ADVERTISEMENT

2018 ജൂലൈ 1. വടക്കൻ ഡൽഹിയിലെ ബുറാഡിയിലുള്ള സന്ത് നഗർ. നേരം പുലർന്നിട്ടും, അവിടത്തെ ഭാട്ടിയ കുടുംബത്തിന്റെ വീട്ടിൽനിന്നു രാവിലെ ഒച്ചയനക്കങ്ങളൊന്നും കേൾക്കുന്നില്ല. കഴിഞ്ഞ 22 വർഷമായി അവിടെ ജീവിക്കുന്ന ഭാട്ടിയ കുടുംബത്തിനു വീടിനോടു ചേർന്നു തന്നെ ഒരു പ്ലൈവുഡ് ഷോപ്പും പലചരക്കു കടയുമുണ്ട്. രാവിലെ ആറോടെ പലചരക്കു കട തുറക്കേണ്ടതാണ്. അതും ആ തെരുവിലെ മറ്റേതൊരാളും ഉണരുന്നതിനു മുൻപേ. പുലർച്ചെ അവിടെ കൊണ്ടിറക്കിയ പാൽപ്പാത്രങ്ങളും ആരും തൊട്ടിട്ടില്ല. സമയം രാവിലെ 7.15.

ആരെയും കാണാത്തതിൽ അസ്വാഭാവികത തോന്നിയ അയൽക്കാരൻ ഗുർചരൻ സിങ്ങാണ് ഗേറ്റു കടന്ന് അകത്തേക്കു കയറി നോക്കിയത്. ആ വീട്ടിലെ അംഗങ്ങളിലൊരാളുമായി രാവിലെ ഇടയ്ക്കിടെ അദ്ദേഹം നടക്കാൻ പോകുന്നതും പതിവായിരുന്നു. എന്നാൽ അന്ന് അകത്തു കയറിയ അദ്ദേഹം കണ്ടത് ജീവിതത്തിൽ ഒരിക്കലും മനസ്സിൽ നിന്നിറങ്ങിപ്പോകാൻ സാധ്യതയില്ലാത്ത ദാരുണദൃശ്യമായിരുന്നു. ഭാട്ടിയ കുടുംബത്തിലെ 10 പേർ മുകളിലെ നിലയിലെ ഒരു ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിൽ; കുടുംബത്തിലെ മുതിർന്ന അംഗം നാരായണി ദേവി(77) സമീപത്തെ മുറിയിലെ കട്ടിലിൽ കഴുത്തിൽ കുരുക്കിട്ട നിലയിലും കിടക്കുന്നു!

burari-deaths-4

പുറത്തേക്കിറങ്ങിയോടിയ ഗുർചരൻ ഉടൻ വിവരം പൊലീസിനെ അറിയിച്ചു. പ്രദേശവാസികൾ ‘ഭാട്ടിയാജി കുടുംബം’ എന്നു സ്നേഹത്തോടെ വിളിക്കുന്ന ആ വീട്ടിലേക്ക് ഉച്ചയായപ്പോഴേക്കും എത്തിയത് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും ഫൊറൻസിക് വിദഗ്ധരും ഉൾപ്പെടെ വൻ സംഘം. ഒരു കുടുംബത്തിലെ 11 പേരാണ് ഒറ്റയടിക്കു കൊല്ലപ്പെട്ടത്. അവരിൽ ഏഴു പേർ വനിതകൾ, രണ്ടു കുട്ടികൾ. നാരായണി ദേവിയുടെ മകൾ പ്രതിഭ (57), അവരുടെ മകൾ പ്രിയങ്ക(33), നാരായണി ദേവിയുടെ മകൻ ഭവ്നേഷ് ഭൂപി(50), ഭാര്യ സവിത (48), മക്കളായ നിതു (25), മേൻക (മോനു–23), മകൻ ധിരേന്ദർ (ധ്രുവ്–15), നാരായണിയുടെ മറ്റൊരു മകൻ ലളിത് (45), അദ്ദേഹത്തിന്റെ ഭാര്യ ടീന (42), മകൻ ശിവം (ഷിബു–15) എന്നിവരെയാണ് ഒരു ഗ്രില്ലിൽ തൂങ്ങിയാടുന്ന നിലയിൽ കണ്ടെത്തിയത്.

സാരിയും പ്ലാസ്റ്റിക് കേബിളുകളും ഉപയോഗിച്ചായിരുന്നു കഴുത്തിൽ കുരുക്കിട്ടത്. മൂക്കും നെറ്റിയുടെ കുറച്ചു ഭാഗവും മാത്രം പുറത്തു കാണാവുന്ന വിധം മുഖം മൂടിയ നിലയിലായിരുന്നു. ചെവിയിൽ കോട്ടൺ ബഡുകൾ തിരുകിയിരുന്നു. കയ്യും കാലുകളും കെട്ടിയിട്ട നിലയിലായിരുന്നു. നാരായണി ദേവിയെ കഴുത്തിൽ കുരുക്കു മുറുക്കി കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലും പൊലീസെത്തി. കൊലപാതകമായി കേസും റജിസ്റ്റർ ചെയ്തു. 11 പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ച് പൊലീസ് കാത്തിരുന്നു. ഫൊറൻസിക് ഉദ്യോഗസ്ഥരും വീടിന്റെ മുക്കും മൂലയും പരിശോധിച്ചു. ഭാട്ടിയ കുടുംബത്തിൽ ജൂലൈ ഒന്നിനുശേഷം അവശേഷിച്ച ഒരേയൊരു അംഗം അവിടത്തെ നായ് മാത്രമായിരുന്നു. എന്നാൽ അതും ജൂലൈ 23ന് മരിച്ചു വീണു. നോയിഡയിലെ സ്വകാര്യ മൃഗസംരക്ഷണ കേന്ദ്രത്തിൽ പരിചരണത്തിലിരിക്കെ വൈകിട്ട് പരിപാലകനൊപ്പം നടക്കാനിറങ്ങി തിരികെ വരുമ്പോൾ ഗേറ്റിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയസ്തംഭനമായിരുന്നു മരണകാരണം.

burari-deaths-3

കൊലപാതകക്കേസാണു റജിസ്റ്റർ ചെയ്തതെങ്കിലും സംഭവം ആത്മഹത്യയാണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്. മൽപിടിത്തം നടന്നതിന്റെയോ ശ്വാസം മുട്ടിച്ചതിന്റെയോ യാതൊരു ലക്ഷണവുമില്ല. പത്തു പേരുടെയും ശരീരത്തിൽ അസ്വാഭാവിക മുറിവുകളുമില്ല. ‘പാർഷ്യൽ ഹാങിങ്’ എന്ന രീതിയിലായിരുന്നു മരണം. മൃതദേഹം പൂർണമായും തൂങ്ങിക്കിടക്കുകയായിരിക്കില്ല, മറിച്ച് കാൽ അൽപം തറയിൽ തട്ടിയിട്ടുണ്ടാകും. പക്ഷേ കൈകാലുകൾ കെട്ടിയിരിക്കുന്നതിനാൽ മരണം ഉറപ്പ്. ഫൊറൻസിക് പരിശോധനയ്ക്കൊടുവിൽ നാരായണി ദേവിയും ‘പാർഷ്യൽ ഹാങിങ്’ വഴി മരിച്ചതാണെന്നു വ്യക്തമായി. ഇവരുടെ മൃതദേഹത്തിനു സമീപത്തെ അലമാരയുടെ പിടിയിൽ ഒരു ബെൽറ്റും കണ്ടെത്തി. നാരായണിയായിരുന്നു കൂട്ടത്തിൽ അവസാനം തൂങ്ങിമരിച്ചതെന്നും പോസ്റ്റ്മോർട്ടത്തിനൊടുവിൽ തെളിഞ്ഞു.

പക്ഷേ അപ്പോഴും ഒരു ചോദ്യം ബാക്കി– എന്താണ് ആ കുടുംബത്തിന്റെ കൂട്ടമരണത്തിലേക്കു നയിച്ചത്? ഒന്നര ലക്ഷം രൂപയും ഒട്ടേറെ സ്വർണാഭരണങ്ങളും ഒരാളു പോലും തൊടാതെ അലമാരയിലുണ്ടായിരുന്നു. അതോടെ മോഷണ സാധ്യത തള്ളിപ്പോയി. ഉത്തരം തേടിയിറങ്ങിയ ഡൽഹി പൊലീസിലെ ക്രൈംബ്രാഞ്ച് സംഘത്തിനു ഭാട്ടിയ കുടുംബത്തിൽനിന്നു ലഭിച്ചത് കുറേ ഡയറികളായിരുന്നു. എങ്ങനെ ആത്മഹത്യ ചെയ്യണമെന്നു പോലും കൃത്യമായി രേഖപ്പെടുത്തിയ ഡയറികൾ. അതും കഴിഞ്ഞ 11 വർഷത്തെ വിവരങ്ങളുമായി!

ആത്മാക്കൾ സംസാരിക്കുന്നു!

നാരായണിയുടെ ഇളയ മകൻ ലളിത് ആയിരുന്നു പ്രധാനമായും ഡയറിയിൽ എഴുതിയിരുന്നത്. അദ്ദേഹത്തെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം ചെന്നെത്തിയതാകട്ടെ ഞെട്ടിക്കുന്ന വിവരങ്ങളിലേക്കും. സൈന്യത്തിലായിരുന്ന പിതാവ് ഭോപാൽ സിങ്ങിന്റെ ആത്മാവ് തനിക്കൊപ്പമുണ്ടെന്നായിരുന്നു ലളിതിന്റെ അവകാശവാദം. പിതാവിന്റേതിനു പുറമെ മറ്റു നാല് ആത്മാക്കളും വീട്ടിലുണ്ടെന്നും ലളിത് പറഞ്ഞിരുന്നു. ലളിതിന്റെ ഭാര്യ ടിനയുടെ പിതാവ് സജ്ജൻ സിങ്, സഹോദരി പ്രതിഭയുടെ ഭർത്താവ് ഹിര, മറ്റൊരു സഹോദരി സുജാത നാഗ്പാലിന്റെ ഭർതൃസഹോദരങ്ങളായ ദയാനന്ദ്, ഗംഗാ ദേവി എന്നിവരുടെ ആത്മാക്കളായിരുന്നു അത്. ഇവരെല്ലാം മോക്ഷം കിട്ടാതെ വീട്ടിൽ അലയുകയാണ്. പിതാവിന്റെ ആത്മാവ് തന്നിൽ സന്നിവേശിച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ചാണു ലളിത് മറ്റുള്ളവരെ തന്റെ വഴിക്കെത്തിച്ചത്. ഇയാളുടെ മൊബൈൽ ഫോണ്‍ പരിശോധിച്ചതിൽനിന്ന് പാരാനോർമൽ വിഷയങ്ങളിൽ തല്‍പരനായിരുന്നെന്നു വ്യക്തമായി. ഇത്തരം ഷോകളും പ്രേതാനുഭവങ്ങളുമെല്ലാമായിരുന്നു സ്ഥിരം യൂട്യൂബിലും മറ്റു വെബ്സൈറ്റുകളിലും കണ്ടിരുന്നത്.

burari-deaths-2

2007ലാണ് ലളിതിന്റെ പിതാവ് മരിക്കുന്നത്. പിതാവിന്റെ അപ്രതീക്ഷിത മരണത്തിൽ ഏറ്റവുമധികം തളർന്നു പോയതു ലളിത് ആയിരുന്നു. ഏകദേശം മൂന്നു മാസം കഴിഞ്ഞപ്പോൾ മുതൽ ഇയാൾ ഡയറി എഴുത്ത് തുടങ്ങി. പിതാവ് തനിക്കു നല്‍കുന്ന നിർദേശങ്ങൾ ആണു താൻ കുറിക്കുന്നതെന്നായിരുന്നു ലളിത് ഇതിനെപ്പറ്റി പറഞ്ഞത്. പതിയെപ്പതിയെ കുടുംബം സമൃദ്ധിയിലേക്കു നീങ്ങാൻ തുടങ്ങിയതോടെ എല്ലാവരും അതു വിശ്വസിച്ചു തുടങ്ങി. പിതാവ് മരിച്ചതിനു ശേഷം കുടുംബനാഥനായി സ്വയം അവരോധിക്കുകയാണു ലളിത് ചെയ്തത്. പിന്നീട് ഇയാളെ കുടുംബത്തില്‍ അമ്മയൊഴികെ എല്ലാവരും ‘ഡാഡി’ എന്നായിരുന്നു അഭിസംബോധന പോലും ചെയ്തിരുന്നതെന്നും പൊലീസ് പറയുന്നു.

പിതാവിനെപ്പോലെ പട്ടാളച്ചിട്ടയിലായിരുന്നു വീട്ടിലെ കാര്യങ്ങൾ ലളിത് നോക്കിയിരുന്നതും. അതിരാവിലെത്തന്നെ പട്ടാളത്തെപ്പോലെ ‘അറ്റൻഷനിൽ’ നിൽക്കണമെന്നും പ്രാർഥിക്കണമെന്നും ലളിത് കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. മനോബലം കൂട്ടുന്നതിനു വേണ്ടിയായിരുന്നു ഇത്! സഹോദരിയുടെ മകൾ പ്രിയങ്കയായിരുന്നു പലപ്പോഴും ലളിത് പറയുന്നത് ഡയറിയിലേക്ക് പകർത്തിയിരുന്നത്. വയസ്സു 33 കഴിഞ്ഞിട്ടും നടക്കാതിരുന്ന പ്രിയങ്കയുടെ വിവാഹം ലളിതിന്റെ ഇടപെടലിലാണ് ഉറപ്പിച്ചത്. സാമ്പത്തികമായി പിന്നാക്കം നിന്ന സമയത്ത് ലളിത് നൽകിയ ചില നിർദേശങ്ങൾ വഴി മികച്ച ഓഹരി നിക്ഷേപം നടത്തി നേട്ടം കൊയ്യാനും ഭാട്ടിയ കുടുംബത്തിനായി. ഇതെല്ലാം പിതാവ് ഉൾപ്പെടെയുള്ള ‘അദൃശ്യ ശക്തികൾ’ നൽകിയ സഹായമാണെന്നായിരുന്നു ലളിത് പറഞ്ഞു വിശ്വസിപ്പിച്ചു. അഞ്ച് ആത്മാക്കൾക്കും മോക്ഷം നൽകാനായി 11 പേരുടെയും ജീവൻ നൽകി നടത്തിയ ‘ആചാര’മാണു ദുരന്തത്തിൽ കലാശിച്ചതെന്നായിരുന്നു പൊലീസ് നിഗമനം.

‘എല്ലാവരുടെയും കണ്ണുകൾ ഒന്നും കാണാനാകാത്ത വിധം കെട്ടണം. കയറിനൊപ്പം തുണിക്കഷ്ണമോ സാരിയോ ഉപയോഗിക്കാം’ എന്നായിരുന്നു പൊലീസ് കണ്ടെത്തിയ ഡയറിയിലെ അവസാന പേജുകളിലെ വരികൾ. ഹിന്ദിയിലാണ് എഴുത്ത്. ദിവസങ്ങളെല്ലാം കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള ഡയറിയിൽ അവസാനമായി എഴുതിയതു മരണം നടക്കുന്നതിനു രണ്ടു ദിവസം മുൻപാണ്–ജൂൺ 28ന്. കയ്യക്ഷരം ഉൾപ്പെടെ പരിശോധിച്ചതോടെ ഡയറി വ്യാജസൃഷ്ടിയല്ലെന്നും പൊലീസ് സ്ഥിരീകരിച്ചു.

ഡയറിൽ എഴുതിയതിനു സമാനമായിട്ടായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്– മൂന്നു പേർ വീതമായിട്ടായിരുന്നു മൃതദേഹങ്ങൾ തൂങ്ങി നിന്നിരുന്നത്. ഒരാളാകട്ടെ ജനാലയുടെ ഗ്രില്ലിലായിരുന്നു തൂങ്ങി മരിച്ചത്. കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗം നാരായണി ദേവി മറ്റൊരു മുറിയിൽ നിലത്തു കിടക്കുകയായിരുന്നു. ഇതു സംബന്ധിച്ച് ഡയറിയിലെ കുറിപ്പിങ്ങനെ: ‘വയസ്സായ അവർക്ക് നേരെ നിൽക്കാനാകില്ല. അതിനാൽ അവരെ മറ്റൊരു മുറിയിൽ കിടത്താം. മുൻ തവണത്തേക്കാൾ കൂടുതൽ ദൃഢനിശ്ചയത്തോടെ വേണം ഇത്തവണ എല്ലാവരും. ഒരേ ദിശയിലേക്കു തന്നെയായിരിക്കണം എല്ലാവരുടെയും ചിന്തകൾ. അതിൽ വിജയിച്ചാൽ മുന്നോട്ടുള്ള പാത എളുപ്പമായി...’

ആ വെള്ളത്തിന്റെ നിറം മാറുമ്പോൾ...

പിതാവിനും മറ്റ് ആത്മാക്കൾക്കും ‘മോക്ഷപ്രാപ്തി’ ലഭിക്കുന്നതിനായി ഏഴുദിവസം ആൽമരത്തെചുറ്റി പ്രാർഥന നടത്തണമെന്ന് പിതാവ് നിർദേശിച്ചിരുന്നതായി ലളിത് ഡയറിയിൽ കുറിച്ചിരുന്നു. ജൂൺ 23 മുതൽ ഏഴുദിവസം നീണ്ടുനിൽക്കുന്ന കർമങ്ങൾ നടത്തുന്നതിലുള്ള തയാറെടുപ്പിലുമായിരുന്നു അവർ. യാതൊരു ആപത്തും കൂടാതെ പിതാവ് കുടുംബത്തെ രക്ഷപെടുത്തുമെന്നായിരുന്നു ലളിതിന്റെ പ്രതീക്ഷയെന്നും കുറിപ്പുകളിൽനിന്നു വ്യക്തം. ആരും മരിക്കില്ലെന്ന് ഇയാൾ ഉറപ്പു നൽകിയിരുന്നതായും ഡയറിയിലെ വിവരങ്ങൾ പറയുന്നു. ‘ഒരു കപ്പില്‍ വെള്ളം സൂക്ഷിക്കുക, അതിന്റെ നിറം നീലയായി മാറുമ്പോൾ ഞാൻ നിങ്ങളെ രക്ഷിക്കാനെത്തും’ എന്നു പിതാവ് പറയുന്നതായി ഡയറിയുടെ അവസാന താളുകളിൽ ലളിത് എഴുതിയിട്ടുണ്ട്. അവസാന ‘കർമ’വും പൂർത്തിയാക്കിയ ശേഷം, അതായത് തൂങ്ങിമരിച്ചതിനു ശേഷം, ഓരോരുത്തരും പരസ്പരം കെട്ടുകൾ അഴിക്കാനും ധാരണയുണ്ടായിരുന്നു. ഇതാണ് പുനർജന്മ വിശ്വാസത്തിലേക്കു വിരൽ ചൂണ്ടുന്നത്.

ബഡ് തപസ്യ’ എന്ന ആചാരത്തിന്റെ പൂർത്തീകരണത്തിനാണു കാത്തിരിക്കുന്നതെന്നും ഡയറിയിൽ കുറിച്ചിട്ടുണ്ട്. ഇതു ചെയ്യുന്നവർ ആൽമരത്തിന്റെ ശാഖകൾ താഴേക്കു വളർന്നു കിടക്കുന്നതു പോലെ നിൽക്കണമെന്നും പറയുന്നു. ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ 11 പേരും ഇത്തരത്തിൽ മരിച്ചതാണോയെന്നായി പിന്നെ പൊലീസിന്റെ അന്വേഷണം.

ജൂൺ 17നായിരുന്നു പ്രിയങ്കയുടെ വിവാഹനിശ്ചയം. ജൂൺ 11 മുതൽ അതിനുള്ള ഒരുക്കങ്ങൾക്കായി ബന്ധുക്കൾ ഭാട്ടിയ കുടുംബത്തിലെത്തിയിരുന്നു. വിവാഹം നടക്കാൻ ‘സഹായിച്ചതിന്റെ’ പേരിൽ പിന്നീട് ഒരാഴ്ചക്കാലത്തേക്കു പിതാവിനും മറ്റ് അദൃശ്യ ശക്തികൾക്കും നന്ദി പറയാനുള്ള കർമങ്ങൾ നടത്തണമെന്നു ലളിത് പറഞ്ഞിരുന്നതായാണ് ഡയറിയിലെ വിവരം. എന്നാൽ അതീവ രഹസ്യമായിട്ടു വേണം ഇതെന്നായിരുന്നു നിർദേശം. പദ്ധതിയിട്ടതു പോലെ ആചാരം നടന്നില്ല. ജൂണ്‍ 23നാണ് വിവാഹത്തിനെത്തിയ അവസാന അതിഥിയും മടങ്ങിയത്. അന്നു മുതൽ ഏഴു ദിവസത്തേക്കു കർമങ്ങൾ നടത്താനും തീരുമാനിച്ചു. 23നും 27നും ഇടയ്ക്ക് സമീപത്തെ കടയിൽ നിന്ന് പൂജാസാമഗ്രികള്‍ വാങ്ങുന്ന ലളിതിന്റെയും ടിനയുടെയും ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. വാസ്തു പൂജയ്ക്കാവശ്യമായ സാമഗ്രികളായിരുന്നു വാങ്ങിയിരുന്നത്. ഒരു കടയിൽ നിന്ന് ബാൻഡേജുകളും വാങ്ങി.

അവസാന നിമിഷം അപകടം മണത്തു!

കയറി നിൽക്കാൻ നീളമുള്ള സ്റ്റൂളൊരുക്കിയതും എല്ലാവരുടെയും കൈകാലുകൾ കെട്ടിയതും ലളിതും ടിനയും ചേർന്നാണെന്നു കരുതുന്നതായി പൊലീസ് പറയുന്നു. ലളിത് ഒരു ചെറിയ വടി ഉയർത്തിക്കാണിക്കും. അതൊരു സൂചനയാണ്– മുഖം നനഞ്ഞ തുണി കൊണ്ടോ ബാൻഡേജ് കൊണ്ടോ മൂടണം. പിന്നീടങ്ങോട്ടു കൂട്ടമരണത്തിന്റെ ഓരോ നീക്കവും നിയന്ത്രിച്ചത് ലളിത് ആയിരുന്നു. ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ എല്ലാ എസിയും ഓണാക്കി. ഫാനുകളും വേഗത കൂട്ടിയിട്ടു. അവയ്ക്ക് അസാധാരണ ഇരമ്പൽ ശബ്ദവുമായിരുന്നു. ആരും ഭയക്കാതെ ‘പരിശുദ്ധനാമം’ ഉരുവിട്ട് സ്വന്തം കൈകൾ കെട്ടി ശാന്തമായി, ഐക്യത്തോടെ മരണത്തിലേക്ക് കടക്കുക എന്നതും ലളിതിന്റെ നിർദേശമായിരുന്നു. ഇതെല്ലാം ഡയറിയിൽ കൃത്യമായി ജൂൺ 28നു തന്നെ രേഖപ്പെടുത്തിയിരുന്നു.

തൂങ്ങിമരണത്തിനിടെ അസ്വാഭാവികത തോന്നിയ ലളിതിന്റെ മൂത്ത സഹോദരൻ ഭവ്നേഷ് അവസാന നിമിഷം രക്ഷപ്പെടാൻ ശ്രമം നടത്തിയതായും സൂചനയുണ്ട്. മരണവെപ്രാളത്തിനിടെ ഒരു കൈ ഭവ്നേഷിന്റെ കഴുത്തിന് അടുത്തു വരെ എത്തിയിരുന്നു. അതിനിടെ കയ്യിൽ കെട്ടിയിരുന്ന കുരുക്കും അയഞ്ഞു. ഈ സൂചനകളിൽ നിന്നാണ് ഭവ്നേഷ് രക്ഷപ്പെടാനുള്ള ശ്രമം നടത്തിയതായി ഫൊറൻസിക് വിദഗ്ധര്‍ റിപ്പോർട്ട് നൽകിയത്. കൂട്ടത്തിൽ ലളിതിന്റെ പ്രവർത്തനങ്ങളെ എതിർത്തിരുന്നതും ഭവ്നേഷ് ആയിരുന്നു. അതിനാൽത്തന്നെ ഭക്ഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള മരുന്നു കലർത്തിയിരുന്നോയെന്നും പരിശോധിച്ചിരുന്നു. എന്നാൽ ആന്തരികാവയവ പരിശോധനയിൽ അത്തരം നീക്കങ്ങളൊന്നുമുണ്ടായില്ലെന്നും തെളിഞ്ഞു.

തന്നെ വീട്ടിലുള്ള ചിലർ അവിശ്വസിക്കുന്നുണ്ടെന്നു പറഞ്ഞ് ലളിത് ഒരിക്കൽ ദേഷ്യപ്പെട്ടിരുന്നു. ജൂൺ 26ന് അക്കാര്യം ഡയറിയിലും എഴുതി. ഭവ്നേഷിനെയായിരുന്നു ലളിതിനു സംശയം. ജൂൺ 26നു നടന്ന ഒരു ‘സംഭവം’ ഭവ്നേഷിന്റെയും മനസ്സു മാറ്റിയതായാണു പൊലീസ് നിഗമനം. ഇത്തരത്തിൽ കുടുംബത്തിലെ ഓരോരുത്തരെയും മാനസികമായി സ്വാധീനിക്കാൻ ലളിത് ശ്രമം നടത്തിയിരുന്നു. മരിച്ചു പോയ പിതാവുമായി സംസാരിക്കുന്ന കാര്യം കുടുംബത്തിലെ മറ്റ് അംഗങ്ങളോടും ലളിത് പറഞ്ഞിരുന്നു. ലളിതിന്റെ പാനിപ്പട്ടിൽ താമസിക്കുന്ന സഹോദരി സുജാത നാഗ്പാൽ എന്നാൽ ഇതു വിശ്വസിച്ചില്ല. സുജാതയുടെ ഭർത്താവ് പ്രവീണും ഇതിനെ തള്ളിക്കളഞ്ഞു. അതോടെ ലളിതിന്റെ സ്വാധീനം വീട്ടിൽ മാത്രമായൊതുങ്ങി. വീട്ടിലെ ലളിതുമായി ബന്ധപ്പെട്ട ഒരു കാര്യവും ആരും ബന്ധുക്കളോടു പോലും പറയാതായി. ഇടയ്ക്കിടെ അമ്മ നാരായണിയുമായി ഫോണിൽ സംസാരിച്ചിരുന്ന സുജാതയോടു പോലും അവർ ഒന്നും മിണ്ടിയില്ല. രാജസ്ഥാനിലെ കോട്ടയിൽ താമസിക്കുന്ന മറ്റൊരു സഹോദരൻ ദിനേഷിനും വീട്ടിലെ അസാധാരണ സാഹചര്യത്തെപ്പറ്റി ഒരറിവുണ്ടായിരുന്നില്ല.

മരണത്തിലേക്ക് നടന്നടുക്കുന്ന അവർ...

ബുറാഡിയിലെ വീടിന്റെ മുൻവശം കാണാവുന്ന സിസിടിവിയിൽ നിന്നായിരുന്നു ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പൊലീസിനു ലഭിച്ചത്. വീടിനു സമീപത്തെ ഫർണിച്ചർ സ്റ്റോറിൽ നിന്ന് രാത്രി പത്തോടെ കുടുംബത്തിലെ രണ്ടു വനിതകൾ മുകളിലെ നിലയിലേക്കു സ്റ്റൂളുകൾ കൊണ്ടുവരുന്നു (സൈനി ഫർണിച്ചർ ഹൗസ് എന്ന കടയിൽ നിന്നാണ് സ്റ്റൂളുകൾ വാങ്ങിയതെന്നു പിന്നീട് തെളിഞ്ഞു). രാത്രി പത്തേകാലോടെ, കുടുംബത്തിലെ ഇളയ കുട്ടികൾ ധ്രുവും ശിവവും കയറുകളുമായി വരുന്നു. ഇത് പ്ലൈവുഡ് ഷോപ്പിൽ നിന്നായിരുന്നു. പത്തരയ്ക്കു സമീപത്തെ ഹോട്ടലിലേക്ക് 20 റൊട്ടി വേണമെന്ന ഓർഡറെത്തി. ഋഷി എന്ന ചെറുപ്പക്കാരൻ റൊട്ടി വീട്ടിലെത്തിച്ചു നൽകി– അപ്പോൾ സമയം 10.45. വീട്ടുകാർ റൊട്ടി വാങ്ങുമ്പോൾ അസ്വാഭാവികമായ യാതൊന്നും തനിക്കു തോന്നിയില്ലെന്നു ഋഷി പൊലീസിനു മൊഴി നൽകിയിരുന്നു. റൊട്ടിയുടെ വിലയായ 200 രൂപ വാങ്ങി തിരികെ പോവുകയും ചെയ്തു.

10.57ന് ഭവ്നേഷ് കാവൽനായയുമായി മുറ്റത്ത് ഉലാത്താനിറങ്ങി.11.04ന് തിരിച്ചെത്തി. പിന്നീട് സിസിടിവി ദൃശ്യങ്ങളിൽ ഒരാളെ കാണുന്നത് ജൂലൈ ഒന്നിനു പുലർച്ചെ 5.56നാണ്. പാൽവണ്ടിയിൽ നിന്ന് പാലിറക്കി മടങ്ങുന്ന ദൃശ്യങ്ങളായിരുന്നു അത്. 7.14ന് അയൽക്കാരൻ വീട്ടിലേക്കു കയറുന്നു, അൽപസമയത്തിനകം പരിഭ്രാന്തിയോടെ അദ്ദേഹം തിരിച്ചിറങ്ങുന്നതും കാണാം. എട്ടോടെ പൊലീസെത്തുന്നു. അന്വേഷണത്തിന്റെ ഭാഗമായി പ്രിയങ്കയുടെ പ്രതിശ്രുത വരൻ ഉൾപ്പെടെ ഇതുവരെ ഇരുന്നൂറിലേറെപ്പേരെ പൊലീസ് ചോദ്യം ചെയ്തു. മരിച്ചവരുടെ ഫോൺരേഖകളും വാട്സാപ് സന്ദേശങ്ങളുമെല്ലാം പരിശോധിച്ചു. അതിനിടെ മന്ത്രവാദത്തിന്റെ സ്വാധീനം സംശയിച്ചു സമീപത്തെ ഒരു പൂജാരിണിയെയും ചോദ്യം ചെയ്തു. എന്നാൽ വീട്ടിൽ ചെറുക്ഷേത്രം നിർമിക്കാനും പൂജിക്കാനും വേണ്ടിയാണു താൻ സാധാരണ പോകാറുള്ളതെന്നും ഭാട്ടിയ കുടുംബത്തിൽ ഇതുവരെ പോയിട്ടില്ലെന്നുമായിരുന്നു ഗീതാ മാ എന്ന പൂജാരിണിയുടെ മറുപടി.

11 വർഷമായി ലളിത് എഴുതിയതെന്നു കരുതുന്ന ഡയറിയിൽ പലരുടെയും കയ്യക്ഷരമുണ്ട്. ഇതിൽ ലളിത് എഴുതിയതാണെന്നു കരുതുന്ന പലതും വേറെ ആരുടെയോ കയ്യക്ഷരമാണെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. ഈ വാദങ്ങളെല്ലാം പക്ഷേ പോസ്റ്റ്മോർട്ടം, ഫൊറൻസിക് റിപ്പോർട്ടുകൾ വന്നതോടെ അപ്രസക്തമായി. ചുറ്റിലുമുള്ള നാലു സിസിടിവി പരിശോധിച്ചതിൽ നിന്ന് ആ രാത്രി പുറത്തു നിന്ന് ഒരാളു പോലും ഭാട്ടിയ കുടുംബത്തിലേക്ക് എത്തിയിട്ടില്ലെന്നും വ്യക്തമായി. കൂടുതൽ അന്വേഷണം വേണമെന്ന ബന്ധുക്കളുടെ ആവശ്യവും അതോടെ തള്ളി. വീട്ടു ചുമരിൽ 11 പൈപ്പുകൾ കണ്ടെത്തിയതിനും ദുർമന്ത്രവാദവുമായി ബന്ധമില്ലെന്നു ബന്ധുക്കൾ പറയുന്നു. വീട്ടിലേക്കു വായുസഞ്ചാരം ഉറപ്പാക്കാൻ വേണ്ടിയാണ് അതു ചെയ്തതെന്ന് അതിനു നേതൃത്വം നൽകിയ ബന്ധു തന്നെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഈ പൈപ്പുകളിൽ ചിലത് പിന്നീട് എടുത്തുമാറ്റുകയും ചെയ്തു.

മരിച്ചവരുടെ മാനസിക നില സംബന്ധിച്ച കാര്യങ്ങൾ വിശകലനം ചെയ്യുന്നതിനുള്ള ‘സൈക്കളോജിക്കൽ ഓട്ടോപ്സി’യായിരുന്നു അവസാന വഴിയായി പൊലീസ് തിര‍ഞ്ഞെടുത്തത്. മരണത്തിനു തൊട്ടുമുൻപ്, അല്ലെങ്കിൽ അവസാന നിമിഷങ്ങളിൽ 11 പേരുടെയും മാനസിക നില എന്തായിരുന്നുവെന്നു പരിശോധിക്കുകയാണു ലക്ഷ്യം. നേരത്തേ സുനന്ദ പുഷ്കർ കേസിലും ആരുഷി തൽവാര്‍ കേസിലും ഈ രീതി ഉപയോഗിച്ചിരുന്നു. സുനന്ദയുടെ മരണത്തിൽ ‘സൈക്കളോജിക്കൽ ഓട്ടോപ്സി’യെ പൊലീസ് കുറ്റപത്രത്തിൽ പോലും ഉൾപ്പെടുത്തിയിട്ടുണ്ട്. ബുറാഡി കേസിൽ മെഡിക്കൽ ബോർഡ് നടത്തിയ വിശകലനത്തിൽ ഒരു മന്ത്രവാദ പ്രവൃത്തി നടത്തുന്നതിനിടെ 11 പേരുടെയും മരണം സംഭവിച്ചുവെന്നാണു പറയുന്നത്. അടുത്തകാലത്ത് വീട് പെയിന്റടിച്ചിരുന്നു. ഒരു വിവാഹവും നടക്കാൻ പോകുകയായിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് ആത്മഹത്യ അവരുടെ ലക്ഷ്യമേ അല്ലായിരുന്നുവെന്നാണ്. മന്ത്രവാദം ജീവനെടുക്കുകയാണെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും സമയം വൈകിപ്പോയിരുന്നു.

2019 ഡിസംബർ 28ന് ലാബ് ടെ‌‌ക്നിഷ്യൻ മോഹന്‍ സിങ് കശ്യപ് എന്ന വ്യക്തി ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഈ വീട്ടിലേക്കു താമസം മാറ്റിയത് വൻ വാർത്തയായിരുന്നു. ഭാട്ടിയ കുടുംബത്തിൽ അവശേഷിച്ച ഒരേയൊരു മകൻ ദിനേശ് ഛന്ദാവത്തി‌ന്റെ പേരിലാണ് ഇപ്പോൾ വീട്. രാജസ്ഥാനിലെ ക്വാട്ടയിലായിരുന്നു അദ്ദേഹത്തിന്റെ താമസം. കൂട്ടമരണത്തിനു ശേഷം ആദ്യം വീട്ടിൽ താമസിക്കാനെത്തിയത് ഭാട്ടിയ കുടുംബത്തെ വർഷങ്ങളായി അറിയാവുന്ന രണ്ട് യുവാക്കളായിരുന്നു; 2019 ഒക്ടോബറിൽ. രണ്ടു മാസത്തിനു ശേഷം ഇവർ താമസം മാറി. ഡോ.മോഹൻ താമസിക്കാനായി വന്നപ്പോഴും യാതൊരു വിധത്തിലുമുള്ള പ്രശ്നങ്ങളുമില്ലാത്ത വീടാണെന്നായിരുന്നു ഇരുവരും പറഞ്ഞത്. പുതിയ താമസക്കാർക്കു കൈമാറും മുൻപ് പ്രത്യേക പൂജകൾ നടത്തി കുറച്ചുനാൾ ദിനേശും കുടുംബവും ആ വീട്ടിൽ താമസിച്ചിരുന്നു. മോഹൻ കശ്യപ് ഇപ്പോള്‍ ബുറാഡിയിലെ വീട്ടിലില്ല. വാടക കുറഞ്ഞ വീട് ലഭിച്ചപ്പോൾ മാറുകയായിരുന്നു. താമസിക്കുന്ന സമയത്ത് തനിക്കും മോശം അനുഭവങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹവും വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് കാലത്ത് ബുറാഡി ചർച്ചകളിൽ നിറയുന്നത് അവിടത്തെ സർക്കാർ ആശുപത്രിയുടെ പേരിലാണ്. ഡൽഹിയിൽ മരണസംഖ്യയേറുന്ന സാഹചര്യത്തിൽ ബുറാഡി സർക്കാർ ആശുപത്രിയിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനെപ്പറ്റിയുള്ള ചർച്ചകൾ തകൃതിയാണ്. അതുവരെ പ്രദേശവാസികൾ പേടിയോടെ കണ്ടിരുന്ന ബുറാഡിയിലെ വീട്ടിൽനിന്ന് ഇപ്പോൾ ഭയത്തിന്റെ മേലാപ്പും എടുത്തു മാറ്റപ്പെട്ടിരിക്കുന്നു. പ്രേതവീടെന്ന വിശേഷണവും അവിടെനിന്ന് പതിയെ മാഞ്ഞു പോയിരിക്കുന്നു. 

English Summary: Two Years of Delhi Burari deaths: From unsatisfactory investigation to haunted house claims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com