ADVERTISEMENT

ന്യൂഡൽഹി∙ അതിർത്തി പ്രശ്നങ്ങളെ തുടർന്ന് ചൈനീസ് ആപ്പുകൾ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചതിനു പിന്നാലെ ടിക് ടോക് ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കു ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയാത്ത തരത്തില്‍ ബ്ലോക്ക് ചെയ്തു. ആപ്പിള്‍ ആപ്പ് സ്‌റ്റോറില്‍നിന്നും ഇനി ഇന്ത്യയില്‍ ടിക്‌ടോക് ഡൗണ്‍ലോഡ് ചെയ്യാനാവില്ല. 'നിങ്ങളുടെ രാജ്യത്ത് ഈ ആപ്പ് ലഭ്യമല്ല' എന്ന സന്ദേശമാണ് ഇപ്പോള്‍ ലഭിക്കുന്നത്.

യുസി ബ്രൗസർ, ക്യാം സ്കാനർ, ഹലോ എന്നിവയുൾപ്പെടെ 59 മൊബൈൽ, ഇന്റർനെറ്റ് ആപ്ലിക്കേഷനുകളാണ് കേന്ദ്ര ഐടി മന്ത്രാലയം ഇന്നലെ നിരോധിച്ചത്. ചൈനയിലുള്ളതോ ചൈനക്കാർക്കു മുതൽമുടക്കുള്ളതോ ആയ കമ്പനികളുടെ ആപ്പുകൾക്കാണ് നിരോധനം. വരും ദിവസങ്ങളിൽ മറ്റ് ആപ്പുകളും പ്ലേ സ്റ്റോറിൽനിന്ന് നീക്കം ചെയ്യുമെന്നാണ് കരുതുന്നത്.

ടിക്ടോക് അടക്കം 59 ആപ്പുകൾ ബ്ലോക്ക് ചെയ്യുന്നതിന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് അംഗീകരിക്കുന്നുവെന്ന് ടിക്ടോക് ഇന്ത്യയുടെ ചെയർമാൻ നിഖിൽ ഗാന്ധി. വിശദീകരണം നൽകുന്നതിനായി സർക്കാർ‌ വൃത്തങ്ങളെ കാണും. ഇന്ത്യൻ നിയമത്തിന്റെ കീഴിൽവരുന്ന എല്ലാ വിവരസുരക്ഷ ക്രമീകരണങ്ങളും പാലിച്ചാണ് ടിക്ടോക് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ഉപഭോക്താക്കളുടെ വിവരങ്ങൾ ചൈനയടക്കം വിദേശരാജ്യങ്ങളുമായി പങ്കുവയ്ക്കാറില്ല. ഭാവിയിൽ അവർ ആവശ്യപ്പെട്ടാലും ഇത് നൽകില്ല. സുരക്ഷയ്ക്ക് വളരെ പ്രാധാന്യം നൽകുന്നുണ്ടെന്നും നിഖിൽ പറഞ്ഞു.

TikTok
ടിക്ടോക് സെർച്ച് ചെയ്യുമ്പോൾ പ്ലേ സ്റ്റോറിൽനിന്ന് ലഭിക്കുന്ന സന്ദേശം

ക്ലബ് ഫാക്ടറി ഉൾപ്പെടെയുള്ള ഇ–കൊമേഴ്സ് സംവിധാനങ്ങളും ഏതാനും ഗെയിമുകളും നിരോധിത പട്ടികയിൽ ഉൾപ്പെടുന്നു. ആപ്പുകളിൽ ചിലതിന്റെ ഉടമകൾ, ചൈനീസ് പശ്ചാത്തലം പരസ്യപ്പെടുത്താതെ, സിംഗപ്പൂർ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നു പ്രവർത്തിക്കുന്നവയാണ്. നിരോധിച്ചതിൽ യുസി ന്യൂസ് ഉൾപ്പെടെ ചിലത് ഇന്ത്യ – ചൈന ബന്ധം വഷളായ സാഹചര്യത്തിൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു.

ഡേറ്റ സുരക്ഷയും പൗരൻമാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും കണക്കിലെടുത്താണു വിവര സാങ്കേതികവിദ്യാ നിയമത്തിലെ 69എ വകുപ്പുപ്രകാരമുള്ള നടപടി. പാർലമെന്റിലുൾപ്പെടെ ഉന്നയിക്കപ്പെട്ട ആശങ്കയും കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിനു ലഭിച്ച പരാതിയും ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശയും പരിഗണിച്ചാണു നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി.

നിരോധിക്കപ്പെട്ട ആപ്പുകൾ

ടിക് ടോക്, ഷെയർഇറ്റ്, ക്വായ്, യുസി ബ്രൗസർ, ബൈഡു മാപ്പ്, ഷീൻ, ക്ലാഷ് ഓഫ് കിങ്സ്, ‍ഡിയു ബാറ്ററി സേവർ, ഹലോ, ലൈക്കീ, യുക്യാം മേക്കപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസർ, വൈറസ് ക്ലീനർ, എപിയുഎസ് ബ്രൗസർ, റോംവീ, ക്ലബ് ഫാക്ടറി, ന്യൂസ്ഡോഗ്, ബ്യൂട്രൈ പ്ലസ്, വി ചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയിൽ, വെയ്ബോ, എക്സെൻഡർ, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്ഫീഡ്, ബിഗോ ലൈവ്, സെൽഫിസിറ്റി, മെയിൽ മാസ്റ്റർ, പാരലൽ സ്പേസ്, മി വിഡിയോകോൾ, വി സിങ്ക്, ഇഎസ് ഫയൽ എക്സ്പ്ലോറർ, വിവ വിഡിയോ, മെയ്ടു, വിഗോ വിഡിയോ, ന്യൂ വിഡിയോ സ്റ്റേറ്റസ്, ഡിയു റെക്കോർഡർ, വോൾട്ട് – ഹൈഡ്, ക്യാച്ചെ ക്ലീനർ, ഡിയു ക്ലീനർ, ഡിയു ബ്രൗസർ, ഹേഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്സ്, ക്യാം സ്കാനർ, ക്ലീൻ മാസ്റ്റർ, വണ്ടർ ക്യാമറ, ഫോട്ടോ വണ്ടർ, ക്യുക്യു പ്ലേയർ, വീ മീറ്റ്, സ്വീറ്റ് സെൽഫി, ബൈഡു ട്രാൻസ്‌ലേറ്റ്, വിമേറ്റ്, ക്യുക്യു ഇന്റർനാഷനൽ, ക്യുക്യു സെക്യൂരിറ്റി സെന്റർ, ക്യുക്യു ലോഞ്ചർ, യു വിഡിയോ, വി ഫ്ലൈ സ്റ്റേറ്റസ് വിഡിയോ, മൊബൈൽ ലെജൻഡ്സ്, ഡിയു പ്രൈവസി.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com