ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വിറ്റ്‌സര്‍ലന്റിലെ ഇ ബസ് നിര്‍മാണ കമ്പനിയായ ഹെസിന് ചട്ടങ്ങള്‍ ലംഘിച്ച് കരാര്‍ നല്‍കാനുള്ള ശ്രമത്തെ ധനമന്ത്രി തോമസ് ഐസക് എതിര്‍ത്തുവെന്ന് ഫയലുകളിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോ മൊബൈല്‍സും ഹെസും ചേര്‍ന്നുള്ള സംയുക്ത സംരംഭം കേരളത്തില്‍ തുടങ്ങുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയും കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചുമാണെന്ന് ധനകാര്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഫയലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

3000 ഇ-ബസ് നിര്‍മിക്കാനുള്ള സംയുക്ത സംരംഭത്തിലാണ് ധാരണാ പത്രം ഒപ്പുവച്ചത്. സംസ്ഥാന സര്‍ക്കാരിന് ഇത്രയധികം ബസുകള്‍ കരാറില്ലാതെ വാങ്ങാന്‍ അവകാശമില്ലെന്നും ഒരു ബസിന്റെ വില ഒരു കോടി 15 ലക്ഷമെന്ന് നിര്‍ണയിക്കാന്‍ അവകാശമില്ലെന്നും ധനകാര്യ സെക്രട്ടറി വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. മൂവായിരം ബസുകള്‍ വാങ്ങുന്നതിനുള്ള സാമ്പത്തിക സ്രോതസ് എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ആ സാഹചര്യത്തില്‍ ഈ പദ്ധതിക്ക് അംഗീകാരം നല്‍കാനാകില്ലെന്നും ഇക്കാര്യം ധമന്ത്രിയുടെ അനുമതിയോടെയാണ് ഇങ്ങനെ രേഖപ്പെടുത്തുന്നതെന്നും ധനകാര്യ വകുപ്പ് സെക്രട്ടറി കഴിഞ്ഞ വര്‍ഷം മെയ് അഞ്ചിന് ഫയലില്‍ കുറിച്ചിട്ടുണ്ട്. ധനകാര്യ വകുപ്പിന്റെ എതിര്‍പ്പുണ്ടായ സാഹചര്യത്തിലാണ് പിണറായി വിജയന്‍ രാജ്യാന്തര കണ്‍സള്‍ട്ടിങ് കമ്പനിയായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനോട് ഈ ഇടപാടിനെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടത്. 

പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനെ നിയമിച്ചതില്‍ അസ്വഭാവികത ഇല്ലെന്നും നടപടിക്രമങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്നും ഗതാഗത, ആസൂത്രണ, ധനകാര്യ വകുപ്പുകള്‍ പരിശോധിച്ച ശേഷമായിരുന്നു എന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. പക്ഷേ, ധനവകുപ്പ് 3000 ഇ ബസ് വാങ്ങാനുള്ള പിണറായിയുടെ നീക്കത്തെ എതിര്‍ത്ത കാര്യം ബോധപൂര്‍വ്വം മറച്ചുവച്ചതായും ചെന്നിത്തല പറഞ്ഞു.

പ്രൈസ് വാട്ടര്‍ ഹൗസ് ഇന്ത്യ എന്ന കമ്പനിക്ക് സെബിയുടെ വിലക്കുണ്ട്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന്റെ ഇന്ത്യയിലെ കമ്പനിയാണ് പ്രൈസ് വാട്ടര്‍ ഹൗസ് ഇന്ത്യ. പല പേരുകളില്‍ ഈ കമ്പനി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സെബി കണ്ടെത്തിയിട്ടുണ്ട്. സെബിയുടെ ഉത്തരവ് മറച്ചുവച്ച് മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിച്ചു. കേന്ദ്രം എംപാനല്‍ ചെയ്ത കമ്പനിയുമായി കരാറിന് നടപടിക്രമങ്ങളുണ്ട്, അത് പാലിച്ചിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു. ന്യൂസിലന്‍ഡ് കമ്പനി എച്ച്എസ്എസിനുവേണ്ടിയാണ് മുഖ്യമന്ത്രിയുടെ നീക്കമെന്ന് ചെന്നിത്തല പറഞ്ഞു. 

English Summary : E- mobility project was given to company banned by SEBI, says Chennithala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com