ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് സമൂഹവ്യാപനത്തിനരികിൽ കേരളം നിൽക്കെ സ്വർണക്കടത്തിന്റെ മറവിൽ എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ അക്രമാസക്തമായ പ്രതിഷേധം മനുഷ്യജീവനു നേരെയുള്ള വെല്ലുവിളിയാണെന്നു സിപിഎം. സ്വർണക്കടത്തു കേസിലെ മുഴുവൻ പ്രതികളെയും ഒത്താശക്കാരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരണം എന്നതാണു മുഖ്യമന്ത്രി പിണറായി വിജയന്റെയും എൽഡിഎഫ് സർക്കാരിന്റെയും ആവശ്യമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

ഈ നിലപാടുള്ളതിനാലാണ് എൻഐഎ ഉൾപ്പെടെ യുക്തമായ ഏതു കേന്ദ്ര ഏജൻസിയുടെയും അന്വേഷണത്തിന് പ്രധാനമന്ത്രിയോടു രേഖാമൂലം മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. എൻഐഎ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ഒരു കള്ളക്കടത്ത് ശക്തിയെയും സംരക്ഷിക്കുന്ന പണി എൽഡിഎഫ് സർക്കാരിനില്ല. നാലു വർഷത്തെ ഭരണത്തിലൂടെ മുഖ്യമന്ത്രിയുടെ ഓഫിസ് കേരള ജനതയുടെ അന്തസ്സിന്റെ കേന്ദ്രമാണെന്നു ബോധ്യപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രവർത്തനത്തിൽ കേരളത്തെ ലോകത്തിനുതന്നെ മാതൃകയാക്കി മാറ്റിയ സർക്കാരിനെ ദുർബലപ്പെടുത്താനുള്ള സമരം, വിമാനത്താവള കള്ളക്കടത്ത് കേസിന്റെ മറവിൽ സംഘടിപ്പിക്കുന്നത് അധികാരമോഹത്തെ മുൻനിർത്തിയുള്ള വിലകുറഞ്ഞ രാഷ്ട്രീയ സമരം മാത്രമാണ്. കോവിഡ് പ്രോട്ടോകോൾപോലും കാറ്റിൽ പറത്തി അക്രമാസക്ത സമരം നടത്തുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്യുന്നത് ഈ രോഗവ്യാപനത്തിന്റെ ആപത്ഘട്ടത്തിൽ മനുഷ്യജീവൻവച്ചുള്ള പന്താടലാണ്.

കള്ളക്കഥകൾ പ്രചരിപ്പിച്ച് സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും യശസ്സ് ഇടിക്കാമെന്ന ദുഷ്ടചിന്തയിലാണു യുഡിഎഫും ബിജെപിയും. ഇവരുടെ അരാജക സമരത്തിനെതിരാണ് ജനവികാരമെന്ന് വിവേകമുണ്ടെങ്കിൽ ഇക്കൂട്ടർ മനസ്സിലാക്കണം. പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ശരിയായി നടന്നാൽ പലരും കുടുങ്ങുമെന്ന ഭയം ബിജെപിയെയും യുഡിഎഫിനെയും വിറളിപിടിപ്പിച്ചിട്ടുണ്ട്. അന്വേഷണത്തിനു തുരങ്കം വയ്ക്കാനാണോ ഈ പ്രക്ഷോഭമെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.

English Summary: CPM slams opposition protests over gold smuggling case during Covid time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com