ADVERTISEMENT

ഒരു വംശത്തെ തന്നെ രാജ്യത്തു നിന്ന് ഉന്മൂലനം ചെയ്യാനുള്ള അത്യന്തം ക്രൂരമായ നടപടികളുമായി ചൈന നീങ്ങുന്നതായി റിപ്പോർട്ടുകൾ. ഉയിഗുർ വംശജരുടെ ജനനനിരക്കു കുറയ്ക്കാനായി നിർദയമായ നടപടികളാണ് നടപ്പാക്കുന്നത്. നിർബന്ധിത ഗർഭമലസിപ്പിക്കലും വന്ധ്യംകരണവും വരെ ഇതിനായി‌ ചൈന നടപ്പാക്കുന്നതായി രാജ്യാന്തര വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്യുന്നു.

ഉയിഗുറുകൾക്കിടയിൽ നിർബന്ധിത ജനന നിയന്ത്രണം ചൈന അടിച്ചേൽപ്പിക്കുന്നത് ഇവിടെനിന്നു രക്ഷപ്പെട്ട സ്ത്രീകൾ നേരത്തേ പലതവണ വെളിപ്പെടുത്തിയിരുന്നു. എന്നാൽ എപിയുടെ അന്വേഷണ റിപ്പോർട്ട് വെളിച്ചം വീശുന്നത് മനുഷ്യാവകാശത്തെപ്പോലും ഹനിക്കുന്ന ഈ നടപടി ചൈന വ്യാപകമായി നടപ്പാക്കുന്നുവെന്നാണ്. ഇതിന് അന്വേഷകർ ആധാരമാക്കിയത് സർക്കാർ രേഖകളും സർക്കാരിന്റെ പിടിയിലായശേഷം വിട്ടയച്ച 30 പേരുടെയും അഭിമുഖങ്ങളാണ്. ഇങ്ങനെ പിടിയിലാകുന്നവരെ പാർപ്പിച്ച ക്യാംപിന്റെ മുന്‍ ഇൻസ്ട്രക്ടറുടെയും അഭിമുഖം ഇതിന് പിൻബലമേകുന്നു.

നാലു വർഷമായി സിൻജിയാങ്ങിലെ ഉയിഗുർ മേഖലകളിൽ ചൈന ഈ കൃത്യം നടപ്പാക്കുന്നുണ്ട്. ‘ജനസംഖ്യാപരമായ ഉൻമൂലനം’ എന്നാണ് വിദഗ്ധർ ഈ നടപടിയെ വിശേഷിപ്പിക്കുന്നത്. ഉയിഗുർ വനിതകളെ നിരന്തരം ഗർഭപരിശോധനയ്ക്കു വിധേയമാക്കുകയും ജനനനിയന്ത്രണ മാർഗമായ വന്ധ്യംകരണവും ഐയുഡിയും നടപ്പാക്കുകയും ചെയ്യും. ലക്ഷക്കണക്കിനു പേരെ ഇതിനു വിധേയമാക്കിയതായി അഭിമുഖങ്ങളും സർക്കാർ രേഖകളും വെളിപ്പെടുത്തുന്നു. രാജ്യത്ത് മറ്റു സ്ഥലങ്ങളിൽ ഐയുഡി, വന്ധ്യംകരണം തുടങ്ങിയവ കുറഞ്ഞുവരുമ്പോഴും സിൻജിയാങ്ങിൽ മാത്രം വർധിച്ചുവരികയാണ്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൂടുതൽ കുട്ടികളുണ്ടോ?; ജയിലിലേക്കു സ്വാഗതം

ജനനനിയന്ത്രണത്തിനു പുറമേ ജനത്തെ അനിയന്ത്രിതമായി തടങ്കലിൽ പാർപ്പിക്കുന്നതും സിൻജിയാങ്ങിൽ പതിവാണ്. ഉയിഗുറുകളെ ഭീഷണിപ്പെടുത്താനും ശിക്ഷയ്ക്കുമായാണ് ഇങ്ങനെ തടവിലാക്കുന്നത്. കുഞ്ഞുങ്ങൾക്കു കൂടുതൽ ജന്മം നൽകുന്നവരെ തടങ്കലിലേക്ക് അയയ്ക്കും. മൂന്നോ അതിലധികമോ മക്കളുണ്ടായാൽ ജയിൽശിക്ഷ പതിവാണ്. ഇവരെ കുടുംബത്തിൽനിന്ന് അകറ്റിനിർത്തും. തിരികെ കുടുംബത്തോടു ചേരണമെങ്കിൽ കനത്ത പിഴയൊടുക്കണം. കുട്ടികളെ ഒളിപ്പിച്ചിരിക്കുകയാണെന്ന സംശയത്താൽ നിരന്തരം പൊലീസുകാർ വീടുകൾ റെയ്ഡ് ചെയ്യാറുമുണ്ട്. വനിതകളെയും ഗർഭിണികളെയും തേടിയും പൊലീസുകാർ വീടുകളിൽ കയറിയിറങ്ങുന്നതായും റിപ്പോർട്ടിൽ പറയുന്നു.

കടുത്ത നിയന്ത്രണങ്ങളെത്തുടർന്ന് ഉയിഗുർ മേഖലകളായ ഹോട്ടൻ, കാഷ്ഗർ എന്നിവിടങ്ങളിൽ 2018ൽ 2015ലുള്ളതിനേക്കാൾ 60% കുറവാണ് ജനനനിരക്ക്. സിൻജിയാങ്ങിലാകെ ജനനനിരക്ക് വൻതോതിൽ കുറവു വന്നു. കഴിഞ്ഞ വർഷം മാത്രം 24% കുറവാണ് ഇതിൽ രേഖപ്പെടുത്തിയത്. എന്നാൽ രാജ്യവ്യാപകമായി ഈ നിരക്ക് 4.2% ആണ്.

പല കാരണങ്ങളാൽ തടവിലാക്കുന്നവരെ വിവാഹിതർ, അവിവാഹിതർ എന്നു തിരിച്ചാണ് ജയിലിൽ അടയ്ക്കുക. ഇതിൽ വിവാഹിതകളെ നിർബന്ധിതമായി ഗർഭനിരോധന മാർഗങ്ങൾക്കു വിധേയരാക്കും. അവിവാഹിതകള്‍ക്ക് മാസമുറ നിലയ്ക്കുന്നതിനുള്ള മരുന്നുകളും മറ്റും നിർബന്ധിതമായി കുത്തിവയ്ക്കും. ഇവരെ ചോദ്യംചെയ്യുമ്പോൾ അടിവയറ്റിൽ ശക്തമായി തൊഴിക്കുമെന്നും ഇതുമൂലം പലരുടെയും ഗർഭപാത്രം തകരുകയും പിന്നീട് ഗർഭിണിയാകാൻ സാധിക്കാതെ വരികയും ചെയ്യാറുണ്ടെന്നും എപി റിപ്പോർട്ട് ചെയ്യുന്നു.

ജയിലുകളിൽ നല്ല സ്വഭാവം പ്രകടിപ്പിക്കുന്ന യുവതികളെ സന്ദർശിക്കാൻ ഭർത്താക്കന്മാർക്ക് അനുവാദം കൊടുക്കാറുണ്ട്. ഇങ്ങനെ വരുന്ന ഭർത്താക്കന്മാർക്കൊപ്പം ഭാര്യമാർക്ക് രണ്ടു മണിക്കൂർ ഒരു മുറിയിൽ ചെലവഴിക്കാം. എന്നാൽ മുറിയിൽ കയറുന്നതിനു മുൻപ് ജനന നിയന്ത്രണ മരുന്ന് കഴിച്ചിരിക്കണം.

ഉയിഗുറുകൾക്കെതിരായ അതിക്രമം നിർത്തണമെന്ന് ആവശ്യപ്പെട്ട് മലേഷ്യയിൽ നടന്ന പ്രതിഷേധം (ഫയൽ ചിത്രം)
ഉയിഗുറുകൾക്കെതിരായ അതിക്രമം നിർത്തണമെന്ന് ആവശ്യപ്പെട്ട് ലണ്ടനിൽ നടന്ന പ്രതിഷേധം (ഫയൽ ചിത്രം)

സുതാര്യമായ നടപടിയെന്ന് ചൈന

അതേസമയം, ജനനനിയന്ത്രണ നടപടികൾ സുതാര്യമാണെന്നതാണ് ചൈനയുടെ അവകാശവാദം. ഹാൻ ചൈനീസ് വിഭാഗക്കാർക്കും വംശീയ ന്യൂനപക്ഷക്കാർക്കും കുട്ടികളുടെ എണ്ണം ഒരുപോലെയാക്കാനാണ് ഈ നടപടിയെന്നും ചൈന വിശദീകരിക്കുന്നു.

വംശീയ ന്യൂനപക്ഷമായ ഉയിഗുറുകൾക്കും മറ്റും മുഖ്യധാരയിലേക്കു വരാൻ ചൈനീസ് സർക്കാരിൽനിന്ന് മുൻപ് ഏറെ സഹായം ലഭിച്ചിരുന്നു. കോളജ് പ്രവേശന പരീക്ഷയിൽ കുടുതൽ പോയിന്റ്, സർക്കാർ പോസ്റ്റുകളിൽ നിശ്ചിത ക്വോട്ട, ജനനനിയന്ത്രണങ്ങളിൽ അനുകൂല സമീപനം തുടങ്ങിയ ഉണ്ടായിരുന്നു. നിലവിൽ ഉപേക്ഷിക്കപ്പെട്ട ചൈനയുടെ വിഖ്യാതമായ ‘ഒറ്റക്കുട്ടി നയ’ത്തിൽപ്പോലും ഉയിഗുറുകളെ ഒഴിവാക്കിയിരുന്നു. ഹാൻ ചൈനീസ് വിഭാഗക്കാർക്കിടയിൽ നിർബന്ധിത വന്ധ്യംകരണവും ഗർഭമലസിപ്പിക്കലും കോണ്ട്രാസെപ്റ്റീവുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കലും മറ്റും നിർബന്ധിതമായി ഏർപ്പെടുത്തിയപ്പോഴും ന്യൂനപക്ഷങ്ങൾക്കു രണ്ടു കുട്ടികൾക്കു ജന്മം നൽകാനുളള അനുവാദം നൽകിയിരുന്നു. ഇവർ ഗ്രാമങ്ങളിൽനിന്നുള്ളവരാണെങ്കിൽ മൂന്നു കുട്ടികൾക്കുവരെ ജന്മം നൽകാനുള്ള അനുവാദവും നൽകിയിരുന്നു.

ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്
ഷീ ചിൻപിങ്.

ഷീ വന്നു, അസ്തമിച്ചു ഉയിഗുറുകളുടെ നല്ലകാലം

ചൈനയുടെ പ്രസിഡന്റ് പദവിയിലേക്ക് ഷീ ചിൻപിങ്ങിന്റെ വരവോടെയാണ് ഉയിഗുറുകൾക്കു ലഭിച്ചുവന്ന എല്ലാ ആനുകൂല്യങ്ങളും അവസാനിച്ചത്. 2014ൽ ചിൻപിങ് സിൻജിയാങ്ങിൽ നടത്തിയ സന്ദർശനത്തിനു പിന്നാലെ എല്ലാ വിഭാഗം ജനത്തിനും ‘തുല്യ കുടുംബാസൂത്രണ നയം’ ഏർപ്പെടുത്തുകയാണെന്ന് പ്രവിശ്യാ ഭരണാധികാരികൾ അറിയിച്ചു. ഇതിനുപിന്നാലെ ഹാൻ ചൈനീസ് വംശജർക്ക് ഒറ്റക്കുട്ടിയെന്ന നിയന്ത്രണം ചൈന എടുത്തുകളഞ്ഞു. ഇവർക്ക് രണ്ടോ മൂന്നോ കുട്ടികളാകാം എന്നാണ് നിലവിലെ നിലപാട്.

പക്ഷേ, ഈ ഇളവ് ഉയിഗുറുകളോട് കാണിക്കുന്നില്ല. നിയമപ്രകാരം മൂന്നു കുട്ടികൾ വരെ ഉയിഗുറുകൾക്ക് ആകാമെങ്കിലും സർക്കാർ അത് അനുവദിക്കുന്നില്ല. ഉയിഗുർ പോലുള്ള മത ന്യൂനപക്ഷങ്ങളാണ് തീവ്രവാദ പ്രസ്ഥാനങ്ങളുടെ ഭാഗമാകുന്നതെന്നും അവർ ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായും സർക്കാരിനെ പിന്തുണയ്ക്കുന്നവർ വാദിക്കുകയും ചെയ്യുന്നു..

ചെറിയ രീതിയിൽ തുടങ്ങിയ അടിച്ചമർത്തലുകൾക്ക് 2017 ലാണ് പുതുരൂപം കൈവന്നത്. ഭീകരപ്രവർത്തനം നടത്തിയെന്ന പേരിൽ ലക്ഷക്കണക്കിനു പേരെ ജയിലുകളിലേക്കും തടങ്കൽ ക്യാംപുകളിലേക്കും അയച്ചു. വിദേശത്തേക്കു യാത്ര ചെയ്തവരും വിദേശത്തെ സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചവരെയും മറ്റും ഭീകരവാദികളായി മുദ്രകുത്തി. ഇതിനു പിന്നാലെ നിരവധി കുട്ടികളുള്ള മാതാപിതാക്കളെ തിരഞ്ഞുപിടിച്ച് പീഡിപ്പിക്കാന്‍ തുടങ്ങി. ഇതിൽ പലരും ദശകങ്ങൾക്കുമുൻപാണ് കുട്ടികൾക്കു ജന്മം നൽകിയതെന്ന വാദമുഖങ്ങൾ പോലും അധികൃതർ കണക്കിലെടുത്തില്ല.

ആഴ്ചയിലൊരിക്കൽ നടത്തുന്ന പതാക ഉയർത്തൽ ചടങ്ങിൽ നിർബന്ധമായും ന്യൂനപക്ഷങ്ങൾ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. കുട്ടികൾ ആരെല്ലാമെന്ന് റജിസ്റ്റർ ചെയ്യണമെന്ന ഭീഷണിയും കൂടെക്കൂടെ നൽകി. അനധികൃതമായി കുട്ടികൾക്കു ജന്മം നൽകുകുന്നവരുടെ വിവരം അറിയിക്കണമെന്നും ഇതിനു പാരിതോഷികം നൽകുമെന്നുമുള്ള നോട്ടിസുകളും പുറത്തിറക്കി.

കൂടുതൽ കുട്ടികൾ ഉണ്ടായാൻ കനത്ത പിഴയെന്നത് 2017ൽ മൂന്നിരിട്ടി വർധിപ്പിച്ചു. ഹാന്‍ ചൈനീസ് വംശജർക്കും ഈ പിഴയുണ്ടെങ്കിലും ഇവർക്ക് തടങ്കലിലേക്കു പോകേണ്ടി വരാറില്ല. ഓരോ വർഷവും ദശലക്ഷക്കണക്കിനു ഡോളറാണ് ഈയിനത്തിൽ സർക്കാരിന് ഇവിടെനിന്നു ലഭിക്കുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ഉയിഗുറുകൾക്കെതിരായ അതിക്രമം നിർത്തണമെന്ന് ആവശ്യപ്പെട്ട് ഇന്തൊനീഷ്യയിൽ നടന്ന പ്രതിഷേധം (ഫയൽ ചിത്രം)
ഉയിഗുറുകൾക്കെതിരായ അതിക്രമം നിർത്തണമെന്ന് ആവശ്യപ്പെട്ട് ഇന്തൊനീഷ്യയിൽ നടന്ന പ്രതിഷേധം (ഫയൽ ചിത്രം)

സിൻജിയാങ് – പുതിയ അതിർത്തിദേശം

നൂറ്റാണ്ടുകളായി സിൻജിയാങ്ങിൽ ഉയിഗുർ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങളാണ് ഭൂരിപക്ഷമായിരുന്നത്. ചൈനീസ് ഭാഷയായ മാൻഡാരിനിൽ സിൻജിയാങ് എന്നാൽ ‘പുതിയ അതിർത്തിദേശം’ എന്നാണ് അർഥം. 1949 ൽ ചൈനയിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലേറിയതിനു പിന്നാലെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) സൈനികരോട് സിൻജിയാങ്ങിൽ സ്ഥിരതാമസമാക്കാൻ ചൈന ഉത്തരവിട്ടു. 1949ൽ വെറും 6.7% ആയിരുന്നു മേഖലയിൽ ഹാൻ വംശജരുടെ ജനസംഖ്യ. ഇത് 1980 ആയപ്പോഴേക്കും 40% ആയി വർധിച്ചു.

പ്രദേശത്തെ ജനസംഖ്യാനുപാതം മാറ്റാനുള്ള നീക്കവും ചൈന നടത്തുന്നുണ്ട്. ഹാൻ വംശജരെക്കൊണ്ട് ഉയിഗുറുകളെ കല്യാണം കഴിപ്പിക്കുന്നത് സർക്കാർ തലത്തിൽത്തന്നെ പ്രോത്സാഹിപ്പിക്കുന്നു. ഇത്തരക്കാർക്ക് വാഷിങ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ, ടിവികൾ തുടങ്ങിയവയാണ് ഓഫർ.

2014ൽ സിൻജിയാങ്ങിൽ മാത്രം രണ്ടു ലക്ഷത്തിലധികം ഐയുഡികൾ സ്ത്രീകളിൽ നിക്ഷേപിച്ചിട്ടുണ്ട്. 2018ൽ ഇത് 3.30 ലക്ഷമായി. ‘ഒറ്റകുട്ടി നയ’ത്തിൽ നിന്ന് സർക്കാർ വ്യതിചലിച്ചതോടെ ചൈനയിലെ മറ്റിടങ്ങളിൽ ഐയുഡികൾ ഉള്ളിലുള്ള സ്ത്രീകൾ അതു മാറ്റുന്ന തിരക്കിനിടെയാണ് സിൻജിയാങ്ങിൽ നിർബന്ധപൂർവം ഇവ നിക്ഷേപിക്കപ്പെട്ടതും.

English Summary: China forcibly sterilises Uighurs to control population: report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com