ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധത്തിൽ രാജ്യം മെച്ചപ്പെട്ട നിലയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യസമയത്തെ ലോക്ഡൗൺ മരണനിരക്ക് കുറച്ചു. ഇന്ത്യ ഭദ്രമായ നിലയിലാണ്. കോവിഡ് മരണനിരക്കിൽ ഇന്ത്യ മറ്റു രാജ്യങ്ങളേക്കാൾ മികച്ച സ്ഥിതിയിലാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി വ്യക്തമാക്കി. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ കോവിഡ് പ്രതിരോധത്തില്‍ അലംഭാവം വന്നതായും അതു പാടില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഓരോ പൗരനും ആരോഗ്യകാര്യത്തിൽ ശ്രദ്ധ പുലർത്തണം. പനി, ജലദോഷം തുടങ്ങിയ മറ്റു രോഗങ്ങൾക്കെതിരെയും ജാഗ്രത വേണം. ആരും പട്ടിണി കിടക്കാൻ ഇടവരരുത്. നവംബർ വരെ ഭക്ഷ്യധാന്യം സൗജന്യമാണ്. ഇളവുകൾ വന്നതോടെ കോവിഡ് പ്രതിരോധത്തിൽ അലംഭാവം കാണുന്നു. മാർഗരേഖ ലംഘിക്കുന്നവരെ തടയണം. കോവിഡ് മുൻകരുതലുകൾ ലംഘിക്കുന്നവരെ നിരുത്സാഹപ്പെടുത്തണം. ലോക്ഡൗൺ കാലത്തേതു പോലുള്ള മുൻകരുതൽ തുടർന്നും സ്വീകരിക്കണം, പ്രത്യേകിച്ചും കണ്ടെയ്ൻമെന്റ് സോണുകളിൽ. മാസ്ക് ധരിക്കൽ ഉൾപ്പെടെയുള്ള നിർദേശങ്ങൾ അനുസരിക്കണം.

ലോക്ഡൗണിനൊപ്പം ശക്തമായ മുൻകരുതലെടുത്തത് ഇന്ത്യയ്ക്കു കരുത്തായി. കോവിഡ് മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണം. പ്രധാനമന്ത്രി മുതൽ പഞ്ചായത്ത് പ്രസിഡന്റ് വരെ ആരും നിയമത്തിനു മുകളിലല്ല. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന നവംബർ അവസാനം വരെ നീട്ടി. 80 കോടി ആളുകൾക്ക് 5 കിലോ അരിയോ ഗോതമ്പോ നൽകും. ഒരു കിലോ കടലയും ലഭ്യമാക്കും. ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി അതിഥി തൊഴിലാളികൾക്കു തുണയാകും.

ചെന്നൈയിൽനിന്നു സ്വദേശമായ സിക്കിമിലെ ന്യൂ ജൽപായ്ഗുരി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ അതിഥി തൊഴിലാളികൾ.
ചെന്നൈയിൽനിന്നു സ്വദേശമായ സിക്കിമിലെ ന്യൂ ജൽപായ്ഗുരി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ അതിഥി തൊഴിലാളികൾ.

ജൻധൻ അക്കൗണ്ടുകളിൽ 20 കോടി കുടുംബങ്ങൾക്കായി 31,000 കോടി രൂപ നേരിട്ടു നൽകി. 9 കോടി കുടുംബങ്ങൾക്ക് 18000 കോടി രൂപ ബാങ്ക് അക്കൗണ്ടുകൾ വഴി നൽകി. അതിഥി തൊഴിലാളികൾക്കായി പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ റോസ്ഗര്‍ അഭിയാൻ വഴി 50,000 കോടി രൂപ ചെലവിട്ടു. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ വിപുലീകരണത്തിന് 90,000 കോടി രൂപ അധികം ചെലവു വരും. പദ്ധതിക്കായി ഇതുവരെ ചെലവായ തുക ചേർക്കുമ്പോൾ 1.5 ലക്ഷം കോടി രൂപയോളമാകും.– പ്രധാനമന്ത്രി പറഞ്ഞു.

English Summary: 80 Crore People To Get Free Food Grains Till November-End, Says PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com