ള ഭൂരിപക്ഷമില്ലാത്തതാണ് കോണ്‍ഗ്രസിനെ പിന്നോട്ടടിക്കുന്നത്. ജോസ് പക്ഷം പുറത്തുപോയതോടെ യുഡിഎഫ് അംഗങ്ങളുടെ എണ്ണം പത്തായി ചുരുങ്ങി. അവിശ്വാസം വിജയിക്കാന്‍ പന്ത്രണ്ട് അംഗങ്ങളുടെ പിന്തുണ വേണം.

English Summary: Kerala Congress Pins Hope in LDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com