ഡിജിറ്റൽ സ്ട്രൈക്കിൽ ചൈനയ്ക്കു നഷ്ടം ശതകോടികൾ; ഡേറ്റാ ഖനനത്തിന് കരണത്തടി

20 Indian soldiers killed in Galwan Valley standoff, toll may rise
SHARE

അതിർത്തി സംഘർഷത്തിനു പിന്നാലെ പ്രകോപനം തുടരുന്ന ചൈനയ്ക്കുമേൽ ഇന്ത്യ നടത്തിയ ‘ഡിജിറ്റൽ സ്ട്രൈക്’ ആണ് 59 ചൈനീസ് ആപ്പുകളുടെ നിരോധനമെന്നാണ് സർക്കാർ നിലപാട്. പുൽവാമ ഭീകരാക്രമണത്തിനു മറുപടിയായി ബാലാക്കോട്ടിൽ വ്യോമസേന നടത്തിയ ‘സർജിക്കൽ സ്ട്രൈക്ക്’ പോലെയുള്ളത്. ഒരേസമയം, സൈനികേതരവും ദീർഘകാല ആഘാതമുണ്ടാക്കുന്നതുമായ സാമ്പത്തിക, ഡിജിറ്റൽ ആക്രമണം. വിലക്കിനെ തുടർന്ന് ഓരോ ചൈനീസ് ആപ് കമ്പനിയും ദിവസവും കോടികളുടെ നഷ്ടമാണ് നേരിടുന്നത് എന്നതും ശ്രദ്ധേയം.

‘രാജ്യത്തെ ജനങ്ങളുടെ ഡേറ്റ സംരക്ഷിക്കാനാണു നമ്മൾ ചൈനീസ് ആപ്പുകൾ നിരോധിച്ചത്. അതൊരു ഡിജിറ്റൽ സ്ട്രൈക്കായിരുന്നു. ഇന്ത്യ സമാധാനത്തിനായാണു നിലകൊള്ളുന്നത്. എന്നാൽ ആരെങ്കിലും ദുഷ്ടലാക്കോടെ വന്നാൽ തക്കതായ മറുപടി നൽകും. ആപ്പുകളുടെ നിരോധനം വലിയൊരു അവസരമാണു തുറക്കുന്നതെന്നു കരുതുന്നു. നല്ല‌ ആപ്പുകൾ ഇന്ത്യക്കാർക്കു നിർമിച്ചു കൂടെ? വിദേശ ആപ്പുകളെ ആശ്രയിക്കുന്നത്, പല കാരണങ്ങളാൽ അവരുടെ അജൻഡകൾക്കു വിധേയമാകുന്നത് അവസാനിപ്പിച്ചുകൂടെ നമുക്ക്?’– കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ചോദിക്കുന്നു. 

∙ വെല്ലുവിളിയായി ഡേറ്റാ ഖനനം

കിഴക്കൻ ലഡാക്കിൽ ആക്രമണങ്ങളും കയ്യേറ്റവും നടത്തി ചൈന അതിരു വിടുന്നതിൽ ഇന്ത്യ കടുത്ത അമർഷത്തിലും അസംതൃപ്തിയിലുമാണ്. സൈനിക, നയതന്ത്ര തലങ്ങളിൽ ചർച്ചകൾ നടത്തി പ്രശ്നം പരിഹരിക്കുകയെന്ന സംയമന മാർഗമാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. പക്ഷേ, ‘കയ്യൂക്ക് കാണിക്കാനാണു ഭാവമെങ്കിൽ സൂക്ഷിക്കണം ചൈനേ’ എന്നുള്ള മുന്നറിയിപ്പു നൽകുക കൂടിയാണ് ആപ്പ് നിരോധനത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ഉന്നതവൃത്തങ്ങൾ പറയുന്നു. രാഷ്ട്രീയ, സൈനിക ആവശ്യങ്ങൾക്കായി ഭരണകക്ഷിയായ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിസിപി) ഇന്ത്യയിൽനിന്നു ഡേറ്റാ ഖനനം (Data Mining) ചെയ്യുന്നതു തടയുകയെന്ന വലിയ ഉദ്ദേശ്യവുമുണ്ട്.

ചൈനയും അവിടുത്തെ കമ്പനികളും ഇന്ത്യൻ പൗരന്മാരുടെ വ്യക്തിവിവരങ്ങൾ ഉൾപ്പെടെ പലരൂപത്തിൽ ചോർത്തിയെടുക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതു സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച്, ആളുകൾക്കു തിരിച്ചറിയാനാകാത്ത രീതിയിലാണു ഡേറ്റ സമാഹരിക്കുന്നത്. ‘മിലിറ്ററി സിവിലിയൻ ഫ്യൂഷൻ’ എന്നറിയപ്പെടുന്ന സിസിപിയുടെ ചോർത്തൽ തന്ത്രത്തിനു മുഖമടച്ച് അടി കൊടുക്കുകയായിരുന്നു ആപ്പുകൾ കൂട്ടമായി നിരോധിച്ചതിലൂടെ ഇന്ത്യ. വളരെപ്പെട്ടെന്നു ഹിറ്റായ ടിക്ടോക്കും യുസി ബ്രൗസറും ഉൾപ്പെടെയുള്ളവ ചാരപ്പണിക്കുള്ള ചൈനയുടെ ടൂളുകളാണെന്നു സൈബർ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

tiktok-chinese-apps

ഈ ആപ്പുകളിൽ ഉപയോക്താക്കൾ അറിഞ്ഞുംഅറിയാതെയും നൽകുന്ന വിവരങ്ങൾ ചൈന അവരുടെ രാഷ്ട്രീയ, സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു. അടുത്തിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലിയിലെ ടിക്ടോക് ഇടപെടലും ഇന്ത്യ മുന്നറിയിപ്പായി കണ്ടു. ഒക്‌ലഹോമിൽ ട്രംപിന്റെ റാലിയിൽ പതിനായിരക്കണക്കിനു പേർ വരുമെന്നായിരുന്നു പ്രചാരണ സംഘത്തിന്റെ പ്രതീക്ഷയും കണക്കുകൂട്ടലും. അതിനനുസരിച്ചുള്ള സംവിധാനങ്ങളാണ് ഒരുക്കിയത്. റാലി തുടങ്ങുമ്പോൾ ഏതാനും ആയിരം പേർ മാത്രമാണെത്തിയത്. പരിപാടി പൊളിഞ്ഞെന്നു സാരം. യുഎസിലെ ടിക്‌ടോക്കേഴ്സും കെ-പോപ്പ് ഫാൻസുമാണു പിന്നിലെന്നു വെളിപ്പെടുത്തലുണ്ടായി.

റാലിയിൽ പങ്കെടുക്കാൻ വരുന്നവർ മുൻ‌കൂറായി റജിസ്റ്റർ ചെയ്യണമെന്നു ട്രംപിന്റെ പ്രചാരണസംഘം ആവശ്യപ്പെട്ടിരുന്നു. ഈ സന്ദേശം ഗ്രൂപ്പുകളിൽ പങ്കിട്ട ടിക്‌ടോക്, കെ-പോപ് താരങ്ങൾ എല്ലാവരോടും റജിസ്റ്റർ ചെയ്യണമെന്നും അങ്ങോട്ടേക്കു പോകരുതെന്നും ആവശ്യപ്പെടുകയായിരുന്നു എന്നാണ് പിന്നീട് വെളിപ്പെടുത്തിയത്. എന്നാൽ ടിക്ടോക് ബോട്ടുകൾ സന്ദേശം ഹൈജാക്ക് ചെയ്തു ക്യാംപെയ്ൻ സംഘത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും റിപ്പോർട്ടുണ്ട്. യുഎസ് പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് പരിപാടിയിൽ വരെ എളുപ്പത്തിൽ ഇടപെടാൻ ചൈനയ്ക്കാവുമെന്നതിന്റെ തെളിവായി ഇതു വ്യാഖ്യാനിക്കപ്പെട്ടു. ഇതിനെ സൂചനയായി കണ്ടാൽ ഇപ്പോഴത്തെ സംഘർഷ സാഹചര്യത്തിലെ ഇന്ത്യൻ നീക്കങ്ങൾ ചോർത്തപ്പെടാൻ സാധ്യതയുണ്ടെന്നു വിലയിരുത്തലുണ്ടായി.

chinese-apps-1

∙ ഷിയുടെ ‘മിലിറ്ററി– സിവിലിയൻ ഫ്യൂഷൻ’

ചൈനീസ് ആപ്പുകളെ നിരോധിക്കുന്നതാണ് ഇപ്പോഴത്തെ മികച്ച വഴിയെന്നു സർക്കാർ മനസ്സിലാക്കിയത് ഇതോടെയാണ്. മാവോയുടെ കാലം മുതലുള്ള ‘സമഗ്ര പദ്ധതി’യെ ഇപ്പോഴത്തെ പ്രസിഡന്റ് ഷി ചിൻപിങ് വിപുലപ്പെടുത്തിയതാണ് ‘മിലിറ്ററി– സിവിലിയൻ ഫ്യൂഷൻ’. ജനങ്ങൾക്കുള്ള സാങ്കേതിക സൗകര്യങ്ങളും വിദ്യാഭ്യാസവും വിനോദവും ഗവേഷണവും എല്ലാം പ്രാഥമികമായി രാജ്യസുരക്ഷയുടെയും സൈന്യത്തിന്റെയും കൂടി ഭാഗമാക്കി. അത്യാധുനിക സാങ്കേതിവിദ്യകളെല്ലാം ആദ്യം പീപ്പിൾസ് ലിബറേഷൻ ആർമിക്കു (പിഎൽഎ) ലഭ്യമാക്കുകയെന്നതും നയമാണ്. യുഎസ് ആണ് പ്രഥമലക്ഷ്യം എങ്കിലും ഡേറ്റയുടെ വലുപ്പം കണ്ട് ഇന്ത്യയിലേക്കും ചൈന കണ്ണും നട്ടിരിക്കുന്നു. ഇന്ത്യയിൽ സൈനികരും സിവിലിയൻസിനെപ്പോലെ ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നതു ചൈനയ്ക്കു കാര്യങ്ങൾ എളുപ്പമാക്കി. ഇതറിഞ്ഞ ഇന്ത്യ കടുത്ത തീരുമാനമെടുക്കുകയായിരുന്നു.

ചൈനീസ് ആപ്പുകൾക്കെതിരെയുള്ള ഏറ്റവും വലിയ ആരോപണം ഡേറ്റ മോഷണമാണ്. ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങൾ ശേഖരിക്കുകയും ഫോണിലെ മുഴുവൻ പ്രവർത്തനങ്ങളും നിരീക്ഷിക്കുകയും ചെയ്യുന്ന ചാര സോഫ്റ്റ്‌വെയറുകളാണ് മിക്കവയും. ഉള്ളടക്കത്തിനു പ്രാധാന്യമുള്ള ടിക്ടോക്, യുസി ബ്രൗസർ തുടങ്ങിയ ആപ്പുകളിൽ അപകടം വേറെയുമുണ്ട്. ഉപയോക്താക്കൾ ഏതുതരം ഉള്ളടക്കമാണു കാണേണ്ടതെന്നു തീരുമാനിക്കുന്നത് ആപ്പിന്റെ അൽഗോരിതമാണ്. യുഎസി ന്യൂസ് ആപ്പിൽ ഇന്ത്യ-ചൈന അതിർത്തി വിഷയത്തിൽ ചൈനയെ ന്യായീകരിക്കുന്ന വാർത്തകൾക്കു പ്രാധാന്യം ലഭിക്കാം. ന്യൂഡൽഹി ആസ്ഥാനമായുള്ള വൊയേജർ ഇൻഫോസെക് എന്ന ഡിജിറ്റൽ ലാബിന്റെ കണ്ടെത്തൽ, ഒരു പ്രത്യേക വിഭാഗത്തിനെതിരെയുള്ള 30,000 ക്ലിപ്പുകൾ ടിക്ടോക്കിലുണ്ടെന്നാണ്. അന്തഃഛിദ്രത്തിനും കലാപത്തിനും വരെ വഴിവയ്ക്കാവുന്ന ഇത്തരം ഉള്ളടക്കത്തിന്റെ നിയന്ത്രണം ചൈനയുടെ കയ്യിലാകുന്നതിന്റെ അപകടം ചെറുതല്ല.

response-of-tiktok-users-after-ban-report

∙ 45,000 കോടി നഷ്ടത്തിൽ ബൈറ്റ്ഡാൻസ്

ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയിലുള്ള ബിസിനസ് താൽപര്യങ്ങള്‍ക്കേറ്റ ഏറ്റവും വലിയ അടിയാണ് ആപ്പ് നിരോധനം. കൊറോണ വൈറസ് ബാധയുടെ മറവില്‍ ചില ഇന്ത്യന്‍ ബിസിനസ് സ്ഥാപനങ്ങളെ ഏറ്റെടുക്കാന്‍ ചൈനീസ് കമ്പനികള്‍ അവസരവാദപരമായ നീക്കങ്ങളും നടത്തി. ഇന്ത്യൻ കമ്പനികളിൽ വൻതോതിൽ നിക്ഷേപം നടത്തി കയ്യടക്കാനുള്ള ചൈനീസ് നീക്കം തടയാനായി കേന്ദ്ര വ്യാപാര വ്യവസായ മന്ത്രാലയം എഫ്ഡിെഎ വ്യവസ്ഥകളിൽ നേരത്തെ തന്നെ ഭേദഗതി വരുത്തിയിരുന്നു. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഒരു രാജ്യത്തെയും വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ കേന്ദ്രസർക്കാരിന്റെ അനുമതി ഇല്ലാതെ നേരിട്ടുള്ള നിക്ഷേപം നടത്താനാവില്ല. നേരത്തേ പാക്കിസ്ഥാനും ബംഗ്ലദേശിനും ഈ നിയന്ത്രണം ഉണ്ടായിരുന്നു.

59 ചൈനീസ് ആപ്പുകൾ നിരോധിക്കുകയാണോ ഇന്ത്യ ചെയ്യേണ്ടിയിരുന്നതെന്ന് പലരും ചോദിക്കുന്നുണ്ട്. ഇതു വലിയ മറുപടികളുടെ തുടക്കം മാത്രമാണെന്നാണു സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഇന്ത്യയുടെ വിലക്ക് ചൈനീസ് കമ്പനികൾക്കു ‘ഷോക്ക്’ ആകുമെന്നും അതുവഴി ആ രാജ്യം സമ്മർദത്തിലാകുമെന്നും ഉന്നതർ ചൂണ്ടിക്കാട്ടുന്നു. ആപ്പ് ഉടമസ്ഥരായ കമ്പനികൾ ഏതാനും നാളിനുള്ളിൽതന്നെ കോടികളുടെ വരുമാനനഷ്ടമാണു നേരിടുന്നത്. ആപ്പുകളുടെ വരുമാനം പ്രധാനമായും രണ്ടു തരത്തിലാണ്. അപ് ഉപയോഗിക്കുന്നതിനിടെ ഉപയോക്താക്കൾ നടത്തുന്ന പർച്ചേസുകളിൽ (In-app Purchase) നിന്നുള്ള വരുമാനവും ആപ്പിൽ പ്രദർശിപ്പിക്കുന്ന പരസ്യങ്ങളിൽനിന്നുള്ള വരുമാനവും. 

YouTube-vs-TikTok

ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, ടിക്ടോക്കിന്റെയും ഹലോ ആപ്ലിക്കേഷന്റെയും വിഗോ വിഡിയോയുടെയും മാതൃകമ്പനിയായ ബൈറ്റ്ഡാൻസിന് 6 ബില്യൻ ഡോളർ (ഏകദേശം 45,000 കോടിയോളം രൂപ) വരെ നഷ്ടം സംഭവിച്ചെന്നാണു വ്യക്തമാക്കുന്നത്. ഇന്ത്യൻ വിപണിയിൽ 1 ബില്യൻ ഡോളറിലേറെ തുകയാണു ബൈറ്റ്ഡാൻസ് നിക്ഷേപിച്ചിട്ടുള്ളതെന്നു കമ്പനിയുമായി അടുപ്പമുള്ളവർ പറയുന്നു. നിരോധനം പ്രാബല്യത്തിൽ വന്നതോടെ ഇന്ത്യയിലെ ബിസിനസ് നിലച്ചു, 6 ബില്യൻ ഡോളറിലേറെ വരുമാനവും നഷ്ടമായി.

മറ്റുള്ള ആപ്പുകളുടെ നിക്ഷേപ, വരുമാന നഷ്ടങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ ഇന്ത്യൻ തീരുമാനത്തിന്റെ ഫലമായുള്ള നഷ്ടം ഭീമമായ തുകയാകും. മൊബൈൽ ആപ്ലിക്കേഷൻ അനാലിസിസ് കമ്പനിയായ സെൻസർ ടവറിൽ നിന്നുള്ള കണക്കുകൾ പ്രകാരം മേയിൽ ടിക്ടോക് 112 ദശലക്ഷം പേരാണു ഡൗൺലോഡ് ചെയ്തിരുന്നത്. ഇന്ത്യയിൽ ടിക്ടോക് ഡൗൺലോഡ് ചെയ്തവരുടെ സംഖ്യ വളരെ ഉയർന്നതാണെന്നും യുഎസിലെ ഡൗൺലോഡിന്റെ ഇരട്ടി വരുമെന്നും ഗ്ലോബൽ ടൈംസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ടിക്ടോക്കിന്റെ വരുമാനത്തിന്റെ വലിയൊരു പങ്കും ഇപ്പോൾ നിലച്ചിരിക്കുന്നെന്നു സാരം.

∙ പ്രശംസിച്ച് ദേശി ഡവലപ്പർമാർ

59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചതിൽ സന്തോഷിക്കുകയാണു രാജ്യത്തെ സൈബർ ലോകം. ചൈനീസ് ആപ്പുകൾ നിരോധിച്ചതിനെ ദേശി ആപ്പ് ഡവലപ്പർമാർ പ്രശംസിച്ചു. ഇന്ത്യയിൽ ആപ്പ് സംരംഭങ്ങളെ അഭിവൃദ്ധിപ്പെടുത്താൻ സഹായിക്കുമെന്നാണു വിവിധ കമ്പനികളുടെ അഭിപ്രായം. ചൈനീസ് പ്ലാറ്റ്ഫോമുകൾക്കെതിരായ സർക്കാരിന്റെ നീക്കം സ്വാഗതാർഹമാണ്. ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് സർക്കാർ പിന്തുണ തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നു ഷെയർചാറ്റിന്റെ പബ്ലിക് പോളിസി ഡയറക്ടർ ബെർജസ് മാളു പറഞ്ഞു. ഹ്രസ്വ-വിഡിയോ നിർമാണ ആപ്പായ ടിക്ടോക്കിന് സമാനമായ ഇന്ത്യൻ ആപ്പാണ് ഷെയർചാറ്റ്. 

tiktok

ഡിജിറ്റൽ ‘ആത്മ നിർഭർ’ നിമിഷമാണിതെന്ന് ഇൻമോബി ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ നവീൻ തിവാരി പറഞ്ഞു. ഇന്ത്യൻ ടെക്നോളജി ഇക്കോസിസ്റ്റം കഴിഞ്ഞ 5-6 വർഷങ്ങളിൽ വളരെയധികം മുന്നോട്ടുപോയെന്നും ലോകത്തിലെ മറ്റേതൊരു സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെയും കഴിവുകൾക്ക് തുല്യമാണെന്നും റൂട്ടർ സിഇഒയും സ്ഥാപകനുമായ പീയൂഷ് പറഞ്ഞു. ഇന്ത്യയുടെ യുവതീയുവാക്കളെ ആകര്‍ഷിച്ചു നിർത്തിയിരുന്നവയായിരുന്നു നിരോധിക്കപ്പെട്ട ആപ്പുകളിൽ മിക്കതും. ഇന്ത്യന്‍ ആപ് മാര്‍ക്കറ്റിലേക്ക് ഇഷ്ടംപോലെ ആപ്പുകള്‍ പ്രവഹിക്കുന്നതിനാല്‍ ഇവയുടെ അഭാവം ശ്രദ്ധിക്കപ്പെടില്ലെന്നു ഈ മേഖലയിലുള്ളവർ പറഞ്ഞു.

ചൈനാ നിര്‍മിത വസ്തുക്കള്‍ ഇന്ത്യയില്‍ വില്‍ക്കരുതെന്ന ഉത്തരവ് ഇറക്കിയാല്‍ അതിനെതിരെ ചൈനയ്ക്ക് വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ പരാതി നല്‍കാനാകും. എന്നാല്‍, ആപ്പുകള്‍ക്കെതിരെയുള്ള ഈ നീക്കം മികച്ചതാണെന്നു വിലയിരുത്തപ്പെടുന്നു. ചൈനയില്‍ നിന്ന് ഇറക്കുമതി പാടില്ലെന്ന് ഉത്തരവിറക്കിയിരുന്നെങ്കില്‍ ഇന്ത്യന്‍ ബിസിനസ് സ്ഥാപനങ്ങളും പ്രശ്‌നത്തിലായേനെ. ഇന്ത്യയുടെ എഫ്ഡിഐ നിയമങ്ങളില്‍ മാറ്റം വരുത്തിയത് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തിരച്ചടിയാകുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ 100 കോടി ഡോളറിലേറെ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് (യൂണികോണ്‍) കമ്പനികളില്‍ ഒരു ചൈനീസ് നിക്ഷേപകനെങ്കിലും ഇപ്പോഴുണ്ട്.

∙ ഒറ്റ രാത്രിയിൽ അസ്തമയം, ഇനി ബദലുകൾ

രണ്ടു വർഷം കൊണ്ടു നേടിയ അവിശ്വസനീയമായ വളർച്ച ഒറ്റ രാത്രികൊണ്ട് അസ്തമിക്കുന്നതിന്റെ നടുക്കം ഇപ്പോഴും മാറിയിട്ടില്ല ടിക്ടോക് ഉൾപ്പെടെയുള്ള ആപ്പുകൾക്ക്. ചൈനീസ് കടന്നുകയറ്റത്തിനു ശേഷം വലിയ പ്രചാരം നേടിയ മിത്രോം ഉൾപ്പെടെ ടിക്ടോക്കിന്റെ ഇന്ത്യൻ ബദലുകൾക്കു വലിയ വളർച്ചാസാധ്യത കൂടിയാണ് ഈ നിരോധനം. മ്യൂസിക്കലി എന്ന ആപ്പുമായി ലയിച്ച ശേഷം 2018ലാണ് ടിക്ടോക് ലോകമെങ്ങും ലഭ്യമായത്. ടിക്ടോക്കിനൊപ്പം നിരോധിക്കപ്പെടുന്ന ആപ്പുകളിൽ പലതും ഏറെ പ്രചാരമുള്ളവയാണ്. ജനപ്രിയതയിൽ മുന്നിട്ടുനിൽക്കുന്ന ടിക്ടോക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകളുടെ വേരറുക്കുമ്പോൾ, സർക്കാർ നൽകുന്ന സന്ദേശം വ്യക്തം: ഡിജിറ്റൽ സുരക്ഷയും രാജ്യസുരക്ഷയുടെ ഭാഗം തന്നെ. 

tiktok

ടിക്ടോക്കിന്റെ ഇന്ത്യൻ ബദലുകളിലൊന്നായ ചിങ്കാരി, നിരോധനവാർത്ത വന്നതിനുശേഷം മണിക്കൂറിൽ ഒരു ലക്ഷം ഡൗൺലോഡുകൾ വീതമാണു നേടുന്നത്. മറ്റൊരു ബദലായ ‘മിത്രോം’ രണ്ടാഴ്ചയ്ക്കിടെ വൻ വളർച്ച നേടി, ഒരു കോടി ഡൗൺലോഡുകൾ പിന്നിട്ടു. ടിക്ടോകിന്റെ കാര്യമെടുത്താൽ ഇഷ്ടപ്പെട്ട വിഡിയോകളുടെ ക്രിയേറ്റർമാർക്കു സമ്മാനിക്കാവുന്ന വെർച്വൽ ഗിഫ്റ്റുകൾ (പാൻഡ, സൺക്രീം തുടങ്ങിയവ) വാങ്ങണമെങ്കിൽ ടിക്ടോക് കോയിൻ എന്ന വെർച്വൽ നാണയം വേണമായിരുന്നു. ഇത് യഥാർഥ പണം കൊടുത്തുവേണം വാങ്ങാൻ. ഇത്തരം പർച്ചേസുകളിലൂടെയാണു ടിക്ടോക് വരുമാനമുണ്ടാക്കിയിരുന്നത്.

ലളിതമായ ഇന്റർഫെയ്സ്, കുറഞ്ഞ ഫയൽ സൈസ്, കുറഞ്ഞ ഇന്റർനെറ്റ് ഉപയോഗം - ഉപയോക്താക്കളെ ആകർഷിക്കാൻ ചൈനീസ് ആപ്പുകൾ അനുവർത്തിക്കുന്ന ശൈലി ഇതാണ്. ടിക്ടോക്കിനു പകരക്കാരാണു മിത്രോം, ചിങ്കാരി, ബോലോ ഇന്ത്യ, ഡബ്സ്മാഷ് എന്നിവ. ഷെയർഇറ്റിനും എക്സെൻഡറിനും ഫയൽസ് ബൈ ഗൂഗിൾ, ജിയോ സ്വിച്ച് എന്നിവ പകരമാകും. യുസി ബ്രൗസറിനു ഗൂഗിൾ ക്രോം, ബ്രേവ്, മോസില ഫയർഫോക്സ്, മൈക്രോസോഫ്റ്റ് എഡ്ജ് എന്നിവ പകരമായി ഉപയോഗിക്കാം. ക്ലബ് ഫാക്ടറി, ഷീൻ എന്നിവയുടെ വിടവ് നികത്തുന്നതാണു ഫ്ലിപ്കാർട്, മിന്ത്ര, ആമസോൺ എന്നിവ. ക്യാം സ്കാനറിനു പകരമായി അഡോബി സ്കാൻ, മൈക്രോസോഫ്റ്റ് ഓഫിസ് ലെൻസ് എന്നിവയും ഉപയോഗിക്കാം.

English Summary: Ban aims to foil China bid to mine data for political and military use

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA