സ്വർണക്കടത്ത്: എൻഐഎ അന്വേഷിക്കുക തീവ്രവാദ ബന്ധവും; കുരുക്കു മുറുകും

133998150
സരിത്, സ്വപ്ന സുരേഷ് (ഇൻസൈറ്റിൽ)
SHARE

കൊച്ചി ∙ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 30 കിലോയിൽ അധികം സ്വർണം കടത്തിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നടത്തുന്ന അന്വേഷണത്തിൽ പ്രധാനമായും വിലയിരുത്തുന്നത് കടത്തലിന്റെ തീവ്രവാദ ബന്ധവും. ഇന്റലിജൻസ് റിപ്പോർട്ടിന്റെ മാത്രം അടിസ്ഥാനത്തിൽ എൻഐഎയ്ക്ക് കേസെടുക്കാനാവില്ലെന്ന് നിയമ വിദഗ്ധനും മുൻ എസ്‌പിയുമായ ജോർജ് ജോസഫ് വിലയിരുത്തുന്നു. യുഎപിഎ വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നതെന്ന് എൻഐഎ കോടതിയിൽ അറിയിച്ചിട്ടുണ്ട്. കേരളത്തിലെത്തുന്ന സ്വർണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് മൂലധനമാകുന്നെന്ന ഇന്റലിജൻസ് റിപ്പോർട്ടിൻമേലാണ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത് എന്നാണ് വിശദീകരണം.

കേരളത്തിലേക്കുള്ള കടത്തുകൾക്കു പിന്നിൽ ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടനയ്ക്ക് പങ്കുണ്ടെന്നാണ് ഇന്റലിജൻസിനു ലഭിച്ചിട്ടുള്ള വിവരം. തുടർന്ന് അന്വേഷണം ഏതു വഴിക്കു വേണമെന്ന വിവിധ കേന്ദ്ര ഏജൻസികളുടെയും ആഭ്യന്തര വകുപ്പിന്റെയും ചർച്ചകൾക്കൊടുവിലാണ് എൻഐഎയുടെ രംഗപ്രവേശം. എത്ര വലിയ സ്വർണക്കടത്തു കേസുകൾ പിടിച്ചാൽ പോലും കസ്റ്റംസ് കേസിൽ നിയമപരമായി പരിധികളുണ്ട്. പൊലീസിനുള്ളതു പോലെ അധികാരങ്ങൾ ഇല്ലാത്തതിനാൽ കേസെടുക്കുന്നതിനും തുടർ നടപടികൾക്കും സാധ്യത വളരെ കുറവാണ്. ഒരാളിൽ നിന്ന് സ്വർണം പിടിച്ചാൽ അയാളുടെ പേരിൽ മാത്രം കേസ് ചാർജ് ചെയ്യാനേ കസ്റ്റംസിനു സാധിക്കൂ.

മറ്റൊരാളെ അന്വേഷണ പരിധിയിൽ കൊണ്ടുവരാനോ ചോദ്യം ചെയ്യാനോ സാധിക്കുകയില്ല. ഒരു കേസിൽ എഫ്ഐആർ ഇടാൻ പൊലീസിനുള്ള അധികാരം മറ്റ് ഏജൻസികൾക്കില്ല. കസ്റ്റംസ്, ഡിആർഐ, സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഇവയ്ക്കെല്ലാം സമൻസ് പോലെ ഒരു റിപ്പോർട്ട് തയാറാക്കുക മാത്രമാണ് ചെയ്യുക. അതുകൊണ്ടു തന്നെ സിബിഐക്ക് കേസിൽ ഇടപെടാനാവില്ല. സംസ്ഥാന പൊലീസ് എടുത്ത കേസിൽ സർക്കാരോ ഹൈക്കോടതിയോ ഉത്തരവിട്ടാൽ മാത്രം സിബിഐക്ക് കേസ് ഏറ്റെടുക്കാം. എന്നാൽ എൻഐഎയ്ക്ക് യുഎപിഎ വകുപ്പുകളുടെ പരിധിയിൽ വരുന്ന കേസുകളിൽ അന്വേഷണം നടത്താം.

swapna-suresh

തീവ്രവാദ സംഘടനകൾ കൊണ്ടുവന്ന പണമാണെന്നു വ്യക്തമായാൽ കേസെടുക്കുന്നതിന് തടസ്സമില്ലായിരുന്നു. ഇത് ഒരു വ്യക്തി ആയതിനാൽ അതിന് പരിമിതികളുണ്ട്. നേരത്തെ ഒരു വ്യക്തിക്കെതിരെ യുഎപിഎ ചുമത്തുന്നതിനും തടസ്സമുണ്ടായിരുന്നു. എന്നാൽ മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 2എ വകുപ്പിൽ ഗ്രൂപ്പുകൾക്കൊപ്പം ‘വ്യക്തി’ എന്നു ചേർത്തിട്ടുണ്ട്. അതുകൊണ്ടു തന്നെ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സംഘടനയിലെ വ്യക്തിക്കെതിരെ നടപടി എടുക്കാം.

അതിലും പരിമിതിയുള്ളത് നിരോധിക്കപ്പെട്ട ഒരു സംഘടനയിലെ അംഗത്തിനെതിരെ മാത്രമേ കേസെടുക്കാൻ സാധിക്കൂ എന്നതാണ്. സാമ്പത്തികമായി ഇന്ത്യയെ തകർക്കുക ലക്ഷ്യമിട്ടാണ് ഇവിടേക്കു സ്വർണം കൊണ്ടു വരുന്നത് എന്നാണ് വ്യാഖ്യാനം. ഇതു കാണിച്ച് ആഭ്യന്തര സെക്രട്ടറിയുടെ നോട്ടിഫിക്കേഷൻ ഇല്ലാത്ത പക്ഷം കേസിന്റെ നിലനിൽപ് ചോദ്യം ചെയ്യപ്പെടും. അല്ലെങ്കിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നോട്ടിഫിക്കേഷൻ വേണ്ടി വരുമെന്നും ജോർജ് ജോസഫ് പറയുന്നു.

യഥാർഥ കുറ്റവാളികൾ മറഞ്ഞു തന്നെ

സ്വർണം കടത്തുന്നവരുടെ ഭീകര ബന്ധം നേരത്തെ തന്നെ കേന്ദ്ര ഏജൻസികൾ തിരിച്ചറിഞ്ഞിരുന്നതാണ്. ഇതു സംബന്ധിച്ച് വിവിധ തലങ്ങളിൽ അന്വേഷണം ഉണ്ടായിട്ടുണ്ടെങ്കിലും രാജ്യാന്തര തലങ്ങളിലേയ്ക്ക് എത്തിച്ച് കടത്തലിന്റെ മുഖ്യകണ്ണികളെ പിടികൂടാൻ സാധിക്കാതെ പോയിട്ടുണ്ട്. ഇതു തന്നെയാണ് ഇപ്പോഴും കടത്ത് നിർബാധം തുടരുന്നതിന് കാരണവും എന്നാണു വിലയിരുത്തൽ. സ്വർണം കടത്തുന്ന കാരിയർമാരെ അല്ലാതെ ‌ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന യഥാർഥ കുറ്റവാളികളെ മറനീക്കി പുറത്തു കൊണ്ടുവന്നെങ്കിൽ മാത്രമേ അന്വേഷണം ഫലവത്തായി എന്നു പറയാൻ സാധിക്കൂ.

കഴിഞ്ഞ വർഷം ഏപ്രിലിൽ വിമാനത്താവളങ്ങളിലൂടെ സ്വർണം കടത്തുന്നവരുടെ ഭീകരബന്ധം ഡിആർഐ കണ്ടെത്തിയിരുന്നതാണ്. സ്വർണക്കടത്ത് സംഘത്തിനു നേതൃത്വം നൽകുന്നവർക്ക് മൂവാറ്റുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്നുള്ള തീവ്രവസ്വഭാവമുള്ള സംഘടനകളുമായി ബന്ധമുണ്ടെന്നായിരുന്നു അന്നത്തെ കണ്ടെത്തൽ. ഇവർ ഈ പണം സംഘടനകളുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു എന്നു വിവരം ലഭിച്ചിരുന്നതാണ്. തുടർന്ന് സ്വർണക്കടത്തു വിവരങ്ങൾ ഐബിക്കും എൻഐഎയ്ക്കും ഡിആർഐ കൈമാറിയിരുന്നു.

ഇതു സംബന്ധിച്ച അന്വേഷണം എവിടെവരെ എത്തി എന്നതു സംബന്ധിച്ച് പിന്നീട് റിപ്പോർട്ടുകളൊന്നും പുറത്തു വന്നിട്ടില്ല എന്നതാണ് വസ്തുത. ഓരോത്തവണയും സ്വർണക്കടത്ത് വാർത്തകളിൽ നിറയുമ്പോൾ ഉയരുന്ന ചോദ്യമാണ് ഈ സ്വർണമെല്ലാം എവിടെ നിന്ന് വരുന്നു, എവിടേക്കു പോകുന്നു എന്നത്. ആഭ്യന്തര മാർക്കറ്റിൽ ഒരു വർഷം ഔദ്യോഗികമായി നികുതിയടച്ചു രേഖകളുമായി എത്തുന്നതിന്റെ മൂന്നിരട്ടി സ്വർണം ഇവിടെ അല്ലാതെ എത്തുന്നതായാണ് കണക്ക്. കഴിഞ്ഞ വർഷം പിടിച്ച സ്വർണത്തിന്റെ കണക്കു നോക്കുകയാണെങ്കിൽ മൂവായിരം കിലോ സ്വർണമെങ്കിലും ഇവിടെ എത്തിയിട്ടുണ്ടെന്നാണ് കണക്ക്.

Content Highlights: Diplomatic Baggage Gold Smuggling, Swapna Suresh, NIA, UAPA, Gold Smuggling Case Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA