ADVERTISEMENT

തിരുവനന്തപുരം ∙ സമ്പർക്കത്തിലൂടെ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം കോർപറേഷനിൽ ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 6 മുതലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. തിരുവനന്തപുരം ജില്ലയിലെ കോടതികളിൽ കേസുകൾ പരിഗണിക്കില്ല. ജാമ്യം ഉൾപ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾ ഓൺലൈൻ വഴിയാവും പരിഗണിക്കുക. അതേസമയം, തലസ്ഥാനത്ത് സാമൂഹിക വ്യാപന സാധ്യത തള്ളിക്കളയാനാകില്ലെന്ന് മന്ത്രി കടകംപളളി സുരേന്ദ്രനും തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാറും പറഞ്ഞു.

അടുത്ത ഏഴ് ദിവസം സെക്രട്ടറിയേറ്റ് പ്രവർത്തിക്കില്ല. മെഡിക്കൽ ഷോപ്പും അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും മാത്രം തുറക്കും. പൊലീസ് ആസ്ഥാനവും പ്രവർത്തിക്കും. പൊതു ഗതാഗതം ഉണ്ടാവില്ല. അതേസമയം, എല്ലാ ആശുപത്രികൾ പ്രവർത്തിക്കും. ആളുകള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന് ഡിജിപി അറിയിച്ചു. തുറക്കുന്ന കടകളിൽ ജനത്തിനു പോകാൻ കഴിയില്ല. അവശ്യ സാധനങ്ങൾ വേണ്ടവർ പൊലീസിനെ അറിയിച്ചാൽ വീട്ടിലെത്തിക്കും. പൊലീസ് സേവനത്തിന് ഒരു നമ്പർ പ്രസിദ്ധീകരിക്കുമെന്നും ഡിജിപി പറഞ്ഞു. മെഡിക്കൽ സ്റ്റോറിൽ പോകണമെങ്കിൽ കൃത്യമായ സത്യവാങ് മൂലം വേണമെന്ന് ഡിജിപി അറിയിച്ചു.

തിരുവനന്തപുരത്ത് പിഎസ്‌സി ആസ്ഥാന ഓഫിസിൽ തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന വകുപ്പുതല പരീക്ഷ, പ്രമാണ പരിശോധന, ബുധനാഴ്ച മുതൽ ആരംഭിക്കുന്ന ഇന്റർവ്യൂ (എറണാകുളത്തും കോഴിക്കോടുമുള്ള ഇന്റർവ്യൂ മാറ്റമില്ല) എന്നിവ മാറ്റിവച്ചതായി പിഎസ്‌സി വാർത്താക്കുറിപ്പിൽ അറിയിച്ചു. കോർപ്പറേഷൻ പരിധിയിലെ കോളജുകളിലെ പരീക്ഷകൾ മാറ്റിവെച്ചു. ഈ കോളജുകളിലെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ ഉള്ള സാഹചര്യം പിന്നീട് ഒരുക്കും.

നിയന്ത്രണങ്ങൾ ഇങ്ങനെ:

∙ പൊതുഗതാഗതം അനുവദിക്കില്ല
∙ മെഡിക്കൽ ഷോപ്പ്, അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കും.
∙ ഒരു പ്രദേശത്ത് ഒരു കട മാത്രം തുറക്കാൻ അനുമതി.
∙ ആശുപത്രികൾ പ്രവർത്തിക്കും.
∙ പ്രധാന റോഡുകൾ അടയ്ക്കും, നഗരത്തിലേക്ക് പ്രവേശന കവാടവും പുറത്തേക്കും ഒരു വഴി.
∙ മെഡിക്കൽ ഷോപ്പുകളിൽ പോകാൻ സത്യവാങ്മൂലം നിർബന്ധം.
∙ സിറ്റി, വികാസ്ഭവൻ, പേരൂർക്കട, പാപ്പനംകോട്, വിഴിഞ്ഞം, തിരുവനന്തപുരം സെൻട്രൽ ഡിപ്പോകൾ അടച്ചിടും.
∙ അടിയന്തര സേവനവിഭാഗങ്ങൾ ഒഴികെയുള്ള സർക്കാർ സ്ഥാപനങ്ങൾ തുറക്കില്ല.
∙ കോടതികൾ പ്രവർത്തിക്കില്ല.
∙ മുഖ്യമന്ത്രിയുടെ ഓഫിസ് പ്രവർത്തനം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ.
∙ പൊലീസ് ആസ്ഥാനം പ്രവർത്തിക്കും.
∙ കണ്ടെയ്ൻമെന്റ് സോണുകൾ ഉൾപ്പെടെ അവശ്യസാധനങ്ങൾ എത്തിക്കാൻ പൊലീസ് സംവിധാനം
∙ നഗരത്തിലെ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും റോഡുകളിലും പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കും.

പൊലീസ് സഹായം ആവശ്യപ്പെടുന്നതിന് താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.

∙ സ്റ്റേറ്റ് പൊലീസ് കണ്‍ട്രോള്‍ റൂം - 112
∙ തിരുവനന്തപുരം സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂം - 0471 2335410, 2336410, 2337410
∙ സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂം - 0471 2722500, 9497900999
∙ പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് കോവിഡ് കണ്‍ട്രോള്‍ റൂം - 9497900121, 9497900112

English Summary : Restrictions in Thiruvananthapuram Corporation due to triple lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com