ADVERTISEMENT

തിരുവനന്തപുരം∙സ്വര്‍ണക്കടത്തുകേസിൽ ആരോപണം ഉയർന്നതിനെത്തുടർന്ന് ഐടി വകുപ്പിൽ നിന്നു പുറത്താക്കിയ സ്വപ്ന സുരേഷ് എയർ ഇന്ത്യ ഉദ്യോഗസ്ഥനെ ജോലിയിൽനിന്ന് പുറത്താക്കാന്‍ ആൾമാറാട്ടം നടത്തിയതായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ഈ റിപ്പോർട്ട് നിലനിൽക്കെയാണ് ഐടി വകുപ്പിൽ സ്വപ്ന സുരേഷിന് ജോലി നൽകിയത്.

2014ൽ ആണ് എയർഇന്ത്യ ജീവനക്കാരനായ സിബുവിനെതിരെ ജോലി സ്ഥലത്ത് ലൈംഗിക പീഡനം ആരോപിച്ച് 17 പെൺകുട്ടികളുടെ പേരിൽ എയർപോർട്ട് ഡയറക്ടർക്ക് പരാതി തപാലിൽ ലഭിക്കുന്നത്. പരാതിയിലെ രണ്ടാംപേരുകാരിയായ പാർവതി സാബു മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സിബുവിനെതിരെ ആഭ്യന്തര അന്വേഷണ സമിതി അച്ചടക്ക നടപടി സ്വീകരിച്ചത്.

ആഭ്യന്തര അന്വേഷണ സമിതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സിബു നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി. സിബുവിനെതിരെയുള്ള പരാതി വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. അന്വേഷണം ശരിയായി മുന്നോട്ടുപോകാത്തതിനാൽ പിന്നീട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അനിൽകുമാർ കേസ് ഏറ്റെടുത്തു.

സ്വപ്ന സുരേഷാണ് പാർവതി സാബു എന്നപേരിൽ നീതു മോഹൻ എന്ന പെൺകുട്ടിയെ ആഭ്യന്തര അന്വേഷണ സമിതിക്കു മുന്നിൽ ഹാജരാക്കി തെറ്റായ മൊഴി കൊടുത്തതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തപ്പോൾ, രണ്ടു മാസം മുൻപാണ് സാറ്റ്സിൽ ജോലിയിൽ പ്രവേശിച്ചതെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന തന്നെകൊണ്ട് വൈസ് പ്രസിഡന്റും ചിലരും ചേർന്ന് തെറ്റായ പല കാര്യങ്ങളും ചെയ്യിച്ചതായും മൊഴി നൽകി. 17 പെൺകുട്ടികളുടേതായി തയാറാക്കിയ പരാതി ഡ്രാഫ്റ്റ് ചെയ്തത് സ്വപ്ന സുരേഷാണെന്ന അനുമാനത്തിൽ ക്രൈംബ്രാഞ്ച് എത്തിയെങ്കിലും തെളിവുകൾ ലഭിച്ചില്ല.

English summary: Crime branch case against Swapna Suresh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com