ADVERTISEMENT

ന്യൂഡൽഹി∙ ‘ഞാൻ വികാസ് ദുബെയാണ്, കാൻപുരുകാരൻ’ തന്നെ അറസ്റ്റു ചെയ്യാനെത്തിയ പൊലീസുകാർക്കെതിരെ ആക്രോശിക്കുകയായിരുന്നു ഗുണ്ടാത്തലവൻ. ദിവസങ്ങൾ നീണ്ടുനിന്ന, നിരവധി പൊലീസ് സംഘങ്ങള്‍ ഒരുമിച്ചു നടത്തിയ അന്വേഷണത്തിലാണ് വികാസിനെ മധ്യപ്രദേശിൽനിന്ന് പിടികൂടുന്നത്. ഉത്തര്‍പ്രദേശ്, ഹരിയാന, ഡൽഹി, മധ്യപ്രദേശ് എന്നിവിടങ്ങളിലെ പൊലീസുകാർ സംയുക്തമായിട്ടാണ് തിരച്ചിൽ നടത്തിയത്.

ഉജ്ജയിനിലെ മഹാകൽ ക്ഷേത്രത്തില്‍ നിന്നാണ് വികാസ് ദുബെയെ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം ഇയാളെ ഹരിയാന – ഡൽഹി അതിർത്തിയോടു ചേർന്ന് ഫരീദാബാദിൽ കണ്ടിരുന്നു. ഇവിടെനിന്ന് എങ്ങനെയാണ് മധ്യപ്രദേശ് വരെ വികാസ് എത്തിയതെന്ന് കണ്ടെത്താനായിട്ടില്ല.

ക്ഷേത്രത്തിന്റെ വശത്തുള്ള ഗേറ്റിലൂടെ അകത്തേക്കു കയറാൻ വികാസ് ശ്രമിച്ചിരുന്നു. ഇയാളെ പുറത്തു തടഞ്ഞതിനു ശേഷം പൊലീസിനെ വിവരമറിയിച്ചുവെന്ന് ക്ഷേത്രം സുരക്ഷാ ജീവനക്കാരൻ പറഞ്ഞു. വികാസ് ദുബെയുടെ ചിത്രം ഞങ്ങളുടെ കൈവശമുണ്ടായിരുന്നു. ദർശനം നടത്താനാണ് ഇയാള്‍ ക്ഷേത്രത്തിലെത്തിയതെന്നാണു കരുതിയത്. രണ്ടു മണിക്കൂറോളം പലതും പറഞ്ഞ് ഇയാളെ ഇവിടെ പിടിച്ചുനിർത്തി. തുടർന്ന് പൊലീസിനെ അറിയിച്ചു. സിസിടിവി ക്യാമറയിൽ ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെന്നും സെക്യൂരിറ്റി ജീവനക്കാരൻ ലഖാൻ യാദവ് പറഞ്ഞു. രാവിലെ ഏഴോടെയാണ് ഇയാൾ ഇവിടെ എത്തിയതെന്നും യാദവ് കൂട്ടിച്ചേർത്തു.

വികാസ് ദുബെ ക്ഷേത്രത്തിനുള്ളിലേക്കു പ്രവേശിച്ചിട്ടില്ല. ഞങ്ങൾ കാണുമ്പോൾ ഇയാൾ തനിച്ചായിരുന്നു. അനുയായികൾ ചിലപ്പോൾ ഒപ്പമുണ്ടായിരുന്നിരിക്കാമെന്നും ലഖാൻ പറയുന്നു. വികാസ് ദുബെയുടെ അറസ്റ്റ് പൊലീസിസിന്റെ വലിയ വിജയമാണെന്ന്‌ മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്ര പറഞ്ഞു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സംസാരിച്ചിട്ടുണ്ടെന്നും വികാസിനെ കൈമാറുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും വ്യക്തമാക്കി.

English Summary: How Gangster Vikas Dubey Was Spotted At Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com