ADVERTISEMENT

2017 ഓഗസ്റ്റ് 15 അർധരാത്രി. യുഎസിനു കീഴിലെ സൈനിക കേന്ദ്രം കൂടിയായ ഗുവാം ദ്വീപിലെ രണ്ട് റേഡിയോ സ്റ്റേഷനുകളിൽനിന്നുള്ള പ്രക്ഷേപണത്തിൽ പെട്ടെന്നൊരു ഇടർച്ച. അതുവരെ തുടർന്നുവന്ന പരിപാടി നിർത്തി അസാധാരണമായ ഒരു സന്ദേശമായിരുന്നു പിന്നീട്– ‘അർധരാത്രി 12.25 മുതൽ 12.40 വരെ ഗുവാമിലെ ജനതയ്ക്ക് അപകട മുന്നറിയിപ്പ്’ എന്നായിരുന്നു അത്. ആ സമയത്ത് ഗുവാം ജനത അതു തീർച്ചയായും വിശ്വസിക്കുമായിരുന്നു. കാരണം, ഏതാനും ദിവസം മുൻപാണ് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഗുവാമിനു നേരെ ഹ്വസോങ് മിസൈൽ വിക്ഷേപിക്കുമെന്ന് യുഎസിനെ വെല്ലുവിളിച്ചത്.

യുഎസിന്റെ അധീനതയിലുള്ള പ്രദേശത്തേക്ക് എത്താൻ ശേഷിയുള്ള ഭുഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് ഹ്വസോങ്ങെന്നും പരീക്ഷണം ഉത്തര കൊറിയ വിജയകരമായി നടത്തിയെന്നുമുള്ള സമീപകാല വാർത്തകളും ആശങ്കയ്ക്കു ബലം പകർന്നു. ഉത്തര കൊറിയയുടെ ആയുധ പദ്ധതികൾ തകർക്കാൻ ആവശ്യമെങ്കിൽ സൈനിക ശക്തി ഉപയോഗിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കുള്ള മറുപടി കൂടിയായിരുന്നു കിമ്മിന്റെ മിസൈൽ പരീക്ഷണം. പടിഞ്ഞാറൻ പസിഫിക് സമുദ്രത്തിൽ ഉത്തര കൊറിയയ്ക്ക് എളുപ്പത്തിൽ ആക്രമിക്കാവുന്ന യുഎസിന്റെ തന്ത്രപ്രധാന സൈനിക കേന്ദ്രമാണു ഗുവാം. കൊറിയൻ ഉപദ്വീപിൽ നിന്ന് 2100 മൈൽ മാത്രം ദൂരം.

north-korea-us-war-missile
Representative Image

ഉത്തര കൊറിയ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹ്വസോങ് പക്ഷേ യുഎസിലേക്ക് തൊടുക്കാനാകുമോയെന്ന് കിം അന്നു വ്യക്തമാക്കിയിരുന്നില്ല. അതിനാൽത്തന്നെ യുഎസ് ഉത്തര കൊറിയൻ മിസൈലുകളുടെ കയ്യെത്താദൂരത്തു തുടരുകയായിരുന്നു. എന്നാൽ ഉത്തര കൊറിയയിൽനിന്ന് 6400–ലേറെ മൈൽ ദൂരെ യുഎസിലേക്ക് എത്താൻ ശേഷിയുള്ള മിസൈൽ കിമ്മിന്റെ മിസൈൽ വിദഗ്ധർ വികസിപ്പിച്ചെടുത്തതായാണു പുതിയ റിപ്പോർട്ട്. പ്രതിരോധ സംവിധാനങ്ങൾക്കു പോലും പിടിച്ചെടുക്കാനാകാത്ത വിധം, ശബ്ദത്തേക്കാൾ പതിന്മടങ്ങു വേഗതയുള്ള ബാലിസ്റ്റിക് മിസൈലാണ് ഉത്തര കൊറിയ വികസിപ്പിച്ചിരിക്കുന്നത്.

എന്നാൽ ഇതിന്റെ നിർമാണം ആരംഭിച്ചിട്ടില്ല. ‘കടലാസിലെ കണക്കുകളിൽ’ യുഎസ് മെയിൻ ലാന്‍ഡിനെ ആക്രമിക്കാൻ പോന്ന മിസൈൽ സാങ്കേതികത ഉത്തര കൊറിയ വികസിപ്പിച്ചെടുത്തുവെന്നാണു സൈനിക വിദഗ്ധർ വ്യക്തമാക്കുന്നത്. അതിനു തെളിവായി ഇക്കഴിഞ്ഞ 3 വർഷത്തെ ഉത്തര കൊറിയയുടെ മിസൈൽ സാങ്കേതികതയിലെ വിജയം മാത്രം മതിയെന്നും അവർ പറയുന്നു. ആണവ പോർമുന വഹിക്കാൻ ശേഷിയുള്ളതായിരിക്കും ഈ മിസൈൽ എന്നാണു റിപ്പോർട്ട്.

‘കണ്ടു പഠിച്ച’ മിസൈൽ

മറ്റു രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത മിസൈലുകൾ കണ്ടുപഠിച്ച് തങ്ങളുടേതായ രീതിയിൽ പുതിയ മിസൈലുകൾ നിർമിക്കുന്ന ‘റിവേഴ്സ്–എൻജിനീയറിങ്’ രീതിയിൽ പ്രഗത്ഭരാണ് ഉത്തര കൊറിയ. പഴയകാല സോവിയറ്റ് മിസൈലുകളിൽനിന്നാണ് അവർ 1990കളിൽ നൊഡോങ് പോലുള്ള മധ്യ–ദൂര മിസൈലുകൾ നിർമിച്ചത്. സമാനമായ മിസൈലുകൾ ഇറാനും (ഷഹാബ് 3) പാക്കിസ്ഥാനും (ഘൗറി) നിർമിച്ചിട്ടുണ്ട്. എന്നാൽ ‘മധ്യദൂര’ത്തിൽനിന്നു മാറി ദീർഘദൂര മിസൈലുകളിലേക്ക് ഉത്തര കൊറിയ ശ്രദ്ധ പതിപ്പിച്ചതോടെയാണ് രാജ്യത്തെ എൻജിനീയർമാരും മിസൈൽ വിദഗ്ധരും വിയർത്തത്.

north-korea-us-war-missile-2
Representative Image

വിലക്കുകളെല്ലാം ലംഘിച്ച് മധ്യദൂര മിസൈലുകളുടെ ഉൾപ്പെടെ പരീക്ഷണം തുടർന്നതോടെ 2006ൽ ഐക്യരാഷ്ട്ര സംഘടന (യുഎൻ) ഉത്തര കൊറിയയ്ക്ക് ഉപരോധവും ഏർപ്പെടുത്തി. അതോടെ അവിടേക്ക് മിസൈൽ സാങ്കേതിക എത്തിക്കുന്നതിന് മറ്റു രാജ്യങ്ങൾക്കും സാധിക്കാതായി. രാജ്യാന്തര കരിഞ്ചന്തയിൽനിന്ന് കള്ളക്കടത്തിലൂടെ മിസൈലിനാവശ്യമായ യന്ത്രവസ്തുക്കൾ വാങ്ങുക മാത്രമായിരുന്നു ഉത്തര കൊറിയയ്ക്കു മുന്നിലെ ഏകവഴി. എന്നാൽ രാജ്യം തനതായി സൃഷ്ടിച്ച ഡിസൈനുകളും ഈ യന്ത്രഭാഗങ്ങളും ചേരാതെവന്നു. പല തവണ ഒട്ടേറെ പരീക്ഷണങ്ങൾ നടത്തി. ഭൂരിഭാഗവും പരാജയപ്പെട്ടു. അതിനിടെ ദക്ഷിണ കൊറിയയുമായും യുഎസുമായും സമാധാന ചർച്ചകൾക്കും കിം ശ്രമം നടത്തി. എല്ലാം പരാജയപ്പെട്ടു.

ഹ്വസോങ്–10 ഉൾപ്പെടെയുള്ള ഇന്റർമീഡിയറ്റ് റേഞ്ച് മിസൈലുകള്‍ പലതവണ പരാജയപ്പെടുകയും അടുത്തിടെ പൊട്ടിത്തെറിച്ച് അപകടമുണ്ടാക്കുകയും ചെയ്തതോടെ മിസൈൽ സാങ്കേതികതയിൽ ഉത്തര കൊറിയയെ പല രാജ്യങ്ങളും എഴുതിത്തള്ളി. ഉത്തര കൊറിയൻ സൈനിക ശക്തിപ്രകടനങ്ങളിലെ പ്രധാന പ്രദർശന മിസൈലുമായിരുന്നു ഹ്വസോങ് 10. മിസൈലിന്റെ ദൂരപരിധി കൂട്ടുന്നതിനു ഡിസൈനര്‍മാർ മിക്കപ്പോഴും അതിന്റെ നീളം കൂട്ടുകയാണു ചെയ്യുക. കൂടുതൽ ഇന്ധനം നിറയ്ക്കാനുള്ള സ്ഥലവും കണ്ടെത്തും. എന്നാൽ നീളം കൂടിയാൽ മിസൈലുകളുടെ ‘ബാലൻസ്’ തെറ്റാൻ സാധ്യതയേറെ. ലക്ഷ്യസ്ഥാനത്തേക്കു മുന്നേറുന്നതിനിടെ നില തെറ്റി, കറങ്ങി, പലതായി ചിതറിത്തെറിച്ച് തകരുകയാണു പതിവ്. അതോടെ പോരാട്ടങ്ങളിൽ ഇവ ഉപയോഗശൂന്യമായി മാറും.

NKOREA-MILITARY-DEFENCE
കിം ജോങ് ഉൻ

ഇത്തരം പരാജയപ്പെട്ട ഒട്ടേറെ പരീക്ഷണങ്ങൾക്കൊടുവിൽ ഒരു മിസൈലിന്റെ ഡിസൈനിൽ ഉത്തര കൊറിയ വിജയം കണ്ടത് 2017ലാണ്. ഏപ്രിലിൽ തുടർച്ചയായി മൂന്നു തവണ പരാജയപ്പെട്ടതിനു ശേഷമാണ് മേയിൽ ഹ്വസോങ് 12ന്റെ വിജയകരമായ വിക്ഷേപണം സാധ്യമായത്. ഉത്തര കൊറിയ ഇതുവരെ നിർമിച്ച സിംഗിള്‍ സ്റ്റേജ് മിസൈലുകളിൽ ഏറ്റവും വലുതായ ഹ്വസോങ് 12 പരീക്ഷണ വിക്ഷേപണത്തിൽ 489 മൈലാണു താണ്ടിയത്. ഉത്തര കൊറിയയുടെ അതിർത്തി രാജ്യങ്ങളെ മാത്രം വിറപ്പിക്കാൻ പോന്നതായിരുന്നു ഈ ദൂരം. എന്നാൽ യുഎസിനുൾപ്പെടെ അറിയാമായിരുന്നു, ആ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏകദേശം 2800 മൈൽ ദൂരേക്കു വരെ മിസൈൽ തൊടുക്കാനാകുമെന്ന്.

കിമ്മിന്റെ ‘മിസൈൽ സ്റ്റാർസ്’

ഹ്വസോങ്ങിന്റെ ബലത്തിലായിരുന്നു 2017ൽ കിം ഗുവാമിനെ ആക്രമിക്കുമെന്നു വിരട്ടിയത്. ശക്തമായ എൻജിൻ, മിസൈൽ കവചത്തിന്റെ ഭാരക്കുറവ്, ശേഷിയേറിയ ഇന്ധനം എന്നിവയാണ് ഹ്വസോങ്ങിന്റെ ശക്തിയായി വിദഗ്ധർ വിലയിരുത്തിയത്. രാജ്യത്തിനുമേൽ ശക്തമായ ഉപരോധം നിലനിൽക്കെ തനതു സാങ്കേതിക വിദ്യയിലൂടെ ഉത്തര കൊറിയ ഈ നേട്ടം കൈവരിച്ചത് രാജ്യാന്തര ശക്തികളെയും അദ്ഭുതപ്പെടുത്തി. മിസൈൽ എന്‍ജിനീയർമാർ ഉത്തരകൊറിയയുടെ പുതിയ താരങ്ങളായി. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ കുറഞ്ഞ പരിധി 3400 മൈലാണ്. 2017 ജൂലൈ നാലിന് ഉത്തര കൊറിയ വിക്ഷേപിച്ച ഹ്വസോങ് 14 മിസൈൽ ആ ദൂരപരിധിയും മറികടന്നതോടെ ലോകം ജാഗരൂകരായി.

രണ്ടു സ്റ്റേജിൽ പ്രവർത്തിക്കുന്ന മിസൈലായ അതിന്റെ ദൂരപരിധി 4160 മൈലായിരുന്നു. യുഎസിന്റെ പടിഞ്ഞാറൻ തീരത്തെ നഗരങ്ങളെ ആക്രമിക്കാനുള്ള ശേഷി അതിനുണ്ടെന്നും സൈനിക വിദഗ്ധർ വിലയിരുത്തി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു കുലുക്കമുണ്ടായില്ല. അപ്പോഴായിരുന്നു 2017 നവംബർ 28ലെ പരീക്ഷണം. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ എന്ന് എല്ലാ അർഥത്തിലും പറയാവുന്ന ഹ്വസോങ് 15 ആയിരുന്നു അത്. 500 കിലോയുള്ള ആണവ പോർമുനയുമായി യുഎസിലെ ഏതാണ്ടെല്ലാം നഗരങ്ങളെയും ആക്രമിക്കാൻ ശേഷിയുള്ളതായിരുന്നു ആ മിസൈൽ.

നവംബറിൽ സൂപ്പർ–ലാർജ് മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സിസ്റ്റം ഉത്തര കൊറിയ പരീക്ഷിച്ചപ്പോൾ.കെസിഎൻഎ പുറത്തുവിട്ട ചിത്രം.
ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം (ഫയൽ ചിത്രം)

2017ൽത്തന്നെ മറ്റൊരു മിസൈലും ഉത്തര കൊറിയ പരീക്ഷിച്ചു വിജയം കണ്ടു. മധ്യദൂര മിസൈലായ പുക്കുക്‌സോങ് 2ന്റെ (കെഎൻ–15) വിജയം പലതരത്തിൽ ഉത്തര കൊറിയയ്ക്ക് കരുത്തു പകരുന്നതായിരുന്നു. ഖര ഇന്ധനത്തിൽ പ്രവർത്തിക്കുന്നതിനാൽ വിക്ഷേപണത്തിന് വളരെ കുറച്ചു മിനിറ്റുകൾ മതി എന്നതായിരുന്നു ഏറ്റവും വലിയ നേട്ടം. അല്ലെങ്കിൽ മണിക്കൂറുകള്‍ വേണമായിരുന്നു. എത്ര കഠിനമായ പാതയിലൂടെ കടന്നു പോയാലും യാതൊരു ‘കുലുക്കവും’ സംഭവിക്കാത്ത വിധമായിരുന്നു പുക്കുക്സോങ് 2ന്റെ നിർമാണം. അതിനാൽത്തന്നെ ഉത്തര കൊറിയയിലെ ഏറ്റവും മോശം റോഡിലൂടെ പോലും, എവിടേക്കു വേണമെങ്കിലും, ഇതു വഹിച്ച് വാഹനങ്ങൾക്കു സഞ്ചരിക്കാം.

എത്ര കഠിനമായ വഴി കടന്നിട്ടാണെങ്കിലും കിമ്മിന് ഈ മിസൈൽ ലക്ഷ്യത്തിലേക്ക് വളരെ പെട്ടെന്ന് തൊടുക്കാനാകുമെന്നു ചുരുക്കം. ഈ മിസൈൽ ഡിസൈനുകളിലെല്ലാം 2017 അവസാനത്തോടെ ഉത്തര കൊറിയ വൈദഗ്ധ്യം നേടുകയും ചെയ്തു. അതിനിടെയാണ് ടയ്പോ–ഡോങ് 2 എന്നു പേരിട്ടിരിക്കുന്ന മിസൈലിനെപ്പറ്റിയുള്ള കൂടുതൽ വിവരം ഉത്തര കൊറിയ പുറത്തുവിടുന്നത്. 2016ൽ സാറ്റലൈറ്റ് വിക്ഷേപണത്തിന് ഉത്തര കൊറിയ ഉപയോഗപ്പെടുത്തി വിജയം കണ്ട യൂൻഹ 3 റോക്കറ്റിന്റെ സാങ്കേതികത ഉപയോഗപ്പെടുത്തിയായിരുന്നു ഇതിന്റെ നിർമാണം. അതായത്, ഏറെ ദൂരത്തേക്ക് മിസൈലിനെ എത്തിക്കാൻ തക്ക സാങ്കേതികത ഉത്തര കൊറിയ നേടിയെടുത്തെന്നു ചുരുക്കം.

north-korea-missile
ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം (ഫയൽ ചിത്രം)

ഏകദേശം 6200 മൈലിലേറെ ദൂരം ഈ മിസൈലിനും താണ്ടാനാകുമെന്നാണു വിവരം. 2016ലായിരുന്നു ടയ്പോ–ഡോങ് 2ന്റെ വിജയകരമായ വിക്ഷേപണം. ഇതിന്റെ ഡിസൈനിൽ വരുത്തിയ മാറ്റങ്ങളാണ് ഇപ്പോൾ യുഎസിനെ വരെ ആക്രമിക്കാവുന്ന വിധം മിസൈൽ തയാറാക്കാനുള്ള ശേഷി ഉത്തര കൊറിയയ്ക്കു സമ്മാനിച്ചത്. ഇതിന്റെ കൂടുതൽ വിവരങ്ങളൊന്നും കിം പുറത്തുവിട്ടിട്ടില്ല. ലോകത്തിനു മുന്നിൽ ഇന്നും രഹസ്യായുധമായി തുടരുകയാണ് കിമ്മിന്റെ ഈ തുറുപ്പുചീട്ട്.

ഹിരോഷിമ ബോംബിനേക്കാളും ഭീകരൻ

എന്തുതരം ആയുധമായിരിക്കും ഇത്തരം മിസൈലുകളിൽ ഉത്തര കൊറിയ ഉപയോഗിക്കുകയെന്ന സംശയവും അക്കാലത്തുണ്ടായിരുന്നു. അതിനുള്ള ഉത്തരം 2017 സെപ്റ്റംബറിൽ ലഭിച്ചു. ഏകദേശം 250 കിലോടൺ ഭാരമുള്ള ആണവായുധമാണ് അന്നു രാജ്യം പരീക്ഷിച്ചു വിജയിച്ചത്. ഹിരോഷിമയിൽ യുഎസ് വർഷിച്ച അണുബോംബിന്റെ ശേഷി 16 കിലോടൺ മാത്രമായിരുന്നു. ആയുധശേഷിയിലും അതിനെ ലക്ഷ്യത്തിലെത്തിക്കാനുള്ള സാങ്കേതികതയിലും മുന്നേറിയതോടെയാണ് ഉത്തര കൊറിയ വീണ്ടും ലോകത്തിനു മുന്നിൽ പ്രധാന പ്രശ്നമായി മാറിയത്.

മിസൈൽ പരീക്ഷണങ്ങളിലെല്ലാം കുത്തനെ ആകാശത്തേക്ക് എത്ര ദൂരെ വരെ പറക്കുന്നുവെന്നാണ് രാജ്യം പരീക്ഷിച്ചത്. അയൽരാജ്യങ്ങളുടെ പോലും ആകാശത്തേക്കു കടന്നു കയറാതെയായിരുന്നു പരീക്ഷണമെന്നു ചുരുക്കം. മുകളിലേക്കുള്ള പറക്കൽവഴി എൻജിന്റെ ശേഷിയും മിസൈലിന്മേലുണ്ടാകുന്ന സമ്മർദങ്ങളും എത്രമാത്രം സ്ഥിരതയോടെയാണ് അതു മുന്നോട്ടു പോകുന്നതെന്നുമുള്ള കാര്യങ്ങൾ പരിശോധിക്കാൻ വിദഗ്ധർക്കു സാധിച്ചു. 2019 ഒക്ടോബറിൽ ഉത്തര കൊറിയയുടെ പുക്ഗുക്സോങ് 3 മിസൈലിന്റെ ജലാന്തർഭാഗത്തുനിന്നുള്ള വിക്ഷേപണവും വിജയകരമായിരുന്നു. എന്നാൽ ഇപ്പോഴും യഥാർഥ ആക്രമണത്തിനുള്ള പരീക്ഷണം നടത്താൻ ഉത്തര കൊറിയയ്ക്കായിട്ടില്ല.

north-korea-missile-test
ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം (ഫയൽ ചിത്രം)

രാഷ്ട്രീയ സമ്മർദം സൃഷ്ടിക്കുകയെന്നതല്ലാതെ തികച്ചും ആക്രമണകാരിയാണോ ഈ മിസൈലെന്ന് ഉറപ്പിക്കുകയാണ് അതിൽ പ്രധാനം. മിസൈൽ ലക്ഷ്യത്തിൽ കൃത്യമായെത്തിക്കാനാകുമോ? ഹൈപർസോണിക് വേഗത്തിൽ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന താപനിലയെ അതിന് അതിജീവിക്കാനാകുമോ? മിസൈൽ സാങ്കേതികതയിൽ ചുരുങ്ങിയ വർഷംകൊണ്ട് ഉത്തര കൊറിയ സ്വന്തമാക്കിയ നേട്ടങ്ങളിൽ മറഞ്ഞിരിപ്പുണ്ട് ഇവയ്ക്കെല്ലാമുള്ള ഉത്തരം. നിലവിൽ ലോകരാജ്യങ്ങൾക്കു മുന്നിൽ ഉത്തര കൊറിയ മുന്നോട്ടു വയ്ക്കുന്ന മൂന്നു ശാക്തിക ഭീഷണികൾ ഇവയാണ്.

1) ഭൂഖണ്ഡാന്തര മിസൈലുകളിൽ ശക്തിയേറിയ ആണവ പോർമുനകളുമായി സഞ്ചരിക്കാനുള്ള കഴിവ്. 2) ഖര ഇന്ധനത്തിന്റെ സഹായത്താൽ എത്ര കാഠിന്യമേറിയ വഴികളും പിന്നിട്ട് ലോഞ്ചിങ് കേന്ദ്രത്തിലെത്തി വളരെ പെട്ടെന്ന് മധ്യദൂര മിസൈൽ വിക്ഷേപണത്തിനുള്ള ശേഷി. 3) ആവശ്യമെങ്കിൽ അന്തർവാഹിനികളിൽനിന്നും ബാലിസ്റ്റിക് മിസൈൽ വിക്ഷേപിക്കാനുള്ള സാങ്കേതികത. ഇതുവരെയുള്ള വിവരം പ്രകാരം ഒറ്റത്തവണ മാത്രമാണ് ഉത്തര കൊറിയ ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ചിരിക്കുന്നത്. മിസൈലിന്മേൽ ഘടിപ്പിക്കാനാകുന്ന വിധം ചെറിയ, ഭാരം കുറഞ്ഞ ആണവ പോർമുന രാജ്യം വികസിപ്പിച്ചെടുത്തോ എന്ന കാര്യവും സംശയത്തിലാണ്.

FILES-US-UN-NKOREA-DIPLOMACY
കിം ജോങ് ഉൻ, ഡോണൾഡ് ട്രംപ് കൂടിക്കാഴ്ച (ഫയൽ ചിത്രം)

അറുന്നൂറിലേറെ ശക്തമായ മിസൈലുകളും ബോംബറുകളുമുള്ള യുഎസ് സൈനിക ശക്തിയുമായി താരതമ്യം ചെയ്യുമ്പോൾ അൻപതിൽ താഴെ മാത്രം മിസൈലുകളുള്ള ഉത്തര കൊറിയയുടെ സ്ഥിതി പരുങ്ങലിലാണ്. എന്നാൽ ഒരു സാങ്കേതികത പോലും നല്‍കരുതെന്ന യുഎൻ വിലക്ക് തുടരുകയും യുഎസിന്റെ ഉൾപ്പെടെ ഉപരോധം നേരിട്ടുകൊണ്ടിരിക്കുകയും ചെയ്യുമ്പോഴും ലോകത്തെ ഞെട്ടിക്കുന്ന മിസൈൽ സാങ്കേതികതയാണ് ഉത്തര കൊറിയ നേടിയെടുത്തിരിക്കുന്നത്. ലക്ഷ്യത്തിലേക്ക് ഒരു ആണവായുധമെത്തിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും ഇപ്പോൾ കിമ്മിന്റെ സാമ്രാജ്യത്തിനുണ്ട്.

പ്രകോപനത്തിന്റെ തീപ്പൊരി മതി അത് ആളിക്കത്തിക്കാൻ. അതീവ രഹസ്യത്തോടെ സൂക്ഷിച്ചിരിക്കുന്ന ഈ മിസൈൽ വിവരങ്ങളാണ് ഉത്തര കൊറിയയെ ആക്രമിക്കുമെന്നു ഭീഷണി മുഴക്കുന്ന ഏതൊരു രാജ്യത്തിനു നേരെയും അജ്ഞാത കേന്ദ്രത്തിൽ കാത്തിരിക്കുന്നത്, സമവായത്തിന് ഉത്തര കൊറിയ മുൻകയ്യെടുത്താൽ അതിൽ കിമ്മിന്റെ വാദങ്ങൾക്കു മുൻഗണന ലഭിക്കുന്നതും ഈ രഹസ്യായുധങ്ങളുടെ പിൻബലത്തിലായിരിക്കുമെന്നു നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നു.

English Summary: Why there is any successful military action against North Korea? That Mysterios weapons are the answers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com