sections
MORE

‘സംഗീത ഉപകരണത്തിലും പെട്ടിയിലും സ്വര്‍ണം കടത്തും; ഒടുവില്‍ ഭീഷണി’

shamna-racket
നടി ഷംന കാസിം, കേസിൽ പിടിയിലായ പ്രതികൾ
SHARE

കൊച്ചി ∙ നടി ഷംന കാസിമിനെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച സംഘം സ്വർണം കടത്താൻ ഉപയോഗിച്ചത് വിദേശത്ത് സ്റ്റേജ് ഷോകളിൽ പങ്കെടുക്കാറുള്ള ചില താരങ്ങളെയെന്നു സൂചന. ഇവരുടെ സംഗീത ഉപകരണങ്ങളിലും പെട്ടികളിലും ഒളിപ്പിച്ചായിരുന്നത്രേ കടത്ത്. സ്റ്റേജ് ഷോകൾക്കായി വിദേശയാത്ര നടത്തിയിരുന്ന സിനിമാ ബന്ധമുള്ള ചിലരുടെ ഫോൺ നമ്പരുകൾ പ്രതികളിൽനിന്നു കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത് എന്നാണ് വിവരം.

പ്രതികൾക്ക് നമ്പരുകൾ കൈമാറിയ പ്രൊഡക്‌ഷൻ കൺട്രോളർ ഷാജി പട്ടിക്കരയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. നടൻ ധർമജൻ ബോൾഗാട്ടിയോട് വിവരങ്ങൾ ആരാഞ്ഞപ്പോഴും ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നു. പ്രതികളിലൊരാളായ അഷ്ഗർ അലി എന്നു പേരു പറഞ്ഞയാൾ സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വർണവും കറൻസിയും കടത്തുന്ന സംഘമാണെന്നുതന്നെ പറഞ്ഞാണ് സ്വയം പരിചയപ്പെടുത്തിയതെന്നും ധർമജൻ വെളിപ്പെടുത്തി.

സ്വർണക്കടത്ത് ആരോപണം ഉയർന്ന സാഹചര്യത്തിൽ പ്രതികളെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും ചോദ്യം ചെയ്യാനിടയുണ്ട്. പൊലീസ് ഇക്കാര്യത്തിൽ നൽകുന്ന വിവരം അനുസരിച്ചായിരിക്കും ഡിആർഐയുടെ തീരുമാനം. പ്രതികൾ സ്വർണത്തിനും കറൻസികൾക്കും പുറമേ ലഹരിവസ്തുക്കളും കടത്തിയിരുന്നെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിനായാണ് സംസ്ഥാന അതിർത്തിയിൽ പെൺകുട്ടികളെ താമസിപ്പിച്ചത് എന്നാണ് വിവരം.

ആഡംബര വാഹനങ്ങളും യുവതികളെയും ഉപയോഗിച്ച് ലഹരിവസ്തുക്കൾ സംസ്ഥാന അതിർത്തി കടത്തിയിരുന്നതായാണ് സൂചന. എന്നാൽ പ്രതികൾ ഇക്കാര്യങ്ങളിൽ കൃത്യമായ വിവരങ്ങൾ വെളിപ്പെടുത്താൻ തയാറാകുന്നില്ലെന്നു പൊലീസ് പറയുന്നു. പരാതികളുമായെത്തിയ യുവതികൾ നൽകുന്ന വിവരങ്ങൾ ഇക്കാര്യത്തിൽ നിർണായകമാകുമെന്ന പ്രതീക്ഷയാണ് പൊലീസിനുള്ളത്.

ഇതിനിടെ പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിക്കാനും ശ്രമമുണ്ട്. ഭീഷണിയുണ്ടെന്ന് ഏയ്ഞ്ചൽ എന്ന ആലപ്പുഴക്കാരിയായ മോഡൽ കഴിഞ്ഞ ദിവസം പരാതിപ്പെട്ടിരുന്നു. പ്രതികൾ സ്വർണം കടത്തുന്നതിനും നടിയുടെ വീട്ടിൽ വിവാഹാലോചനയുമായി വന്നതിനും ഉപയോഗിച്ച ആഡംബര വാഹനങ്ങൾ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരിൽനിന്ന് ഒരു ചെറിയ കാർ മാത്രമാണ് കണ്ടെടുത്തത്.

വിലകൂടിയ വാഹനങ്ങൾ ഇവർ വാടകയ്ക്ക് എടുത്തിരുന്നതായാണ് ഇപ്പോൾ പൊലീസ് സംശയിക്കുന്നത്. അങ്ങനെയെങ്കിൽ ആഡംബര വാഹനങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും അന്വേഷണ പരിധിയിൽ കൊണ്ടുവരും.

ഇതിനിടെ, തട്ടിപ്പു സംഘത്തിന്റെ മുഖ്യ ആസൂത്രകൻ ഗൾഫിൽ നിന്നെത്തി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച് ചികിത്സയിലാണ്. രോഗം ഭേദമായ ശേഷം ഇയാളെ ചോദ്യം ചെയ്യുമെന്ന് ഡിസിപി അറിയിച്ചിട്ടുണ്ട്. കേസന്വേഷണത്തിന്റെ പുരോഗതി ഐജി വിജയ് സാഖറെയെ അറിയിക്കും.

English Summary: Shamna Kasim Blackmailing Case - Accused used actors for gold smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA