ADVERTISEMENT

ലഡാക്ക് വിഷയം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിലും ചൈന ഇന്ത്യയുടെ മറ്റിടങ്ങളിലേക്കു കൂടി കണ്ണു വയ്ക്കുന്നതായി കേന്ദ്രം സംശയിക്കുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ ഇന്ത്യൻ ദ്വീപസമൂഹമായ ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ ചൈനയുമായുള്ള അടുത്ത ‘ഏറ്റുമുട്ടൽ വേദി’യാകുമെന്നതാണ് കരുതപ്പെടുന്നത്.

ഈയൊരു സാധ്യത മുൻകൂട്ടിക്കണ്ട് ദ്വീപുകളിലെ ഇന്ത്യൻ പ്രതിരോധ സേനയുടെ എണ്ണം വർധിപ്പിക്കുകയാണ് ഇന്ത്യയെന്ന് ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല, ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ വർധിച്ചുവരുന്ന ചൈനീസ് സാന്നിധ്യത്തെ മറികടക്കാൻ മേഖലയിലെ അടിസ്ഥാന സൗകര്യവികസന രംഗത്ത് വൻതോതിലുള്ള കുതിച്ചുചാട്ടമാണ് ഇന്ത്യ നടത്തുന്നത്.

ഏഷ്യയിലെ വമ്പൻ ശക്തിയാകാൻ ശ്രമിക്കുന്ന ചൈന ഇന്ത്യയെ പലരീതിയിൽ നേരിടാനൊരുങ്ങുന്നതായാണ് റിപ്പോർട്ട്. സിക്കിമിലും ലഡാക്കിലുമുള്ള ഇന്ത്യയുടെ പ്രദേശങ്ങളിൽ അവകാശവാദം ഉന്നയിക്കുന്ന ചൈന പാക്കിസ്ഥാനെയും ഇപ്പോൾ നേപ്പാളിനെയും ഇന്ത്യക്കെതിരെ തിരിച്ച് ഉപയോഗിക്കുകയാണ്.

ശ്രീലങ്കയിലും പാക്കിസ്ഥാനിലും മറ്റും തുറമുഖ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ ഇന്ത്യയെ ചുറ്റിയൊരു കണ്ണ് വയ്ക്കാനാണ് ചൈനയുടെ ശ്രമം. അതേസമയം, യഥാർഥ നിയന്ത്രണരേഖയിൽ ഇടയ്ക്കിടെ നടത്തുന്ന ഇത്തരം സംഘർഷങ്ങളല്ലാതെ കൂടുതലൊന്നും ചൈന ചെയ്യില്ലെന്നാണു വിദഗ്ധരുടെ അനുമാനം. പകരം ഇന്ത്യയെ ചുറ്റിയുള്ള കപ്പൽച്ചാലുകളിൽ ആധിപത്യം സ്ഥാപിക്കാനാണ് അവരുടെ നീക്കങ്ങൾ.

തന്ത്രപ്രധാനം ആൻഡമാൻ

ആൻഡമാനിലെ പോർട് ബ്ലെയർ തുറമുഖത്ത് ഇന്ത്യൻ നാവികസേനയുടെ കപ്പൽ (ഫയൽ ചിത്രം).
ആൻഡമാനിലെ പോർട് ബ്ലെയർ തുറമുഖത്ത് ഇന്ത്യൻ നാവികസേനയുടെ കപ്പൽ (ഫയൽ ചിത്രം).

ഇന്ത്യൻ തീരത്ത് നിന്ന്‌ 700 നോട്ടിക്കൽ മൈൽ അകലെയാണ് ആൻഡമാൻ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎല്‍എ) ഭീഷണി ഈ മേഖലയിലേക്കും ഉണ്ടെന്നു വിവിധ നാവിക ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടിരുന്നു. പലതവണ ഇന്ത്യൻ നിന്ത്രണത്തിലുള്ള കടൽമേഖലയ്ക്കു സമീപം പിഎൽഎ നാവികസേനയുടെ കപ്പലുകളും മുങ്ങിക്കപ്പലുകൾ ഇന്ത്യ കണ്ടെത്തി തുരത്തിയിട്ടുണ്ട്.

ആൻഡമാനിലെ വികസന പദ്ധതികൾ ദീർഘനാളായി സർക്കാരിനു മുന്നിലുണ്ട്. ഇവയിൽ പ്രതിരോധമേഖലയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും പെടും. ചൈനയുടെ ‘വിപുലീകരണ’ തന്ത്രങ്ങൾ അവസാനിച്ചിട്ടില്ലാത്തതിനാൽ ഇനി ഇക്കാര്യത്തിൽ അമാന്തം വേണ്ടെന്ന നിർദേശമാണ് കേന്ദ്രം നൽകിയിരിക്കുന്നതെന്നും പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.

ഇന്ത്യയുടെ പ്രതിരോധത്തിനും സുരക്ഷയ്ക്കും ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകളിലെ നാവിക ആസ്ഥാനത്തിനു നിർണായകസ്ഥാനമുണ്ട്. നിലവിലെ താവളവും മേഖലയിൽ ഇന്ത്യ ഇനി നിർമിക്കാനിരിക്കുന്ന വിവിധ താവളങ്ങളും ചേർന്നാൽ ചൈനയെ മൂന്നു വിവിധ സ്ഥാനങ്ങളിൽവച്ച് ‘കഴുത്തിനു കുത്തിപ്പിടിച്ച് ഓടിക്കാമെ’ന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഇന്ത്യയുടെ ഏറ്റവും പുതിയതും മികച്ച സജ്ജീകരണങ്ങളോടും കൂടിയ നാവിക താവളമാണ് ആൻഡമാനിലേത്. കഴിഞ്ഞ ജനുവരിയിലാണ് ഈ നാവികതാവളം കമ്മിഷൻ ചെയ്തത്. സ്വന്തം മേഖലയിൽ നിരീക്ഷണ താവളം സ്ഥാപിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നാണ് ഈ വാർത്തയോട് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി പ്രതികരിച്ചത്. ഈ ദ്വീപുസമൂഹം യുദ്ധക്കപ്പലുകൾക്കും യുദ്ധവിമാനങ്ങൾക്കും മുങ്ങിക്കപ്പലുകൾക്കും രംഗത്തെത്താവുന്ന മികച്ച മേഖലയാണ്. 

പിടിമുറുക്കാൻ ദക്ഷിണ ചൈനാ കടലും

ദക്ഷിണ ചൈനാ കടലിലെ അവകാശം തങ്ങൾക്കാണെന്നുകാട്ടി ജപ്പാൻ, ഇന്തൊനീഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളുമായി ചൈനയ്ക്കു പ്രശ്നങ്ങളുണ്ട്. മേഖലയില്‍ നിരവധി കൃത്രിമ ദ്വീപുകൾ സ്ഥാപിച്ച് സൈനിക, ലോജിസ്റ്റിക് താവളങ്ങളാക്കി മാറ്റുകയാണ് ചൈന ചെയ്യുന്നത്. തർക്ക പ്രദേശത്ത് ഏഴു താവളങ്ങൾ ചൈന നിർമിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഹെലിപ്പാഡുകൾ, റഡാർ സൗകര്യങ്ങൾ, മറ്റു സൈനിക സൗകര്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ഈ താവളങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇങ്ങനെ ഈ മേഖലയിൽ ആധിപത്യം സ്ഥാപിക്കുന്ന ചൈനയ്ക്ക് ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ വലിയൊരു ഭീഷണിയാണ് ആൻഡമാൻ ദ്വീപുകൾ.

ആൻഡമാൻ ദ്വീപുസമൂഹത്തിന്റെ ഭാഗമായ ബോട്ട് ഐലൻ‍ഡ് (ഫയൽ ചിത്രം).
ആൻഡമാൻ ദ്വീപുസമൂഹത്തിന്റെ ഭാഗമായ ബോട്ട് ഐലൻ‍ഡ് (ഫയൽ ചിത്രം).

മലാക്കയിൽ തടഞ്ഞ് ചൈനയെ ഒറ്റപ്പെടുത്താം

ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽച്ചാലായ തന്ത്രപ്രധാനമായ മലാക്ക കടലിടുക്കിൽ മേധാവിത്വം പുലർത്താൻ ആൻഡമാനിലെ നാവിക സാന്നിധ്യം കൊണ്ട് ഇന്ത്യയ്ക്കാകും. ചൈനയ്ക്ക് ഇന്ത്യൻ മഹസമുദ്രത്തിലേക്കു പ്രവേശിക്കാനുള്ള പാതയും മലാക്ക കടലിടുക്കാണ്.

ചൈനയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ ഉതകുന്ന തരത്തിൽ തന്ത്രപ്രധാനമായ സ്ഥാനത്താണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. എല്ലാ വർഷവും 1,20,000 കപ്പലുകളെങ്കിലും ഇന്ത്യൻ മഹാസമുദ്രം വഴി കടന്നുപോകുന്നുണ്ട്. ഇതിൽ കുറഞ്ഞത് 70,000 എണ്ണം മലാക്ക കടലിടുക്ക് വഴിയാണ് പോകുന്നത്. ഈ കണക്ക് തന്നെ മലാക്കയുടെ പ്രാധാന്യം എത്രത്തോളമെന്നു വ്യക്തമാക്കുന്നുണ്ട്.

മലാക്ക കടലിടുക്കിന്റെ അടുത്തായാണ് ആൻഡമാന്‍ ദ്വീപുകളുടെ സ്ഥാനം. ഇവിടുത്തെ ഇന്ത്യയുടെ സ്വാധീനം മേഖലയെ മുഴുവൻ നിരീക്ഷണത്തിൽ നിർത്താൻ രാജ്യത്തെ പാകമാക്കും. മേഖലയിൽ കൂടുതൽ നിർണായക പങ്കു വഹിക്കാൻ ഇന്ത്യ തയാറെടുക്കുന്നതായി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നതായി ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകളുടെ ലഫ്റ്റനന്റ് ഗവർണറായിരുന്ന റിട്ട. അഡ്മിറൽ ജോഷി പറഞ്ഞു. അതിർത്തികളിൽ കടന്നുകയറാന്‍ നോക്കുന്ന ചൈനയെന്ന പ്രതിയോഗിയെ മറ്റുരീതികളിൽക്കൂടി പ്രതിരോധിക്കുകയാണ് ഇന്ത്യ ചെയ്യുന്നത്.

ലഡാക്കിലും മറ്റും ചൈനയുമായുണ്ടാകുന്ന സംഘർഷമാണ് ആൻഡമാനിലേക്കു കൂടുതൽ ശ്രദ്ധവേണമെന്ന ഇന്ത്യൻ നിലപാടിനു പിന്നിൽ.  ചൈനയിലേക്കു പോകുന്ന കപ്പൽച്ചാലുകളെ നിരീക്ഷിക്കാമെന്നതു മാത്രമല്ല, ആവശ്യമെങ്കിൽ ഈ പാതയിലേക്ക് ഇന്ത്യൻ യുദ്ധക്കപ്പലുകളെയും യുദ്ധവിമാനങ്ങളെയും വിന്യസിച്ച് ചൈനയെ പാഠം പഠിപ്പിക്കാനും ഇന്ത്യയ്ക്കു കഴിയും.

ചൈനയുടെ ജീവവായു ആണ് മലാക്ക കടലിടുക്ക്. ലോകരാജ്യങ്ങളെ മുഴുവൻ വെറുപ്പിക്കുന്ന നിലപാടുമായിപ്പോകുന്ന ചൈനയ്ക്ക് ഈ കടലിടുക്കിലെ ഗതാഗതം തടസ്സപ്പെട്ടാൻ വൻ നഷ്ടമാണ് ഉണ്ടാവുക. ഇന്ത്യയും മേഖലയിലെ മറ്റു സഖ്യകക്ഷികളും പ്രത്യേകിച്ച യുഎസും കൈകോർത്താൽ ഈ കപ്പൽച്ചാൽ അട‌ച്ച് ചൈനയെ ഒറ്റപ്പെടുത്താം. ഇക്കാര്യത്തിൽ പേടിയുള്ളതിനാലാണ് പാക്കിസ്ഥാനുമായി കൈകോർത്ത് ചൈന – പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി യാഥാർഥമാക്കാൻ അവർ ശ്രമിക്കുന്നത്. ഇതുവഴി കപ്പൽച്ചാലിൽ തടഞ്ഞാലും ചൈനയിലേക്കുള്ള ഉൽപ്പന്നങ്ങൾ പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖത്ത് എത്തിച്ച് അതുവഴി പാക്ക് അധിനിവേശ കശ്മീരിലൂടെ ചൈനയിലെത്തിക്കാനാകും.

എന്നാൽ ഇന്ത്യ വിചാരിച്ചാൽ ചൈന ഇങ്ങോട്ടു കാണിക്കുന്ന അതേ തന്ത്രം തിരിച്ചും പ്രയോഗിക്കാനാകും. യഥാർഥ നിയന്ത്രണരേഖ പാലിച്ചാൽ ചൈന – പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയെ തകർക്കാനും മലാക്ക കടലിടുക്ക് അടയ്ക്കുകവഴി ചൈനയെ ഒറ്റപ്പെടുത്താനും ഇന്ത്യയ്ക്കു കഴിയും.

English Summary: Amid India-China border row, Navy on alert to thwart China's designs on Andaman Islands

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com