യുവാക്കളെ ‘ഉന്നമിട്ട’ കോവിഡ്; വനിതകളിൽ 20–29 പ്രായക്കാർ; സമ്പർക്കത്തിലും ആശങ്ക

covid-coronavirus-mask-trivandrum
തിരുവനന്തപുരത്തുനിന്നുള്ള ദൃശ്യം. (ഫയൽ ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ)
SHARE

കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ച് 100 ദിവസം തികഞ്ഞ മേയ് എട്ടിന് ചികിത്സയിലുണ്ടായിരുന്നവരുടെ എണ്ണം 16 ആയിരുന്നു. മേയ് എട്ടിനു പുതുതായി ഒരാൾക്കു മാത്രമാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. ആറിനും ഏഴിനും ഒരൊറ്റ കേസ് പോലും റിപ്പോർട്ട് ചെയ്തിരുന്നുമില്ല. എന്നാൽ കേരളത്തിൽ ആദ്യ കോവിഡ് സ്ഥിരീകരിച്ചതിന്റെ 150–ാം ദിവസം, ജൂൺ 27ന്, പുതുതായി രോഗം റിപ്പോർട്ട് ചെയ്തത് 195 പേർക്ക്! ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന നിരക്ക്. ജൂൺ 19 മുതൽ തുടർച്ചയായി ഇതുവരെ എല്ലാ ദിവസവും 100നു മുകളിലാണ് കോവിഡ് കേസുകൾ. അതിൽത്തന്നെ ഏറെയും വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്കു തിരിച്ചെത്തിയവരും. 

മേയ് 4 മുതൽ ചെക്ക് പോസ്റ്റ് വഴിയും മേയ് 7 മുതൽ വിമാന മാർഗവും മേയ് 20 മുതൽ ട്രെയിൻ മാര്‍ഗവും മേയ് 10 മുതൽ കപ്പൽ മാർഗവുമാണ് വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും മലയാളികളെത്തിത്തുടങ്ങിയത്. എന്നാൽ ഇത്തരത്തിൽ മടങ്ങിയെത്തിയ എല്ലാവരുടെയും കണക്ക് കൃത്യമായി സർക്കാരിന്റെ കയ്യിലുള്ളതിനാലും രോഗികളുടെ ട്രാക്കിങ് സാധ്യമാകുന്നതിനാലും കാര്യമായ ആശങ്കയില്ലെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്. മാത്രവുമല്ല കേരളത്തിനു പുറത്തുനിന്നെത്തുന്നവരെല്ലാം കൃത്യമായി ക്വാറന്റീൻ പാലിച്ച് സംസ്ഥാനത്തിന്റെ ആരോഗ്യനിലയെ ഭദ്രമാക്കുന്നുമുണ്ട്. 

അതേസമയം, സമ്പർക്കം വഴിയുള്ള രോഗികളുടെ എണ്ണം വർധിക്കുന്നത് ആരോഗ്യവകുപ്പിനെ ആശങ്കപ്പെടുത്തുകയാണ്. ഇവരിൽ പലർക്കും എവിടെനിന്നു രോഗം ബാധിച്ചു എന്നു കണ്ടെത്താനാകാത്തതാണു പ്രശ്നം. സമ്പർക്കം വഴിയുള്ള കോവിഡ് ബാധ ദിനംപ്രതി വർധിക്കുന്നതും ആശങ്കയുള്ളവാക്കുന്നു. ഇതുവരെയുള്ള ആകെ കേസുകളിൽ 11.80% മാത്രമാണ് സമ്പർക്കത്തിലൂടെ സ്ഥിരീകരിച്ചത്. ശേഷിച്ച 88.20% കേസുകളും കേരളത്തിനു പുറത്തുനിന്നാണ്. പക്ഷേ സമ്പർക്കത്തിലൂടെ ഒരു ശതമാനം പേർക്ക് കോവിഡ് ബാധിച്ചാൽപോലും ഏറെ ശ്രദ്ധ നൽകേണ്ടത് അതു തടയുന്നതിനാണ്.

ജനുവരി 30നാണ് കേരളത്തിലെ ആദ്യ കേസ് തൃശൂരിൽ സ്ഥിരീകരിക്കുന്നത്. ഫെബ്രുവരിയിൽ ആലപ്പുഴയും കാസർകോടും കോവിഡ് സ്ഥിരീകരിച്ചു. ബാക്കി എല്ലാ ജില്ലകളിലും മാർച്ചിലും. കൊല്ലത്തായിരുന്നു ഏറ്റവും അവസാനം സ്ഥിരീകരിച്ചത്– മാർച്ച് 27ന്.

സംസ്ഥാനത്തെ 14 ജില്ലകളിൽ ഒരു ദിവസം ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് മലപ്പുറത്താണ്– ജൂൺ 26ന് അവിടെ രോഗം ബാധിച്ചത് 47 പേർക്ക്. രണ്ടാം സ്ഥാനം പാലക്കാടിനാണ്– ജൂൺ 5ന് 40 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഒരു ദിവസം ഏറ്റവും കൂടുതൽ പേർ രോഗം ബാധിച്ചു ചികിത്സയിലുള്ളത് പാലക്കാടാണ്. ജൂലൈ 1ന് അവിടെ 291 പേർ ചികിത്സയിലുണ്ട്. രണ്ടാം സ്ഥാനം മലപ്പുറത്തിനാണ് –ജൂലൈ 1ന് അവിടെ ചികിത്സയിലുള്ളത് 260 രോഗികൾ. ജൂലൈ 1 വരെയുള്ള കണക്ക് പ്രകാരം കേരളത്തിൽ നിലവിൽ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് ബാധിച്ചിരിക്കുന്നതും പാലക്കാട്ടും മലപ്പുറത്തുമാണ്.

ഒറ്റയടിക്ക് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് ഭേദപ്പെട്ടതു തൃശൂരാണ് – ജൂൺ 21ന് 38 പേർക്ക്. രണ്ടാം സ്ഥാനത്ത് കോഴിക്കോടാണ്– ജൂൺ 24നു 35 പേർക്ക്. 

കേരളത്തിൽ ജൂലൈ 1 വരെ കോവിഡ് ബാധിച്ച് 25 പേരാണു മരിച്ചത്. അതിൽ ഏറ്റവും കൂടുതൽ കണ്ണൂരിലും തിരുവനന്തപുരത്തുമാണ്– നാലു പേർ വീതം. കാസർകോട്, കോട്ടയം, ഇടുക്കി ജില്ലകളിൽ ആരും കോവിഡ് ബാധിച്ചു മരിച്ചിട്ടില്ല. 

ജൂൺ 30 വരെ വിവിധ ജില്ലകളിലായി നിലവിൽ 1,87,219 പേര്‍ നിരീക്ഷണത്തിലുണ്ട്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പേർ– 31096. കണ്ണൂരാണ് രണ്ടാമത്–22664. വയനാട്ടിലാണ് ഏറ്റവും കുറവ് പേർ ക്വാറന്റീനിലുള്ളത്–3706.

ഇതു വരെ കേരളം ആകെ 1,81,780 സാംപിളുകൾ ടെസ്റ്റിനായി അയച്ചു. ജൂലൈ 1 വരെ 4593 സാംപിളുകൾ പോസിറ്റിവായി. 4042 സാംപിളുകളിൽ ഫലം വരാനുണ്ട്.

കേരളത്തിൽ ജൂലൈ 1 വരെയുള്ള കണക്ക് പ്രകാരം 30–39 വയസ്സിനിടയിലുള്ള യുവാക്കളെയാണ് കോവിഡ് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്–807 പേർക്ക്. രണ്ടാം സ്ഥാനത്ത് 20–29 പ്രായത്തിലുള്ളവരാണ്–729 പേർ. സ്ത്രീകളിൽ എന്നാൽ 20–29 പ്രായക്കാരിലാണ് ഏറ്റവുമധികം കോവിഡ് ബാധിതർ–274 പേർ. രണ്ടാം സ്ഥാനത്ത് 30–39 വയസ്സിനിടയിലുള്ളവരും–170.

ജൂലൈ 1 വരെയുള്ള കണക്ക് പ്രകാരം കേരളത്തിൽ ആകെ 4593 പേർക്ക് ഇതുവരെ കോവിഡ് ബാധിച്ചിട്ടുണ്ട്. 2130 പേർ ഇപ്പോഴും ചികിത്സയിലാണ്. 2436 പേർക്ക് രോഗം ഭേദമായി. കേരളത്തിൽ ആകെ കേസുകളിൽ ഉൾപ്പെടുത്തിയ രണ്ടു പേർ നിലവിൽ സംസ്ഥാനത്ത് ഇല്ല. ജൂൺ 5ന് കോവിഡ് പോസിറ്റിവായ തമിഴ്‍‌നാട് സ്വദേശി പാലക്കാട്നിന്നു സ്വന്തം സംസ്ഥാനത്തേക്ക് മുങ്ങിയിരുന്നു. ജൂൺ 15ന് എറണാകുളത്ത് കോവിഡ് സ്ഥിരീകരിച്ച വ്യക്തി മഹാരാഷ്ട്രയിലേക്കു പോയിരുന്നു. സജീവ കേസുകളിൽനിന്ന് ഇരുവരെയും ഒഴിവാക്കിയാണ് കേരളത്തിന്റെ നിലവിലെ കണക്ക്.

English Summary: Coronavirus Covid19 Pandemic in Kerala-Everything You Need to Know in Graphic, Charts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ