ADVERTISEMENT

കൊച്ചി∙ എഎസ്ഐ ടി.ബാബുകുമാർ വധശ്രമക്കേസിൽ ഡിവൈഎസ്പി സന്തോഷ് എം.നായർ ഉൾപ്പെടെ 4 പ്രതികൾക്ക് 10 വർഷം തടവും പിഴയും വിധിച്ച സിബിഐ കോടതി ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. കുറ്റവാളികളെന്ന് കോടതി കണ്ടെത്തിയ സന്തോഷ് എം. നായർ, വിനീഷ് എന്ന ജിണ്ട അനി, കണ്ടെയ്നർ സന്തോഷ് എന്ന സന്തോഷ് കുമാർ, പെന്റവി എഡ്വിൻ എന്നിവരുടെ അപ്പീൽ ഹർജി ഫയലിൽ സ്വീകരിച്ചാണ് ജസ്റ്റിസ് ടി.വി. അനിൽകുമാറിന്റെ ഉത്തരവ്. കേസിൽ നാലും അഞ്ചും പ്രതികളെ കോടതി തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചിരുന്നു.

2011 ജനുവരി 11ന് ആണ് എഎസ്ഐ ടി. ബാബുകുമാറിനു നേരെ വധശ്രമം നടന്നത്. 2009 ൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കൊല്ലം ആശ്രാമം ഗെസ്റ്റ്ഹൗസിൽ നടത്തിയ മദ്യസൽക്കാരം മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്ന സംശയത്തിലായിരുന്നു ഇത്. ബാബുകുമാറിനെ കൊല്ലാൻ കണ്ടെയ്നർ സന്തോഷും സന്തോഷ് എം.നായരും ചേർന്നു ജിണ്ട അനിക്കു ക്വട്ടേഷൻ നൽകിയെന്നാണു സിബിഐ കേസ്. 4 പേർക്കെതിരെ ബാബുകുമാർ മൊഴി നൽകിയെങ്കിലും പ്രഥമ വിവര റിപ്പോർട്ടിൽ ഒരാളുടെ പേർ മാത്രമാണ് ഉൾപ്പെടുത്തിയത്.

തുടർന്നു ബാബുകുമാർ നൽകിയ ഹർജിയിൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കാൻ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. ഈ അന്വേഷണവും നേർവഴിക്കല്ല എന്നു കാണിച്ചു ബാബുകുമാർ പിന്നീട് ഹൈക്കോടതിയെ സമീപിച്ചു. 2013ൽ കേസ് സിബിഐയ്ക്കു വിട്ടു. സിബിഐ അന്വേഷണത്തിലാണ് ഡിവൈഎസ്പി സന്തോഷ് എം.നായർ പ്രതിയായത്. അഞ്ചാം പ്രതിയായ സിഐ എസ്.വിജയന്റെ ഭീഷണിയെത്തുടർന്നു കേസ് അട്ടിമറിക്കാൻ കൂട്ടുനിന്നെന്ന അന്നത്തെ എസ്ഐയും കേസിലെ മാപ്പുസാക്ഷിയുമായ സുന്ദരേശന്റെ മൊഴിയാണ് നിർണായകമായത്. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ജഡ്ജി കെ. സനൽ കുമാറാണ് ഇവർക്ക് ശിക്ഷ വിധിച്ചത്.

Content Highlight: ASI Babu Kumar Murder Attempt Case, High Court of Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com