ADVERTISEMENT

തിരുവനന്തപുരം ∙ നൂറനാട് പുത്തൻവിള ക്ഷേത്രത്തിലെ ഉൽസവത്തിന് ‘മിഠായി പൂ മരത്തുമ്മേൽ കണ്ടോ കണ്ടോ മിഠായിയെന്ന’ ഗാനത്തിനു ചടുലതയോടെ നൃത്തം ചെയ്ത ദേവുവിന്റെ (ചന്ദന) ജീവിതത്തിൽ ഇപ്പോൾ പഴയ വേഗമില്ല. തലയിൽ ഗുരുതരമായ രോഗം ബാധിച്ച് എസ്എടി ആശുപത്രിയിൽ വെന്റിലേറ്ററിലാണ് ദേവു. കുടുംബത്തിന് ദുഃഖം നിറച്ച് ദേവുവിന്റെ അച്ഛൻ ആലപ്പുഴ നൂറനാട് എരുമക്കുഴി കിഴക്കേക്കര വീട്ടിൽ ബി.ചന്ദ്രബാബുവിനെ (38) ബുധനാഴ്ച രാവിലെ എസ്എടി നഴ്സിങ് ഹോസ്റ്റലിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മകൾക്കു രോഗം വന്നതിന്റെ മനോവിഷമത്തിലായിരുന്നു ചന്ദ്രബാബു.

ചന്ദ്രബാബുവിന്റെ കുടുംബത്തിന് എല്ലാ സന്തോഷങ്ങളും നഷ്ടമായത് അപ്രതീക്ഷിതമായാണ്. ഒരാഴ്ച മുൻപാണ് ദേവു വീട്ടിൽ കുഴഞ്ഞു വീണത്. അടൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തലച്ചോറിൽ നീരു കെട്ടുന്ന ബ്രയിൻ എഡിമ എന്ന അസുഖമാണു ദേവുവിന്. വൈറസ് ജന്യ രോഗമാണിത്. അസുഖം മൂർച്ഛിച്ചതിനെത്തുടർന്നാണ് എസ്എടി ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. പരിശോധനയിലാണു ഗുരുതരമായ രോഗമാണെന്ന് കണ്ടെത്തിയത്. ദേവുവിന്റെ അവസ്ഥ ഗുരുതരമാണെന്നും വെന്റിലേറ്ററിലാണെന്നും എസ്എടി ആശുപത്രി അധികൃതർ വ്യക്തമാക്കി. സാംപിൾ പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഫലം ലഭിച്ചില്ല. 

ചികിത്സ സൗജന്യമായിരുന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഞായറാഴ്ച അവധിയായതിനാൽ ദേവുവിന്റെ അച്ഛൻ പണം കൊടുത്താണ് മരുന്നു വാങ്ങിയത്. പണം തിരികെ ലഭിക്കുന്നതിന് ആശുപത്രി അധികൃതർ നടപടി സ്വീകരിച്ചിരുന്നതായും അവർ വ്യക്തമാക്കി. നൃത്തം സമൂഹമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന് ചാനൽ പരിപാടികളിൽ മകളോടൊപ്പം പോയിരുന്നതു ചന്ദ്രബാബുവായിരുന്നു. നാട്ടിലും പ്രിയങ്കരിയായിരുന്നു ദേവു. അങ്ങേയറ്റം ദുഃഖകരമായ വാർത്തയാണെന്നും ദേവുവിന്റെ ചികിത്സയ്ക്ക് സഹായിക്കണമെന്നും ആവശ്യപ്പെട്ട് നടൻ ജയറാം അടക്കമുള്ളവർ രംഗത്തെത്തി.

English Summary: Father commits suicide, daughter Devu fighting for life in hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com