ADVERTISEMENT

‘പഴുത്തില വീഴുന്നതു കണ്ട് പച്ചില ചിരിക്കേണ്ട...’ ഈ പഴഞ്ചൊല്ലായിരിക്കും കോവിഡ് കാലത്ത് കേരളത്തിലെ ജില്ലകളുടെ അവസ്ഥ കാണുമ്പോൾ പലരും ഓർത്തുപോകുന്നത്. കോവിഡ് ഹോട്‌സ്പോട്ടുകളുടെയും രോഗികളുടെയും എണ്ണത്തിലായിരുന്നു അത്. ഒരു ജില്ല കോവിഡ് ബാധിതരുടെ എണ്ണം ഒരു വിധത്തിൽ കുറച്ചുകൊണ്ടു വരുമ്പോൾ തൊട്ടടുത്ത ജില്ലയിൽ രോഗികളുടെ എണ്ണം കുതിച്ചു കയറും. അങ്ങനെയാണ് കോവിഡിൽനിന്നു മുക്തി നേടി ഗ്രീൻ സോണായി, മറ്റു ജില്ലകൾക്കു മാതൃകയായ കോട്ടയം രണ്ടു ദിവസങ്ങൾക്കപ്പുറം പ്രധാന ചന്ത വരെ അടച്ചിട്ട് ഹോട്‌സ്പോട്ടായത്. ഇങ്ങനെ ഓരോ ജില്ലകൾക്കുമുണ്ട് കോവിഡ് കുതിച്ചുകയറ്റത്തിന്റെ ഓരോരോ കഥ പറയാൻ.

ഒരുമാസത്തിനിടെയാണ് കേരളത്തിലെ ഓരോ ജില്ലയിലും കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വൻ വർധന രേഖപ്പെടുത്തിയത്. മേയ് 4 മുതൽ മറ്റു സംസ്ഥാനത്തുനിന്നും ഏഴു മുതൽ മറ്റു രാജ്യങ്ങളിൽനിന്നും മലയാളികൾ തിരികെയെത്തിയതോടെയാണ് രോഗികളുടെ എണ്ണത്തിലും വർധനയുണ്ടായത്. ആ മാറ്റം കാണാം ചുവടെ ഗ്രാഫിൽ. രോഗികളുടെ എണ്ണമനുസരിച്ചാണ് ഗ്രാഫിൽ ഓരോ ഡോട്ടുകളുടെയും വലുപ്പം ക്രമീകരിച്ചിരിക്കുന്നത്.

കാസർകോടും പാലക്കാടുമൊഴികെ എല്ലാ ജില്ലകളിലും ഒരു മാസത്തിനിടെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇരട്ടിയിലേറെ വർധനയുണ്ടായിട്ടുണ്ടെന്നു കാണാം. പാലക്കാടാകട്ടെ ഒരു മാസമായി കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് വരുത്താൻ കിണഞ്ഞു പരിശ്രമിക്കുകയാണ്. നിലവിൽ 186 പേർ ജില്ലയിൽ ചികിത്സയിലുണ്ട്. രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള മലപ്പുറത്ത് 281 പേരും. രണ്ടാമത് കണ്ണൂരാണ്– 227 പേർ. കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞെന്ന് ആശ്വസിച്ചിരുന്നിരുന്ന എറണാകുളവും തിരുവനന്തപുരവും ഉൾപ്പെടെ ഇപ്പോൾ വീണ്ടും രോഗികളുടെ എണ്ണം വർധിച്ചതിന്റെ ആശങ്കയിലാണ്.

2020 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കോവിഡ് ആകെ റിപ്പോർട്ട് ചെയ്തത് തൃശൂർ, ആലപ്പുഴ, കാസർകോട് ജില്ലകളിൽ മാത്രമായിരുന്നു. മാർച്ച് 4 ആയപ്പോഴേക്കും കോവിഡ് സജീവ രോഗബാധിതരുടെ എണ്ണത്തിൽ പത്തനംതിട്ടയായി ഒന്നാമത്. മാർച്ച് മധ്യം വരെ അതു തുടർന്നു. അടുത്തതായി കോവിഡ് രോഗികളുടെ എണ്ണത്തിൽ മുൻനിരയിലേക്കെത്തിയത് കാസർകോടായിരുന്നു. ഇടയ്ക്ക് കണ്ണൂർ ഒന്നാമതെത്തുമെന്നു കരുതിയെങ്കിലും ജൂൺ പാതി വരെ കാസർകോട് ആയിരുന്നു മുന്നിൽ. പിന്നീട് ആ സ്ഥാനം ഏറ്റെടുത്തത് പാലക്കാടായിരുന്നു. എന്നാൽ ഇതുവരെ രണ്ടാം സ്ഥാനത്തായിരുന്ന മലപ്പുറം ഇപ്പോൾ രോഗികളുടെ എണ്ണത്തിൽ ഒന്നാമതായിരിക്കുന്നു, തൊട്ടുപിന്നാലെ കണ്ണൂരുമുണ്ട്.

വളരെ കുറവ് രോഗബാധിതരിൽനിന്ന് ഒറ്റയടിക്ക് കോവിഡ് രോഗികൾ കൂടുകയും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരികയും ചെയ്ത ജില്ലകളിൽ തിരുവനന്തപുരവും എറണാകുളവും വയനാടും ഇടുക്കിയും തൃശൂരും കൊല്ലവും കോട്ടയവും ആലപ്പുഴയുമെല്ലാമുണ്ട്. കേരളത്തിലെ 14 ജില്ലകളിലും ജനുവരി 30 മുതൽ ജൂലൈ 4 വരെ എപ്രകാരമാണ് ആകെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വ്യത്യാസമുണ്ടായത്? ഒരോ ആഴ്ചയിലുമുണ്ടായ വർധന വ്യക്തമാക്കുന്ന ആനിമേറ്റഡ് ചാർട്ട് കാണാം ചുവടെ: 

English Summary: Kerala Coronavirus numbers explained in Graphics; How it affects 14 districs within 1 month?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com