sections
MORE

വിവാദ വനിതയ്ക്ക് ഓഫിസുമായി ബന്ധമില്ല; കുറ്റവാളികളെ സംരക്ഷിക്കില്ല: മുഖ്യമന്ത്രി

kerala-cm-pinarayi-vijayan
മുഖ്യമന്ത്രി പിണറായി വിജയൻ
SHARE

തിരുവനന്തപുരം ∙ ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കണ്ടെത്തിയ സംഭവത്തിൽ സിബിഐ അടക്കം ഏത് അന്വേഷണത്തിനും സർക്കാരിനു സമ്മതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കാര്യങ്ങൾ ചെയ്യുന്ന കുറ്റവാളികളുടെ വേരറുക്കണം. ഒരു കുറ്റവാളിയേയും സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിനില്ല. അന്വേഷണത്തെ പൂർണമായി സ്വാഗതം ചെയ്യുന്നു. ഏത് ഏജൻസി അന്വേഷിക്കണമെന്ന് കേന്ദ്രമാണ് തീരുമാനിക്കേണ്ടത്. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസിൽ സംസ്ഥാന സർക്കാരിനു ഏജൻസികളെ തീരുമാനിക്കാനാകില്ല. വിമാനത്താവളത്തിലെ സ്വർണക്കടത്തു കേസിൽ ആരോപണവിധേയയായ വിവാദ വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായും ഐടി വകുപ്പുമായും ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുർഗന്ധം വമിക്കുന്ന ചെളിയിൽമുങ്ങികിടക്കുന്നവർക്ക് അതുപോലെ മറ്റുള്ളവരും ആയിക്കാണണം എന്ന് ആഗ്രഹമുണ്ടാകും. തൽക്കാലം ആ അത്യാഗ്രഹം സാധിച്ചു തരാനാകില്ല. കാരണം ഞങ്ങൾ ആ കളരിയിലല്ല പഠിച്ചതെന്ന് സോളർ കേസ് പരാമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളത്തിലെ കള്ളക്കടത്തുമായി സംസ്ഥാന സർക്കാരിന് എങ്ങനെയാണ് ബന്ധം വരുന്നത്. രാജ്യത്തുള്ള എല്ലാ വിമാനത്താവളങ്ങളും കേന്ദ്രസർക്കാരിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള അപാകതയുണ്ടായാൽ ഇടപെടാൻ വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് സംവിധാനം ഉണ്ട്. സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ല. കള്ളക്കടത്ത് തടയാനാണ് കസ്റ്റംസിനെ വിന്യസിച്ചിരിക്കുന്നത്. ആ പ്രവർത്തനത്തെ പരാജയപ്പെടുത്തി കള്ളക്കടത്ത് നടത്താറുണ്ട്. സംസ്ഥാന സർക്കാരിന്റെ ഏതെങ്കിലും ഏജൻസിക്കല്ല പാഴ്സൽ വന്നത്, യുഎഇ കോൺസുലേറ്റിലേക്കാണ്. പാഴ്സൽ വാങ്ങാന്‍ വന്നത് കോൺസുലേറ്റിൻറെ അധികാരപത്രം ഉപയോഗിച്ചാണ്. സംസ്ഥാന സർക്കാരിന് എങ്ങനെയാണ് ഇതിൽ റോൾ വരുന്നതെന്നു മുഖ്യമന്ത്രി ചോദിച്ചു. 

സ്വർണക്കടത്തു പ്രശ്നത്തിൽ ഒരു വിവാദ വനിത ഉണ്ട്. അവർക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായും ഐടി വകുപ്പുമായും ബന്ധമില്ല. ഐടി വകുപ്പിൽ വിവിധ പ്രോജക്ടുകൾ ഉണ്ട്. മാർക്കറ്റിങ് ചുമതലയാണ് വനിതയ്ക്ക് കരാർ അടിസ്ഥാനത്തിൽ ഉണ്ടായിരുന്നത്. ഇവരെ ജോലിക്കെടുത്തത് മാനേജ്മെൻറ് നേരിട്ടല്ല, പ്ലേസ്മെൻറ് ഏജൻസി വഴിയാണ്. ഇങ്ങനെ താൽക്കാലിക നിയമനം നടത്തുന്നത് അസ്വഭാവികമായ കാര്യം അല്ല. അവരുടെ പ്രവർത്തന പരിചയം അധികൃതർ കണക്കിലെടുത്തെങ്കിൽ അതിൽ സർക്കാരിനു പങ്കില്ല. യുഎഇ കോൺസുലേറ്റിലും എയർ ഇന്ത്യ സാറ്റ്സിലുമാണ് അവർക്ക് നേരത്തെ ജോലി ഉണ്ടായിരുന്നത്. ഇതൊന്നും സംസ്ഥാന സർക്കാരിന്റെ സ്ഥാപനങ്ങളല്ല. ഈ സ്ഥാപനങ്ങളിൽ ജോലി കിട്ടുന്നതിന് എന്തെങ്കിലും ശുപാർശ നടന്നിട്ടുണ്ടോ എന്നും സർക്കാരിന് അറിയില്ല. ഈ രണ്ടു സ്ഥാപനങ്ങളിൽ ജോലി ചെയ്തതാണ് ജോലിക്കുള്ള അനുഭവ സമ്പത്തായി അവർ കാണിച്ചത്. സർക്കാരുമായി ബന്ധപ്പെട്ട് ഒരു തട്ടിപ്പും ഉണ്ടായിട്ടില്ല. അവരെ സംരക്ഷിക്കാൻ സർക്കാർ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ നാലു വർഷത്തെ അനുഭവം കൊണ്ട് സർക്കാരിനെതിരെ ആരും അങ്ങനെ പറയില്ല. 

കുറ്റവാളികളെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. കസ്റ്റംസ് അന്വേഷണത്തിന് എല്ലാ പിന്തുണയും സർക്കാർ നൽകും. സ്വർണക്കടത്തു കേസിൽ ആരോപണം നേരിടുന്ന വനിതയെ ക്രൈംബ്രാഞ്ച് കേസിൽ പ്രതിചേർത്തത് സർക്കാരിനു താൽപര്യം ഉള്ളതിനാലാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കസ്റ്റംസിന് എല്ലാ സഹായവും ചെയ്യും. ക്രൈംബ്രാഞ്ച് ഈ വനിതയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ആ കേസിൽ ഇവരെ പ്രതി ചേർക്കാം എന്നാണ് അതിൽ പറഞ്ഞിരിക്കുന്നത്. കൃത്യമായി മെറിറ്റ് അടിസ്ഥാനത്തിലുള്ള റിപ്പോർട്ടാണ് നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫിസിനെക്കുറിച്ച് ചിലർ പറഞ്ഞത് മാധ്യമങ്ങൾ ആവർത്തിച്ച് വികൃതമായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നു. തെറ്റായ ചിത്രം സമൂഹത്തിൽ ഉയർത്തിക്കാട്ടാനാണ് ശ്രമം. ഇതിനേക്കാളും അപ്പുറമുള്ളത് കണ്ടതാണ്. നാക്കിന് ശക്തിയുണ്ടെന്ന് വച്ച് എന്തും വിളിച്ചു പറയരുത്. 

സ്വർണക്കടത്തു കേസിലെ പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ആരും വിളിച്ചില്ലെന്ന് പറഞ്ഞത് കസ്റ്റംസ് തന്നെയാണ്. അതോടെ നുണകഥകൾ പൊളിഞ്ഞു. ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറിനെതിരെ വനിതയുമായി ബന്ധപ്പെടുത്തി ആക്ഷേപം ഉയർന്നപ്പോഴാണ് നീക്കം ചെയ്തത്. നിയമപരമായി ആരോപണം ഉയർന്നതല്ല. പൊതുസമൂഹത്തിൽ ഈ വനിതയുമായി ബന്ധപ്പെടുത്തി ആക്ഷേപം ഉയർന്നു. അത്തരം വ്യക്തി മുഖ്യമന്ത്രിയുടെ ഓഫിസിൽ ഇരിക്കുന്നത് ശരിയല്ല എന്നതിനാലാണ് സ്ഥാനത്തുനിന്ന് മാറ്റിയത്. ഇത്തരം നിലപാട് യുഡിഎഫിന് ചിന്തിക്കാൻ കഴിയുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഏതെങ്കിലും തരത്തിൽ പുകമറ ഉയർത്തി സർക്കാരിനെ തളർത്താൻ നോക്കിയാൽ നടക്കില്ല. ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ. 

ആരോപണം നേരിടുന്ന വനിത കോണ്‍സുലേറ്റിന്‍റെ പ്രതിനിധിയായി കോൺസുലേറ്റ് ജനറലിനൊപ്പം പരിപാടികളിൽ പ്രധാന റോളിലുണ്ടായിരുന്നു. അവർ പങ്കെടുത്ത ഇഫ്താർ പാർട്ടിയിൽ, അവരുടെ ഫോട്ടോയുമായി മുഖ്യമന്ത്രിയുടെ ദൃശ്യം കൂട്ടിചേർത്ത് കാണിച്ചു. അതിനു നിയമനടപടി വേറെ സ്വീകരിക്കും. പക്ഷേ, സ്വർണക്കടത്തുകേസിൽ ആരോപണം നേരിടുന്ന വനിത മുഖ്യമന്ത്രിയോട് സ്വകാര്യം പറയുന്നു എന്ന് പ്രചരിപ്പിച്ച പ്രതിപക്ഷനേതാവിനെയും ബിജെപി അധ്യക്ഷനെയും എന്ത് ചെയ്യും? നിങ്ങളുടെ മാനസിക അവസ്ഥയാണ് മറ്റുള്ളവർക്ക് എന്നു കരുതിയോ? പഴയകാര്യങ്ങൾ ഓർമ വരുന്നവർ ഇപ്പോ അധികാരത്തില്‍ ഉള്ളവരെ കണ്ട് അങ്ങനെ ചിന്തിക്കേണ്ട. സോളർ കാലത്തെ ഇതുമായി ബന്ധപ്പെടുത്തുന്നവരുണ്ട്. അവരുടെ ആഗ്രഹം സാധിച്ചു തരാൻ കഴിയില്ല. ആ കളരിയിൽ അല്ല തങ്ങൾ പഠിച്ചത്. ഞങ്ങള്‍ ഇടതുപക്ഷ മുന്നണി സർക്കാരിന് ഒരു സംസ്കാരമുണ്ട്. അത് യുഡിഎഫിന്റേതല്ല. ഒരു തെറ്റായ നടപടിയും ഈ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: CM Pinarayi Vijayan Press Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA