sections
MORE

രാത്രിയോ പകലോ, ഏത് കാലാവസ്ഥയിലും പറന്നെത്തും വ്യോമസേന; ലക്ഷ്യം ചൈന

PTI5_11_2019_000037B
അപ്പാഷെ ഹെലികോപ്റ്റർ
SHARE

ന്യൂഡൽഹി∙ അതിര്‍ത്തിയിൽ ചൈനയുടെ പ്രകോപന നീക്കങ്ങള്‍ക്കു പിന്നാലെ ഏതു സമയത്തും ആക്രമണങ്ങൾക്കുള്ള സജ്ജീകരണങ്ങൾ ഒരുക്കാൻ വ്യോമസേന. ലഡാക്കിൽ ഏതു കാലാവസ്ഥയിലും രാത്രിയെന്നോ, പകലെന്നോ ഇല്ലാതെ മിഷനുകൾ സംഘടിപ്പിക്കാനുള്ള കരുത്ത് ആർജിക്കുകയാണ് സേനയുടെ ലക്ഷ്യം. പോർ വിമാനങ്ങൾ, ആക്രമണത്തിനുള്ള ഹെലികോപ്റ്ററുകൾ, വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകൾ തുടങ്ങിയവയെല്ലാം എല്ലായ്പ്പോഴും ആക്രമണത്തിനു തയാറാക്കി നിർത്താനാണു ശ്രമം. ചൈനയുമായുള്ള യഥാർഥ നിയന്ത്രണ രേഖയിലെ പ്രശ്നങ്ങളെ തുടർന്നാണു ലഡാക്കില്‍ നിർണായക നീക്കവുമായി ഇന്ത്യൻ സേന മുന്നോട്ടു പോകുന്നത്.

വ്യോമസേനയുടെ മിഗ് 29 പോർ വിമാനങ്ങൾ, സുഖോയ് 30, ആപ്പാഷെ എഎച്ച്– 64 ഇ ഹെലികോപ്റ്ററുകൾ, സിഎച്ച്– 47 എഫ് ചിനൂക് ഹെലികോപ്റ്ററുകൾ എന്നിവയാണു ദൗത്യത്തിന്റെ ഭാഗമാകുക. ലഡാക്കിലെ പർവത പ്രദേശങ്ങളിൽ ആവശ്യമെങ്കിൽ രാത്രി കാലങ്ങളിലും ആക്രമണങ്ങൾ സംഘടിപ്പിക്കുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. വ്യോമസേനയുടെ പരമാവധി കരുത്ത് ഇതിനായി ഉപയോഗപ്പെടുത്തുമെന്ന് വ്യോമസേന അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത്തരം ആക്രമണങ്ങൾക്കുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും ആവശ്യമുള്ളപ്പോൾ അത് ഉപയോഗിക്കുമെന്നും വ്യോമസേന മുൻ മേധാവി എയർ ചീഫ് മാർഷൽ ഫാലി എച്ച്. മേജർ പ്രതികരിച്ചു. പ്രഫഷനലായ ഏതൊരു സേനയും 24 മണിക്കൂറും ആക്രമണ സജ്ജരായിരിക്കണമെന്ന് സെന്റർ ഫോർ എയർ പവർ സ്റ്റഡീസ് അഡിഷനൽ ഡയറക്ടർ ജനറല്‍ എയർ വൈസ് മാർഷൽ മൻമോഹൻ ബഹാദൂർ വ്യക്തമാക്കി.

രാത്രികളിൽ പർവതങ്ങളെ ലക്ഷ്യമാക്കി പറക്കുന്നതിനു വിമാനങ്ങൾക്കു നേരത്തേ പരിമിതികളുണ്ടായിരുന്നു. എന്നാലിപ്പോൾ ഈ പ്രശ്നത്തെ മറികടന്നിട്ടുണ്ട്. രാത്രികാലങ്ങളിലെ പറക്കലിനും ലഡാക്കിൽ വ്യോമസേന ഇപ്പോൾ പരിശീലിക്കുന്നുണ്ട്. പർവത പ്രദേശങ്ങളിലേക്കു പറക്കുമ്പോൾ വെല്ലുവിളികൾ ഏറെയാണ്. പക്ഷേ അനുഭവങ്ങളിലൂടെ ഇതിനെ മറികടക്കാൻ സാധിക്കും– മൻമോഹൻ ബഹാദൂർ പ്രതികരിച്ചു. ചൈനീസ് പ്രകോപനങ്ങളുടെ പശ്‍ചാത്തലത്തിൽ അതീവ ജാഗ്രതയോടെയാണു വ്യോമസേനയുടെ നിലവിലെ പ്രവർത്തനം. ഇന്ത്യ–ചൈന സൈനിക കമാൻഡർമാർ തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരം ചൈനീസ് സൈന്യം ഗൽവാൻ, ഹോട്സ്പ്രിങ്സ്, ഗോഗ്ര എന്നിവിടങ്ങളിൽനിന്ന് 1.5 കിലോമീറ്റർ പിന്നോട്ടുപോയിട്ടുണ്ട്. ഇന്ത്യയും ധാരണകൾ പ്രകാരമുള്ള മാറ്റങ്ങൾ സൈനിക വിന്യാസത്തിൽ വരുത്തി.

മേയിൽ ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ പ്രശ്നങ്ങള്‍ ആരംഭിച്ചപ്പോൾ സൈനിക നീക്കത്തിൽ വ്യോമസേനയുടെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. സൈനികർ, ടാങ്കുകള്‍, ഇന്‍ഫൻട്രി കോംപാറ്റ് വെഹിക്കിൾസ് എന്നിവയുടെ നീക്കത്തിന് സി– 17 ഗ്ലോബ്മാസ്റ്റർ മൂന്ന് വിമാനമാണ് ഉപയോഗിച്ചത്. സി– 130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനവും മേഖലയിലെ നിർണായക സാന്നിധ്യമായി. പുതുതായെത്തിച്ച അപ്പാഷെ, ചിനൂക്ക് ഹെലികോപ്റ്ററുകളും വ്യോമസേനയുടെ കരുത്ത് വർധിപ്പിച്ചു. ഹെൽ ഫയർ മിസൈലുകൾ ഘടിപ്പിച്ച അപ്പാഷെ ഹെലികോപ്റ്ററുകൾക്ക് മിനിറ്റിൽ 128 ലക്ഷ്യങ്ങളെയാണ് ആക്രമിക്കാൻ സാധിക്കുക. സൈനിക നീക്കം, ആയുധങ്ങളെത്തിക്കൽ എന്നിവയാണ് ചിനൂക്കിന്റെ പ്രധാന ദൗത്യങ്ങൾ. സേനയിലേക്ക് 38,900 കോടിയുടെ ആയുധങ്ങൾ വാങ്ങാനാണു പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ആഴ്ച അനുമതി നൽകിയത്. വ്യോമസേനയ്ക്ക് 33 പുതിയ പോർവിമാനങ്ങൾ ഇങ്ങനെ ലഭിക്കും.

English Summary: IAF projects day-night, all-weather combat capability in Ladakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA