sections
MORE

ചൈനയിലെ ‘ജി4’ വൈറസ് വൻ അപകടകാരി; മനുഷ്യരുടെ പ്രതിരോധത്തെയും മറികടക്കും

New-Virus
പ്രതീകാത്മക ചിത്രം
SHARE

വാഷിങ്ടൻ ∙ മറ്റൊരു മഹാമാരിക്ക് കാരണമായേക്കാവുന്ന അത്യന്തം അപകടകാരികളായ വൈറസുകളെ ചൈനയില്‍ കണ്ടെത്തിയെന്ന വാർത്ത ലോകമെങ്ങുമുള്ള ആരോഗ്യവിദഗ്ധരുടെ ഇടയിൽ ആശങ്കയുണ്ടാക്കുന്നു. പക്ഷിപ്പനിക്ക് കാരണമായ എച്ച്1എൻ1 വൈറസിന് സമാനമാണ് നിലവില്‍ ഇവയുടെ സ്വഭാവം. ജനിതകഘടനയില്‍ വ്യത്യാസം വന്ന ഈ വൈറസ് ശ്രേണിയെ ജി4 എന്നാണ് ഗവേഷകർ വിളിക്കുന്നത്. മുഴുവൻ പേര് ജി4 ഇഎ എച്ച്1എൻ1.

നേരത്തേ കണ്ടെത്തിയ മൂന്നു വൈറസ് ശ്രേണികളുമായി ഈ ശ്രേണിക്കു ബന്ധമുണ്ട്. യൂറോപ്പ് ആൻഡ് ഏഷ്യൻ ബേർഡ്സ് (ഇഎ), എച്ച്1എൻ1 ഫ്ലൂ സ്ട്രെയിൻ, പക്ഷികളിൽനിന്നും പന്നികളിൽനിന്നും മനുഷ്യരിൽനിന്നുമുള്ള ജീനുകൾ വഹിക്കുന്ന നോർത്ത് അമേരിക്കൻ ഫ്ലൂ എന്നീ മൂന്നു ശ്രേണികളും ചേരുന്ന പുതിയ തരം വൈറസാണ് ഇപ്പോൾ കണ്ടെത്തിയതെന്നു യുഎസ് സയൻസ് ജേർണലായ പിഎൻഎഎസിൽ (പ്രൊസീഡിങ്സ് ഓഫ് നാഷനൽ അക്കാദമി ഓഫ് സയൻസസ്) പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

pigs
പ്രതീകാത്മക ചിത്രം

മനുഷ്യരുടെ പ്രതിരോധശേഷി രക്ഷയാകില്ല

മനുഷ്യരിലേക്കു പടരാനുള്ള എല്ലാ ‘കഴിവും’ ഈ വൈറസിനുണ്ടെന്നാണു വിലയിരുത്തലെന്നു പഠനത്തിനു പിന്നിലുള്ള ചൈനീസ് സർവകലാശാലകളിലെ ഗവേഷകരെയും ചൈനയുടെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അധികൃതരെയും ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. 2011 മുതൽ 2018 വരെ അറവുശാലകളിലെ പന്നികളിൽനിന്ന് 30,000 നേസൽ സ്വാബുകളാണ് ഗവേഷകർ ശേഖരിച്ചത്. ചൈനയിലെ 10 പ്രവിശ്യകളിൽനിന്നും വെറ്ററിനറി ആശുപത്രിയിൽനിന്നും ശേഖരിച്ച ഇവയിൽനിന്ന് 179 സ്വൈൻ ഫ്ലൂ വൈറസുകളെ തിരിച്ചറിയാനായി.

ഇവയിൽ പലതും പുതിയതായിരുന്നുവെന്നും 2016 മുതൽ പന്നികളിൽ കാണപ്പെട്ടുവെന്നുമാണ് പഠനം പറയുന്നത്. ലോകത്തെ ഭയപ്പെടുത്തിയ മഹമാരികളിൽ പലതിന്റെയും പിന്നിലെ ഇൻഫ്ലുവൻസ വൈറസുകളുടെ ഉദ്ഭവസ്ഥാനം പന്നികളാണെന്നതിനാലാണ് ഇവയെ പരീക്ഷണത്തിനു വിധേയമാക്കുന്നത്. ഇതിൽ ജി4 ആണ് ഏറ്റവും അപകടകരം. സാധാരണ ഫ്ലൂവിൽനിന്നു മനുഷ്യർ നേടിയെടുക്കുന്ന പ്രതിരോധശേഷി ജി4ൽ നിന്നൊരു രക്ഷയാകില്ലെന്ന് പരീക്ഷണത്തിൽ വ്യക്തമായി.

പരീക്ഷണം വെള്ളക്കീരികളിൽ

swine-flu-representational-image
പ്രതീകാത്മക ചിത്രം

മനുഷ്യന്റെ ശ്വാസകോശത്തിലെ എപ്പിത്തീലിയൽ കോശങ്ങൾക്കു സമാനമായ കോശങ്ങളുള്ള വെള്ളക്കീരികളെയാണു പരീക്ഷണത്തിനായി ഗവേഷകർ തിരഞ്ഞെടുത്തത്. ഇഎ എച്ച്1എൻ1 ശ്രേണിയിലുള്ള വൈറസ് ഈ വെള്ളക്കീരികളിൽ അപകടകരമായതിലും അധികം ജിഎ വൈറസ് ശ്രേണി മനുഷ്യന് അപകടകരമാണ്. അണുബാധയേറ്റ് 36–60 മണിക്കൂറുകൾക്കകം മനുഷ്യ ശരീരത്തിൽ ഈ വൈറസ് ശ്രേണി പടർന്നു പിടിക്കും. ഇത് മറ്റു വൈറസ് ശ്രേണികളേക്കാൾ വളരെ വേഗത്തിലാണ് പടരുകയെന്നും കണ്ടെത്തി.

അറവുശാലയിലെ ജീവനക്കാരിലേക്കും വൈറസ് പടർന്നിട്ടുണ്ട്. 338 സാംപിളുകൾ ശേഖരിച്ചതിൽ 10.4% പേർക്കും വൈറസ് ബാധയേറ്റിരുന്നു. പന്നി ഫാമിനു സമീപം താമസിക്കുന്ന ജനങ്ങളിൽ 4.4% പേർ വൈറസ് വ്യാപനത്തിനു വിധേയരായി. ഇവരിൽ പലർക്കും വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡികളും ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെട്ടിട്ടുണ്ട്. 2016ലും 20109ലും ഒരു 46കാരനും ഒൻപതുകാരനും ജി4 വൈറസ് ബാധിച്ചിട്ടുണ്ടെങ്കിലും ഇവരിൽനിന്ന് വൈറസ് മറ്റാരിലേക്കും പോയിട്ടില്ലെന്നു ഗവേഷകർ കണ്ടെത്തി.

എച്ച്1എൻ1 മഹാമാരി

പണ്ടുണ്ടായിരുന്നതിനേക്കാൾ കൂടുതൽ വൈറസ് ഇപ്പോഴാണ് പന്നികളുടെ ശരീരത്തിൽ കാണപ്പെടുന്നതെന്ന നിരീക്ഷണവും ഇവർ നടത്തുന്നു. 2011ൽ 1.4% ആയിരുന്നു വൈറസ് വാഹകരായ പന്നികൾ. എന്നാൽ 2018ൽ ഇത് 8.2% ആയി. ഇതിനാൽത്തന്നെ എച്ച്1എൻ1 മഹാമാരി പന്നികളിൽനിന്ന് ഉദ്ഭവിച്ചതുപോലെ മറ്റൊരു വൈറസ് കൂടി പന്നികളിൽനിന്നു വന്നേക്കുമെന്നാണ് ആശങ്ക.

new-pig

2009ലെ എച്ച്1എൻ1 മഹാമാരി 60 കഴിഞ്ഞവരുടെ ശരീരത്തിൽ ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കപ്പെട്ടെന്നും 60ന് താഴെയുള്ളവർക്കു വൈറസ് ഭീഷണി കൂടുതലാണെന്നും അമേരിക്കൻ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു. ജി4 ശ്രേണിയിലുള്ള വൈറസിന്റെ സ്വഭാവം പൂർണമായി പുറത്തുവന്നിട്ടില്ല. അങ്ങനെ വരുമ്പോൾ ഏതു വിഭാഗം ജനങ്ങളെയാണ് ബാധിക്കുകയെന്നും മറ്റും പറയാനാകില്ല. എച്ച്1എൻ1 വൈറസ് ബാധിച്ച് ആദ്യ വർഷം ലോകമെങ്ങും 1.50 ലക്ഷം മുതൽ 5.75 ലക്ഷം പേർ വരെ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്.

English Summary: New G4 Swine Flu Strain With 'Pandemic Potential' Found In China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA