ADVERTISEMENT

വാഷിങ്ടന്‍∙ ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചൈനയോടു വിട്ടുവീഴ്ചയില്ലാതെ നിലപാട് സ്വീകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് അമേരിക്കയിലെ പ്രമുഖ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കെന്നഡി. ചൈനയെ ഭയരഹിതമായി കൈകാര്യം ചെയ്യുന്നതില്‍ മറ്റു രാജ്യങ്ങള്‍ക്ക് ഇതു മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു.

ലഡാക്ക് അതിര്‍ത്തിയില്‍ കടന്നുകയറിയ പ്രദേശങ്ങളില്‍നിന്നു ചൈന പിന്നോട്ടു പോയ പശ്ചാത്തലത്തിലാണ് ജോണ്‍ കെന്നഡിയുടെ പ്രസ്താവന. കാനഡയും സമാനമായി പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമുണ്ടെന്നു ജോണ്‍ പറഞ്ഞു. എല്ലാ രാജ്യങ്ങളും ഓടി മൂലയില്‍ ഒളിക്കാന്‍ ശ്രമിക്കുന്നില്ല. നിയമവിധേയമായി പ്രവര്‍ത്തിക്കണമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ബോധ്യപ്പെടുത്താന്‍ അമേരിക്കയ്ക്കും രാജ്യാന്തര സമൂഹത്തിനും കഴിയണം.

ഭൂരിപക്ഷം രാജ്യങ്ങള്‍ക്കും ചൈനയെ വിശ്വാസമില്ല. എന്നാല്‍ അവര്‍ക്കു ഭയമാണ്. സമ്പത്ത് ഉപയോഗിച്ച് ചൈന എല്ലാവരെയും നിയന്ത്രിക്കുകയാണ്. ചില രാജ്യങ്ങള്‍ ഇതിന് അപവാദമാണ്. ഓസ്‌ട്രേലിയയും കാനഡയും ശക്തമായ നിലപാടാണു സ്വീകരിച്ചത്. ഇന്ത്യയും ഭയരഹിതമായി നില കൊളളുന്നു. ഈ സാഹചര്യത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കുകയാണ് അമേരിക്ക ചെയ്യേണ്ടതെന്നും ജോണ്‍ പറഞ്ഞു.

നിയമവിധേയമായി പ്രവര്‍ത്തിക്കണമെന്നും അല്ലെങ്കില്‍ വ്യാപാരം ചെയ്യില്ലെന്നും എല്ലാവരും ചേര്‍ന്ന് ചൈനയോടു പറയണം. ഫ്രാന്‍സിനെയും ജര്‍മനിയെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അമേരിക്ക നേതൃത്വം ഏറ്റെടുക്കണമെന്നും ജോണ്‍ പറഞ്ഞു.

English Summary: Proud of India for standing up to Chinese aggression: US Senator

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com