ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 131 േപർ രോഗമുക്തി നേടി. ജൂൺ 27ന് കോഴിക്കോട് ആത്മഹത്യ ചെയ്ത നടക്കാവ് സ്വദേശി കൃഷ്ണന്റെ സ്രവപരിശോധനാ ഫലം പോസിറ്റീവായതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കോവിഡ് പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്

മലപ്പുറം 34

കണ്ണൂർ 27

പാലക്കാട് 17

തൃശൂർ 18

എറണാകുളം 12

കാസർകോട് 10

ആലപ്പുഴ 8

പത്തനംതിട്ട 6

കോഴിക്കോട് 6

തിരുവനന്തപുരം 4

കൊല്ലം 3

വയനാട് 3

കോട്ടയം 4

ഇടുക്കി 1

കോവിഡ് നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 3

കൊല്ലം 21

പത്തനംതിട്ട 5

ആലപ്പുഴ 9

കോട്ടയം 6

ഇടുക്കി 2

എറണാകുളം 1

തൃശൂർ 16

പാലക്കാട് 11

മലപ്പുറം 12

കോഴിക്കോട് 15

വയനാട് 2

കണ്ണൂർ 13

കാസർകോട് 16.

ഇന്ന് ഡോക്ടേഴ്സ്‍ ഡേയാണ്. ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും വിശ്രമരഹിതമായ അധ്വാനമാണ് കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ അടിത്തറകളിലൊന്ന്. ലോകത്തിന്റെ നാനാകോണുകളിലും ജീവൻ വരെ ബലി കൊടുത്താണ് ആരോഗ്യ പ്രവർത്തകർ കോവിഡിനെതിരെ പടപൊരുതുന്നത്. ലോക്ഡൗൺ പിൻവലിച്ചതിനെ തുടർന്ന് മറ്റു രാജ്യങ്ങളില്‍നിന്നും സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ തിരികെയെത്തി തുടങ്ങിയതോടെ രോഗികളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്.

എങ്കിലും സമ്പർക്ക രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധന ഇല്ലെന്നും മരണ നിരക്ക് വലുതായി വർധിച്ചിട്ടില്ല എന്നതും നമുക്ക് ആശ്വാസം നൽകുന്നു. വരും ദിവസങ്ങളിൽ നമുക്ക് കൂടുതല്‍ വെല്ലുവിളികളെ നേരിടേണ്ടിവന്നേക്കാം. ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും കോവിഡ് വ്യാപനത്തെ ചെറുക്കാൻ മുന്നിൽ നിൽക്കുമെന്ന് ഉറപ്പുണ്ട്്. ഡോക്ടർ ബി.സി.റോയിയുടെ ജന്മദിനമാണ് ഇന്ത്യയി്ൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്.

മനുഷ്യരാശിയുടെ രക്ഷയ്ക്കായി ആത്മാർപ്പണം ചെയ്യുന്ന ഡോക്ടർമാരാണ് ഈ ദിനത്തിൽ ആദരിക്കപ്പെടുന്നത്. നമ്മുടെ പൊതുജന ആരോഗ്യ സംവിധാനത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ഡോക്ടർമാർ സ്തുത്യർഹമായ പങ്കാണു വഹിക്കുന്നത്. ലോകം ആദരിക്കുന്ന കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ കീർത്തിയുടെ വലിയൊരു പങ്കും ഡോക്ടർമാർക്ക് അവകാശപ്പെട്ടതാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ നമ്മുടെ ഡോക്ടർമാർ കേരളത്തിൽ മാത്രമല്ല, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും പല ലോകരാജ്യങ്ങളിലും സേവനത്തിന്റേതായ പുതിയ മാതൃകകൾ സൃഷ്ടിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ 6524 സാംപിളുകൾ പരിശോധിച്ചു. ഇതുവരെ 4593 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2130 പേരാണ്. 1,87,219 പേരാണ് നിരീക്ഷണത്തിലുള്ളത്. 2831 പേർ ആശുപത്രികളിലാണ്. ഇന്ന് 290 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,81,780 സാംപിളുകൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു. 4042 സാംപിളുകളുടെ റിസൾട്ട് വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ വിഭാഗത്തിൽപെട്ട 50,448 സാംപിളുകൾ ശേഖരിച്ചു. അതില്‍ 48,448 സാംപിളുകള്‍ നെഗറ്റീവായി. സംസ്ഥാനത്തെ ഹോട്സ്പോട്ടുകൾ‌‍ 124.

ട്രിപ്പിൾ ലോക്ഡൗൺ  നിലവിലുള്ള പൊന്നാനിയില്‍ പൊലീസ് കർശന ജാഗ്രത പുലർത്തിവരികയാണ്. ഉത്തരമേഖല ഐജി അശോക് യാദവ് പൊന്നാനിയിൽ പൊലീസിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി വരുന്നു. പച്ചക്കറി കടകൾ ഉൾപ്പെടെ അഞ്ച് പഞ്ചായത്തുകൾക്കു വീതം മാത്രമാണ് താലൂക്കിലെ ഓരോ പഞ്ചായത്തിലും പ്രവർത്തിക്കാൻ അനുവാദമുള്ളത്.

ഈ കടകളുടെ  മൊബൈൽ നമ്പർ പൊലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാധന സാമഗ്രികൾ ആവശ്യമുള്ളവർ ഈ നമ്പരുകളിൽ ബന്ധപ്പെട്ട് ഓർഡർ നൽകണം. ഒരു വാർഡിൽ രണ്ട്  പേരെന്ന കണക്കിൽ ജില്ലാ കലക്ടർ പാസ് നൽകിയ വൊളന്റിയർമാർ, കടകളിൽനിന്ന് സാധന സാമഗ്രികൾ വീട്ടിലെത്തിച്ചു നൽകും. സാമൂഹിക അകലം പാലിക്കാത്തതിന് പൊന്നാനി താലൂക്കിൽ 16 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആരോഗ്യ  വകുപ്പിന്റെ നിര്‍ദേശം അനുസരിക്കാതെ രോഗികളെ ഡിസ്ചാർജ് ചെയ്തതിനു പൊന്നാനി താലൂക്കിലെ ഒരു സ്വകാര്യ ആശുപത്രിക്കെതിരെ കേസ് എടുത്തു. രോഗികളുടെ എണ്ണം വ്യാപിക്കുന്ന സാഹചര്യത്തിൽ വാർഡ് തല സമിതികളുടെ പ്രവർത്തനം സജീവമാക്കാൻ നിർദേശിച്ചു. ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്നവർ നാട്ടിലേക്ക് പോകുമ്പോൾ വാർഡ് തല സമിതികളെ അറിയിക്കണം. മാസ്ക് ധരിക്കാത്ത 5373 സംഭവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ക്വാറന്റീൻ ലംഘിച്ച 15 പേർക്കെതിരെ കേസെടുത്തു.

തീവണ്ടികളിലും മറ്റും വരുന്നവർ ക്വാറന്റീൻ ഒഴിവാക്കാൻ ശ്രമം നടത്തുന്നതായി വിവരമുണ്ട്. അത് അപകടകരമാണ്. നല്ല ജാഗ്രതയോടെ അത്തരം നീക്കങ്ങൾ കണ്ടെത്തി തടയും. പൊതു ഓഫിസുകൾ അണുവിമുക്തമാക്കാൻ കുടുംബശ്രീയുടെ പ്രവർത്തനം പ്രയോജനപ്പെടുത്തും. ടെലി മെഡിസിൻ ആരംഭിച്ചത് ഈ ഘട്ടത്തിൽ ആശുപത്രികളിൽ ‌ പോകാന്‍ കഴിയാത്ത രോഗികൾക്ക് വലിയ ആശ്വാസമായിട്ടുണ്ട്. അത് പ്രാദേശിക തലത്തിലും വ്യാപിപ്പിക്കണം. എല്ലായിടത്തും അതിനുള്ള സൗകര്യം വേണം. സ്വകാര്യ ആശുപത്രികളെ ഇതിന്റെ ഭാഗമാക്കും.

കോവിഡ് ചികിത്സ ഇപ്പോൾ നടത്തുന്നതു സർക്കാർ ആശുപത്രികളിൽ മാത്രമാണ്. ഇതിന്റെ അനുഭവം സ്വകാര്യമേഖലയ്ക്കു കൂടി പങ്കുവയ്ക്കും. ഈ ഘട്ടത്തിൽ ജോലിക്കു പോകാത്ത സർക്കാർ ജീവനക്കാരും അധ്യാപകരും കോവി‍ഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമാകണമെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. ഇക്കാര്യം ജില്ലാ കലക്ടർമാർ ഉറപ്പു വരുത്തണം. എല്ലാ പഞ്ചായത്തിലും ജീവനക്കാർ  ഉൾപ്പെടുന്ന സമിതി രൂപീകരിക്കണം. ഇപ്പോൾ പ്രതിരോധ പ്രവർത്തന രംഗത്തുള്ള സാമൂഹിക സന്നദ്ധ പ്രവർത്തകർക്ക് ഇതു വലിയ പിന്തുണയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

CHILE-HEALTH-VIRUS

തെറ്റായ കാര്യങ്ങൾ നടന്നിട്ടില്ല, ഇനി നടക്കുകയുമില്ല

ഇലക്ട്രിക് ബസ് നിർമാണ പദ്ധതിക്കായി (ഇ മൊബിലിറ്റി) ഒരു കമ്പനിയുമായും എംഒയു ഒപ്പിട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി. എല്ലാ നടപടിക്രമവും പാലിച്ചേ അന്തിമ തീരുമാനം ഉണ്ടാകൂ. ബഹളം വച്ച് നിക്ഷേപ കമ്പനിയെ കേരളത്തില്‍നിന്ന് പറിച്ചു മാറ്റാൻ കുബുദ്ധികൾ ശ്രമിച്ചാൽ ആ അജൻഡയ്ക്ക് പുറകേ പോകാൻ സർക്കാരിനെ കിട്ടില്ല. ഒരു പദ്ധതിയുമായി ബന്ധപ്പെട്ടും തെറ്റായ കാര്യങ്ങൾ നടന്നിട്ടില്ലെന്നും ഇനി നടക്കുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാവിക്ക് അനിവാര്യമായ പദ്ധതികൾ സർക്കാർ ഉപേക്ഷിക്കില്ല. ഇലക്ട്രിക് ബസ് പദ്ധതി കേരളത്തിൽനിന്ന് കൊണ്ടുപോകാൻ ശ്രമം നടക്കുന്നുണ്ട്. അത്തരം ശ്രമത്തിന് വളംവയ്ക്കരുതെന്നു പ്രതിപക്ഷ നേതാവിനോട് അഭ്യർഥിക്കുകയാണ്. പ്രൈസ് വാട്ടർ കൂപ്പേഴ്സിനെ സെബി നിരോധിച്ചെങ്കിൽ എങ്ങനെയാണ് കേന്ദ്രം അംഗീകരിച്ച കമ്പനികളുടെ പാനലിൽ വരുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

ഉത്തരവാദിത്തപ്പെട്ട സ്ഥാനത്താണ് ഇരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഓർക്കണം. അദ്ദേഹം ഇന്നലെ പറഞ്ഞത് ചീഫ് സെക്രട്ടറി കണ്ടെത്തിയതിനാലാണ് ഇലക്ട്രിക് ബസ് നിർമാണ കരാറിലേക്കു പോകാത്തതെന്നാണ്. അത് സമർഥിക്കാന്‍ ഫയലിന്റെ ഭാഗം ഉയർത്തിക്കാട്ടി. ഫയലിൽ ഒരു ഭാഗം മാത്രം കണ്ടാൽ പോരല്ലോ. മുൻപും പിന്‍പും ഉള്ളത് വിട്ടുപോകരുത്. ഫയൽ ചീഫ് സെക്രട്ടറിയുടെ അടുത്ത് തനിയെ നടന്നു പോയതല്ല. അതിനു മുൻപ് മുഖ്യമന്ത്രി ഒരു വാചകം എഴുതി: ‘ചീഫ് സെക്രട്ടറി കാണുക, അഭിപ്രായം പറയുക’. ഒരു തവണ മാത്രമല്ല മുഖ്യമന്ത്രി പരിശോധന വേണമെന്ന് ആവശ്യപ്പെട്ടത്. ഫയൽ മനസിരുത്തി വായിക്കാൻ പ്രതിപക്ഷ നേതാവ് തയാറാകണം. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഉറപ്പുവേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: New 151 Covid positive cases reported in Kerala on July 01, 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com