ADVERTISEMENT

തിരുവനന്തപുരം∙ ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ നിരപരാധികളായ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെയുള്ള ഇടപെടല്‍ തുടക്കത്തിലും രാജ്യാന്തര ട്രൈബ്യൂണലിലെ നടപടികളിലും ഉണ്ടായില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. കേസിലെ പ്രതികളെ ഇന്ത്യന്‍ കോടതിയില്‍ വിചാരണ ചെയ്യാന്‍ പറ്റില്ലെന്ന വിധി രാജ്യാന്തര ട്രൈബ്യൂണലില്‍ നിന്ന് ഉണ്ടായത് ഞെട്ടിക്കുന്നതാണ്.

ഈ കേസില്‍ നമ്മുടെ പൗരന്മാര്‍ക്ക് സാധ്യമായ നീതി ലഭ്യമാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രാജ്യാന്തര നിയമങ്ങളിലെ സാങ്കേതികത്വം എന്തുതന്നെയായാലും ട്രൈബ്യൂണല്‍ വിധി മരണപ്പെട്ടവരുടെ കുടുംബങ്ങളുടെയും കേരളത്തിലെ ജനങ്ങളുടെയും ദുഃഖം വർധിപ്പിച്ചിരിക്കുകയാണ്. സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലമനുസരിച്ച് ട്രൈബ്യൂണല്‍ വിധിക്കെതിരെ അപ്പീല്‍ പോകാന്‍ കഴിയില്ല.

ഇതാണ് സ്ഥിതിയെങ്കില്‍, കുറ്റവാളികള്‍ ഇറ്റലിയിലെ കോടതിയില്‍ നീതിപൂര്‍വ്വകമായി വിചാരണ ചെയ്യപ്പെടുമെന്ന് ഉറപ്പാക്കാന്‍ രാജ്യാന്തരതലത്തില്‍ കേന്ദ്രസർക്കാർ സമ്മർദമുയര്‍ത്തണം. പൗരന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടതിനും അതുമായി ബന്ധപ്പെട്ട മറ്റു നഷ്ടങ്ങള്‍ക്കും മതിയായ നഷ്ടപരിഹാരം ലഭിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന് ട്രൈബ്യൂണല്‍ വിധിച്ചിട്ടുണ്ട് അതുകൊണ്ട് വിലപ്പെട്ട രണ്ട് ജീവന്‍ നഷ്ടപ്പെട്ടതിന്, ഉയര്‍ന്ന നഷ്ടപരിഹാരം ലഭിക്കാന്‍ കേന്ദ്രസർക്കാർ ഇടപെടണം.

Salvatore Girone, Massimiliano Latorre
സാൽവത്തോറെ ജിറോൺ, മാസിമിലാനോ ലത്തോർ

കൂടിയാലോചനകളിലൂടെ ഇത് സാധ്യമാകുന്നില്ലെങ്കില്‍ നിശ്ചിത സമയപരിധിക്കകം (ഒരു വര്‍ഷം) ട്രൈബ്യൂണലിനെ സമീപിക്കണം. കുറ്റവാളികള്‍ ഇന്ത്യയിലെ വിചാരണയില്‍ നിന്ന് രക്ഷപ്പെട്ടുവെങ്കിലും ഈ പ്രശ്നത്തില്‍ മറ്റ് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

English Summary: Enrica Lexie Case: CM Pinarayi Vijayan Letter to PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com