ADVERTISEMENT

ന്യൂഡല്‍ഹി ∙ ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യയുടെ നടപടിക്കെതിരെ ലോകവ്യാപാര സംഘടനയെ (ഡബ്ല്യുടിഒ) സമീപിക്കുമെന്ന ചൈനയുടെ ഭീഷണി വിലപ്പോകില്ലെന്ന് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍. ഇന്ത്യയുടേതു വിവേചനപരമായ തീരുമാനമാണെന്നും ഡബ്ല്യുടിഒ നിയമങ്ങളുടെ ലംഘനമാണെന്നും ചൈന ആരോപിച്ചിരുന്നു. എന്നാല്‍ ചൈന ഡബ്ല്യുടിഒയെ സമീപിച്ചാലും അനുകൂലമായ തീരുമാനം ഉണ്ടാകില്ലെന്നാണു കരുതുന്നത്.

ഇന്ത്യ സ്ഥാപക അംഗമായ ഡബ്ല്യുടിഒയില്‍ ചൈന 2011-ലാണ് അംഗമായത്. ഡബ്ല്യുടിഒ ഇന്ത്യയെ അനുകൂലിക്കുമെന്നതിനു മൂന്നു കാരണങ്ങളാണു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഒന്നാമതായി സ്മാര്‍ട് ഫോണ്‍ ആപ്പുകളുടെ കാര്യത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ കരാറുകളൊന്നും നിലവിലില്ല. ഏതെങ്കിലും ധാരണയുടെ അടിസ്ഥാനത്തിലല്ല ചൈനീസ് കമ്പനികള്‍ ഈ ആപ്പുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും പ്രവേശനമുള്ള സ്വതന്ത്രവിപണിയായതിനാലാണ്. അതുകൊണ്ടു തന്നെ പരസ്പരധാരണയുള്ള ഏതെങ്കിലും കരാര്‍ ഇന്ത്യ ലംഘിച്ചുവെന്ന് ചൈനയ്ക്ക് ഡബ്ല്യുടിഒയില്‍ പരാതിപ്പെടാനാവില്ല.

രണ്ടാമതായി, ഇതുമായി ബന്ധപ്പെട്ട പല ഡബ്ല്യുടിഒ നിയമങ്ങളും ഇന്ത്യയ്ക്ക് അനുകൂലമാണ്. ഡബ്ല്യുടിഒ നിയമപ്രകാരം രാജ്യത്തിന്റെ പരമാധികാരത്തിനും ദേശീയ സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഏത് കമ്പനിക്കും ഉല്‍പന്നത്തിനും എതിരെ നടപടിയെടുക്കാന്‍ ആ രാജ്യത്തിന് അധികാരമുണ്ട്. ഐടി നിയമപ്രകാരം ചൈനീസ് ആപ്പുകള്‍ നിരോധിച്ചപ്പോള്‍ ഇന്ത്യ വ്യക്തമാക്കിയതും ഇതേ കാരണം തന്നെയാണ്. 

നിയമവിരുദ്ധവും നീതിയുക്തമല്ലാത്തതുമായ വാണിജ്യരീതി അവലംബിച്ചതിന് ചൈനയ്‌ക്കെതിരെ ഇന്ത്യയ്ക്കു വേണമെങ്കില്‍ ഡബ്ല്യുടിഒയെ സമീപിക്കാനാവുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ വാണിജ്യകരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള സിംഗപ്പുര്‍, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ വഴി വന്‍തോതില്‍ ഉല്‍പന്നങ്ങള്‍ എത്തിക്കുകയാണു ചൈന ചെയ്യുന്നത്. ഉയര്‍ന്ന തീരുവ ഒഴിവാക്കി കുറഞ്ഞ വിലയ്ക്കു വിറ്റു വിപണി പിടിച്ചടക്കാനുള്ള തന്ത്രമാണിത്. ഈ വളഞ്ഞവഴി ഇന്ത്യന്‍ വ്യവസായത്തിനു തിരിച്ചടിയാണെന്ന് ഇന്ത്യക്ക് പരാതിപ്പെടാനാകും.

മൂന്നാമത്തേത്, മറ്റു വിദേശരാജ്യങ്ങളിലെ കമ്പനികള്‍ക്കു മുന്നില്‍ ചൈന ഉയര്‍ത്തിയിരിക്കുന്ന വന്‍മതില്‍ തന്നെയാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള ഐടി കമ്പനികള്‍ക്കും വെബ്‌സൈറ്റുകള്‍ക്കും മുന്നില്‍ വാതില്‍ കൊട്ടിയടച്ചിരിക്കുന്ന രാജ്യമാണ് ചൈന. ഗൂഗിള്‍, ഫെയ്‌സ്ബുക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങി ലക്ഷക്കണക്കിനാളുകള്‍ ഉപയോഗിക്കുന്ന സാങ്കേതിക സംവിധാനങ്ങള്‍ക്ക് ചൈനയില്‍ അനുമതിയില്ല. ഇവയുടെ നിരോധനത്തിലൂടെ സ്വന്തം ആപ്പുകള്‍ക്കും വെബ്‌സൈറ്റുകള്‍ക്കും വളര്‍ച്ച നേടാനുള്ള തന്ത്രമാണ് ചൈന ആവിഷ്‌കരിച്ചിരിക്കുന്നത്.

വമ്പന്‍ നിക്ഷേപങ്ങളുമായി വിദേശ വിപണി ലക്ഷ്യമിട്ട ചൈനീസ് ആപ്പുകള്‍ ഏറ്റവും കൂടുതല്‍ ലാഭം കൊയ്യുന്നതു ഇന്ത്യയില്‍നിന്നാണ്. അതേസമയം തന്നെ ഇന്ത്യയില്‍നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ചൈന കൃത്യമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ആപ് നിരോധിച്ച ഇന്ത്യയുടെ നടപടിക്കെതിരെ ഡബ്ല്യുടിഒയെ സമീപിക്കുന്നത് ചൈനയ്ക്ക് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നാണു വിദഗ്ധരുടെ അഭിപ്രായം.

English Summary: Ban on Chinese apps: Why China can't expect relief at WTO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com