sections
MORE

സ്വപ്നയെ സല്യൂട്ട് ചെയ്തില്ല; അന്ന് 3 പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍ ശുപാര്‍ശ

swapna-suresh
സ്വപ്ന സുരേഷ്
SHARE

തിരുവനന്തപുരം∙ സ്വര്‍ണക്കടത്തില്‍ കുടുങ്ങും വരെ സ്വപ്ന സുരേഷ് തലസ്ഥാനത്ത് വിലസിയിരുന്നത് സര്‍വ അധികാരങ്ങളോടെയും. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗം ആയുധമാക്കി നാല് വര്‍ഷം കൊണ്ടാണ് സ്വാധീനത്തിലും സാമ്പത്തികമായും സ്വപ്ന സമാനമായ വളര്‍ച്ച സ്വപ്ന നേടിയത്. ഈ സ്വാധീനങ്ങള്‍ തന്നെയാവും രാജ്യത്തെ ഞെട്ടിച്ച കേസില്‍ പ്രതിയായി രണ്ടാം ദിവസവും സ്വപ്നയെ ഒളിവിടത്തില്‍ സുരക്ഷിതയാക്കുന്നത്. സ്വപ്നയുടെ ഫ്ളാറ്റിൽ രണ്ടാം ദിനവും കസ്റ്റംസ് പരിശോധന നടത്തി.

സ്വാധീനം, സൗഹൃദം, സമ്പത്ത്... മൂന്ന് ദിവസം മുന്‍പ് വരെ സ്വപ്നയുടേത് സ്വപ്നസമാനമായ ആര്‍ഭാട ജീവിതമായിരുന്നു. ബാലരാമപുരത്ത് നിന്ന് തുടങ്ങി അബുദാബിയില്‍ വളര്‍ന്ന് തിരുവനന്തപുരത്ത് തഴച്ച് വളര്‍ന്ന  ജീവിതം. പിതാവിന് അബുദാബിയില്‍ ബിസിനസായതിനാല്‍ അവിടെയായിരുന്നു വിദ്യാഭ്യാസം. ആദ്യ ജോലിയും അവിടെ തന്നെ. 2013ല്‍ എയര്‍ ഇന്ത്യാ സാറ്റ്സില്‍ എച്ച്ആര്‍ മാനേജരായി എത്തുന്നതോടെയാണു തലസ്ഥാനത്തെ ബന്ധങ്ങള്‍ തുടങ്ങുന്നത്. മൂന്ന് വര്‍ഷം അവിടെ. 

അതിനിടെ വ്യാജരേഖാ കേസില്‍പെട്ട് ജോലി പോകുമെന്നായപ്പോള്‍ യുഎഇ കോണ്‍സുലേറ്റിലേക്ക് ചാടി. പിതാവിന്റെ ദുബായ് ബന്ധവും അറബി ഭാഷയിലെ കഴിവുമായിരുന്നു ഡിഗ്രി മാത്രം കൈമുതലായുള്ള സ്വപ്നയെ നയതന്ത്ര ഓഫിസിലെ എക്സിക്യൂട്ടീവ് സെക്രട്ടറിയാക്കിയത്. തിരുവനന്തപുരത്ത് കോണ്‍സുലേറ്റിന്റെ  ഓഫിസ് തുടങ്ങിയതു മുതല്‍ സ്വപ്നയായിരുന്നു അവിടത്തെ എല്ലാം എല്ലാം. കോണ്‍സുലേറ്റിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം. മുഖ്യമന്ത്രി വിളിക്കുന്ന ഔദ്യോഗിക യോഗത്തില്‍ പോലും കോണ്‍സുലേറ്റ് പ്രതിനിധിയേപ്പോലെ സ്വപ്ന പങ്കെടുത്തു, നയതന്ത്ര അഭിപ്രായങ്ങള്‍ പോലും പറഞ്ഞു. 

അതുപോലെ തന്നെ സത്കാരങ്ങളിലും വിരുന്നുകളിലുമെല്ലാം അതിഥിയായും ആതിഥേയയായും സ്വപ്ന തിളങ്ങി. ഈ അധികാരം വ്യക്തിഗത ബന്ധങ്ങള്‍ വളര്‍ത്തുന്നതിന് ആയുധമാക്കി. ഒരിക്കല്‍ സ്വപ്നയെ സല്യൂട്ട് ചെയ്തില്ലെന്ന പേരില്‍ കോണ്‍സുലേറ്റ് ഓഫിസില്‍ ഗാര്‍ഡായ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യണമെന്ന ശുപാര്‍ശ പോലും കോണ്‍സുലേറ്റില്‍ നിന്ന് കമ്മിഷണര്‍ ഓഫീസിലെത്തി. ആറ് മാസം മുന്‍പ് കോണ്‍സുലേറ്റിലെ ജോലി ഇല്ലാതായെങ്കിലും പല അധികാര കേന്ദ്രങ്ങളിലും  ഇക്കാര്യം മറച്ചുവച്ചുകൊണ്ടാണ് സ്വപ്ന കുതിപ്പ് തുടര്‍ന്നത്. സ്വപ്നയുടെ ഫ്ളാറ്റില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കസ്റ്റംസ് പരിശോധിച്ചെങ്കിലും സ്വപ്ന കാണാമറയത്താണ്.

English Summary: Swapna lead luxurious life at Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA