sections
MORE

സേവനത്തോടല്ല, ഡേറ്റ കൈകാര്യം ചെയ്യുന്ന ശൈലിയോടാണ് സർക്കാരിന് എതിർപ്പ്; പ്രതീക്ഷയിൽ ടിക്ടോക്

TikTok | Narendra Modi
SHARE

രണ്ടു വർഷം കൊണ്ടു നേടിയ അവിശ്വസനീയമായ വളർച്ച ഒറ്റരാത്രി കൊണ്ട് അസ്തമിക്കുന്നതിന്റെ നടുക്കം. ഇന്ത്യയിൽ 12 കോടി ഉപയോക്താക്കളുള്ള ടിക്ടോക്കിലെ ആഘോഷങ്ങൾക്കു കർട്ടൻ വീഴുമ്പോൾ ഒറ്റയടിക്ക് വലിയൊരു വിഭാഗം ഉപയോക്താക്കളെ നഷ്ടപ്പെടുന്ന ചൈനീസ് കമ്പനിക്ക് അപ്രതീക്ഷിതമായ തിരിച്ചടിയാണ്. ഒപ്പം, ചൈനീസ് കടന്നുകയറ്റത്തിനു ശേഷം വലിയ പ്രചാരം നേടിയ മിത്രോം ഉൾപ്പെടെ ടിക്ടോക്കിന്റെ ഇന്ത്യൻ ബദലുകൾക്കു വലിയ വളർച്ചാസാധ്യത കൂടിയാണ് ഈ നിരോധനം.

മ്യൂസിക്കലി എന്ന ആപ്പുമായി ലയിച്ച ശേഷം 2018 ലാണ് ടിക്ടോക് ലോകമെങ്ങും ലഭ്യമായത്. ഇന്ത്യയിൽനിന്ന് ഏറ്റവും അധികം ഉപയോക്താക്കളെ നേടി ആകെ 200 കോടി ഉപയോക്താക്കൾ എന്ന ചരിത്രനേട്ടം കൈവരിച്ചത് ഈ വർഷം ആദ്യമാണ്. ആയിരക്കണക്കിനു പ്രതിഭകൾക്ക് തങ്ങളുടെ കഴിവു തെളിയിക്കാൻ അവസരമൊരുക്കിയ ആപ്പിന് വിലക്കേർപ്പെടുത്തുമ്പോൾ ഉപയോക്താക്കളുടെ ഏറ്റവും വലിയ ആശങ്ക തങ്ങളുടെ ഫോണിലുള്ള ആപ് ഇനി പ്രവർത്തിക്കില്ലേ എന്നതായിരുന്നു.

ആപ് സർക്കാർ വിലക്കിയാൽ ഔദ്യോഗിക ആപ്സ്റ്റോറുകളിൽനിന്ന് അതു നീക്കം ചെയ്യുകയാണ് ആദ്യനടപടി. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ് സ്റ്റോർ എന്നിവയിൽ നിന്ന് ആപ്പുകൾ അപ്രത്യക്ഷമായി. ഇന്റർനെറ്റ് ബന്ധം ആവശ്യമില്ലാത്തവക്യാംസ്കാനർ, ഇഎസ് ഫയൽ എക്സ്പ്ലോറർ തുടങ്ങിയ ആപ്പുകളുടെയും റെഡ്മി ഫോണുകളിൽ പ്രീ ഇൻസ്റ്റാൾഡ് ആയി എത്തുന്ന മി വിഡിയോകോൾ, മി കമ്യൂണിറ്റി തുടങ്ങിയ ആപ്പുകളുടെയും നിരോധനം എങ്ങനെ നടപ്പാക്കും എന്നതിൽ വ്യക്തതയായിട്ടില്ല.

ടിക്ടോക്കിനൊപ്പം നിരോധിക്കപ്പെടുന്ന ആപ്പുകളിൽ പലതും ഏറെ പ്രചാരമുള്ളവയാണ്. ഫയൽ ഷെയറിങ്ങിനായി വ്യാപകമായി ഉപയോഗിച്ചിരുന്ന എക്സെൻഡർ, ഷെയർ ഇറ്റ്, ഡേറ്റാ മോഷണത്തിനു പേരുകേട്ട മൊബൈൽ വെബ് ബ്രൗസറുകളായ യുസി, സിഎം, എപിയുഎസ്, ഡോക്യുമെന്റ് സ്കാനർ ആയ ക്യാംസ്കാനർ എന്നിവ ഇവയിൽ ഉൾപ്പെടും.

ചൈനയിൽ വാട്സാപ്പിനു ബദലായി പ്രചാരത്തിലുള്ള വിചാറ്റ്, മൊബൈൽ വിഡിയോ എഡിറ്റിങ് ആപ്പായ വിവ വിഡിയോ എന്നിവയും ഏറെ പ്രചാരമുള്ളതാണ്. അതേസമയം, ചൈനീസ് കമ്പനിയായ ടെൻസെന്റിനു നിക്ഷേപമുള്ള പബ്ജി ഉൾപ്പെടെ ചൈനീസ് ബന്ധമുള്ള മറ്റു പല ആപ്പുകളും നിരോധിക്കപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

നിരോധിക്കപ്പെട്ട 59 ആപ്പുകളിൽ ടിക്ടോക് ആയിരുന്നു താരം. അതുകൊണ്ടുതന്നെ നടപടികൾ ആദ്യമാരംഭിച്ചതും ടിക്ടോക്കിന്റെ കാര്യത്തിലാണ്. നിരോധിക്കപ്പെട്ട മറ്റ് ആപ്പുകളിൽ മിക്കവയും ആപ്ലിക്കേഷൻ സ്റ്റോറുകളിൽ തുടരുമ്പോൾ ഗൂഗിളും ആപ്പിളും ആദ്യം നീക്കിയത് ടിക്ടോക്കിനെയാണ്. ഉപയോക്താക്കളുടെ എണ്ണത്തിലും ജനപ്രിയതയിലും മുന്നിട്ടുനിൽക്കുന്ന ആപ്പിന്റെ വേരറുക്കുമ്പോൾ, ഡിജിറ്റൽ സുരക്ഷയും രാജ്യസുരക്ഷയുടെ ഭാഗമാണെന്ന വ്യക്തമായ സന്ദേശമാണു കേന്ദ്രസർക്കാർ നൽകുന്നത്.

സർക്കാരിനു വിശദീകരണം നൽകുമെന്നും മാനദണ്ഡങ്ങൾ പാലിച്ചു തുടർന്നും പ്രവർത്തിക്കുമെന്നുമുള്ള ‘ടിക്ടോക് ഇന്ത്യ’യുടെ പ്രതികരണം, ഇനിയും ചർച്ചകളിലൂടെ മടങ്ങിവരാനുള്ള സാധ്യത നിലനിൽക്കുന്നു എന്ന പ്രതീക്ഷയാണു നൽകുന്നത്. ടിക്ടോക് നൽകുന്ന സേവനത്തോടല്ല, ഉപയോക്താക്കളുടെ ഡേറ്റ കൈകാര്യം ചെയ്യുന്ന ശൈലിയോടാണ് സർക്കാരിന് എതിർപ്പ്. അതാണ് ടിക്ടോക്കിന്റെ അവസാന പ്രതീക്ഷയും. ഡേറ്റ മോഷണത്തിന്റെ പേരിൽ മുൻപ് യുസി ബ്രൗസറിനെ പ്ലേസ്റ്റോറിൽനിന്നു ഗൂഗിൾ നീക്കം ചെയ്തപ്പോൾ ആപ് പരിഷ്കരിച്ച് സിംഗപ്പൂർ വിലാസത്തിൽ വീണ്ടുമെത്തിക്കുകയായിരുന്നു. അതേ രീതിയിൽ ആക്ഷേപങ്ങൾ പരിഹരിച്ച്, ഇവിടെത്തന്നെ ഡേറ്റ സെന്റർ സ്ഥാപിച്ച് ഏറ്റവും വലിയ വിപണിയായ ഇന്ത്യയിലേക്കു തിരികെയെത്താൻ ടിക്ടോക് ശ്രമിച്ചേക്കും.

3 വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഡേറ്റ സെന്റർ സ്ഥാപിക്കുമെന്ന് 2019 ജൂലൈയിൽ ടിക്ടോക് പ്രഖ്യാപിച്ചിരുന്നു. അതിനി നടക്കാനിടയില്ല. ഇന്ത്യയിൽ നടത്തുമെന്നു പ്രഖ്യാപിച്ച 100 കോടി ഡോളറിന്റെ നിക്ഷേപവും വേണ്ടെന്നു വച്ചേക്കും. ടിക്ടോക് ഉടമകളായ ബൈറ്റ്‌‍ ഡാൻസിന്റെ മൂല്യത്തിലും ഓഹരിയിലും വലിയ ഇടിവുണ്ടാകും.

നെറ്റ് വേണ്ടാത്ത ആപ്പുകൾ

നിരോധിക്കപ്പെട്ട ആപ്പുകളെല്ലാം ടിക്ടോക് പോലെ ഇന്റർനെറ്റിനെ ആശ്രയിച്ചു പ്രവർത്തിക്കുന്നവയല്ല. ക്യാംസ്കാനർ, ഷെയർഇറ്റ്, എക്സെൻഡർ, ക്ലീൻ മാസ്റ്റർ തുടങ്ങിയ യൂട്ടിലിറ്റി ആപ്പുകൾ നെറ്റ് കണക്‌ഷനില്ലെങ്കിലും തുടർന്നും പ്രവർത്തിക്കും. എന്നാൽ, ആപ് അപ്ഡേറ്റ് ലഭിക്കാതെ വരുന്നതോടെ ഇവയും ഉപയോഗശൂന്യമാകും.

ധനനഷ്ടം ആർക്ക് ?

ടിക്ടോക്കിന്റെയും നിരോധിക്കപ്പെട്ട മറ്റു ചൈനീസ് ആപ്പുകളുടെയും വരുമാനം പ്രധാനമായും രണ്ടു തരത്തിലാണ്. ആപ് ഉപയോഗിക്കുന്നതിനിടെ ഉപയോക്താക്കൾ നടത്തുന്ന പർച്ചേസുകളിൽ (In-app Purchase) നിന്നുള്ള വരുമാനവും ആപ്പിൽ പ്രദർശിപ്പിക്കുന്ന പരസ്യങ്ങളിൽനിന്നുള്ള വരുമാനവും.

ടിക്ടോകിന്റെ കാര്യമെടുത്താൽ ഇഷ്ടപ്പെട്ട വിഡിയോകളുടെ ക്രിയേറ്റർമാർക്കു സമ്മാനിക്കാവുന്ന വെർച്വൽ ഗിഫ്റ്റുകൾ (പാൻഡ, സൺക്രീം തുടങ്ങിയവ) വാങ്ങണമെങ്കിൽ ടിക്ടോക് കോയിൻ എന്ന വെർച്വൽ നാണയം വേണം. ഇത് യഥാർഥ പണം കൊടുത്തുവേണം വാങ്ങാൻ. ഇത്തരം പർച്ചേസുകളിലൂടെയാണു ടിക്ടോക് വരുമാനമുണ്ടാക്കുന്നത്. ടിക്ടോക്കിന്റെ ആകെ വരുമാനത്തിന്റെ 10% ഇന്ത്യയിൽനിന്നാണെന്നാണു കണക്ക്.

ഉപയോക്താക്കൾ അഥവാ ടിക്ടോക് ക്രിയേറ്റർമാർക്കുമുണ്ട് വരുമാനനഷ്ടം. യുട്യൂബ് പോലെ വരുമാനം ക്രിയേറ്റർമാരുമായി പങ്കിടുന്ന ശൈലി ടിക്ടോക്കിനില്ല. എന്നാൽ, ലക്ഷക്കണക്കിനു ഫോളോവേഴ്സുള്ള ക്രിയേറ്റർമാർക്കു സ്പോൺസർഷിപ് വഴി വരുമാനം നേടാം. ടിവിയിൽ പരസ്യം നൽകുന്നതുപോലെ പല ബ്രാൻഡുകളും ടിക്ടോക് വിഡിയോകൾക്കിടെ തങ്ങളുടെ ഉൽപന്നം പ്രദർശിപ്പിക്കാനും പ്രചരിപ്പിക്കാനും ക്രിയേറ്റർമാർക്കു പണം നൽകാറുണ്ട്. ഇത്തരത്തിൽ വൻ വരുമാനം നേടുന്ന ആയിരക്കണക്കിനു ക്രിയേറ്റർമാർ ഇന്ത്യയിലുണ്ട്.

യുസി ബ്രൗസർ പോലെയുള്ള ആപ്പുകൾ വരുമാനം നേടുന്നതു പരസ്യങ്ങളിലൂടെയാണ്. അശ്ലീലം കലർന്ന ഉള്ളടക്കമുൾപ്പെടെ നൽകി അതിനിടയിൽ പരസ്യങ്ങൾ വാരിവിതറും. ഈ പേജുകൾ ഉപയോക്താക്കൾ സന്ദർശിക്കുന്നതനുസരിച്ച് ആപ്പിനു വരുമാനവും ലഭിക്കും.

English Summary: Chinese Apps ban in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA