ADVERTISEMENT

ദുബായ്∙ തിരുവനന്തപുരത്തെ സ്വർണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രവാസി മലയാളി ഫൈസൽ ഫരീദ്. സ്വർണവുമായി ബന്ധപ്പെട്ട ഒരു കച്ചവടവും ഇതുവരെ നടത്തിയിട്ടില്ല. കേസിലെ പ്രധാന പ്രതികളായ സരിത്, സ്വപ്ന, സന്ദീപ് എന്നിവരെ അറിയില്ല. ഇടപാടുകളും നടത്തിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട് തന്നെ ആരും ഇതുവരെ വിളിച്ചിട്ടില്ലെന്നും ഫൈസൽ ദുബായിൽ മാധ്യമങ്ങളോടു പറഞ്ഞു.

തൃശൂർ മൂന്നുപീടിക സ്വദേശിയായ ഫൈസലാണ് കേസിൽ എൻഐഎ അന്വേഷിക്കുന്ന മൂന്നാം പ്രതിയെന്ന തരത്തിലുള്ള പ്രചാരണം നടന്നിരുന്നു. എന്നാൽ ഇത് എങ്ങനെ വന്നെന്ന് അറിയില്ല. സമൂഹമാധ്യമങ്ങളിലെ ഫോട്ടോ ഉപയോഗിച്ചായിരുന്നു പ്രചാരണം. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും.

ആദ്യം വാട്‌സാപ് ഗ്രൂപ്പുകളിലാണ് ഇത്തരം ചിത്രങ്ങളും ലിങ്കുകളും സ്ക്രീൻഷോട്ടുകളും വന്നത്. അന്വേഷണത്തിന്റെ ഭാഗമായി തന്നെ ആരും വിളിച്ചിട്ടില്ലെന്നും ഫൈസൽ പറഞ്ഞു. എന്നാൽ സുഹൃത്തിനെ വിളിച്ചതായി അറിഞ്ഞു. തന്നെ വിളിച്ചു വിവരം ചോദിച്ചവർ അന്വേഷണ ഉദ്യോഗസ്ഥരാണെന്നു പറഞ്ഞെങ്കിലും സ്വന്തം പേരു പറയാനുള്ള ആത്മവിശ്വാസം പോലുമുണ്ടായിരുന്നില്ല.

ദുബായ് പൊലീസോ എൻഐഎയോ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. എന്നാൽ കേസുമായി ആവശ്യമെങ്കിൽ സഹകരിക്കാൻ എല്ലായിപ്പോഴും തയാറാണെന്നും ഫൈസൽ പറഞ്ഞു. ഫൈസലിന്റെ സുഹൃത്തിനെ ഫോണിൽ വിളിച്ചതായി കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.

കേസിലെ ഒന്നാം പ്രതി സരിത്തിന്റെ റിമാന്‍ഡ് റിപ്പോർട്ടിൽ പറയുന്ന ഷാർജയിലെ അൽ സത്താൽ സ്പൈസസ് കമ്പനിയുമായി ബന്ധപ്പെട്ടായിരുന്നു ഫൈസലിന്റെ പേര് ആദ്യം ഉയര്‍ന്നുവന്നത്. എന്നാൽ ഈ കമ്പനിയുമായി ഒരു ഇടപാടും നടത്തിയിട്ടില്ലെന്നും യാതൊന്നും വാങ്ങിയിട്ടില്ലെന്നും ഫൈസൽ പറഞ്ഞു.

ദുബായിൽ എണ്ണ ഇടപാടുമായി ബന്ധപ്പെട്ട കമ്പനി നടത്തുകയാണ് ഫൈസൽ. ഒപ്പം ഫിറ്റ്‌നസ് സെന്ററും ഓട്ടോ ഗരാഷുമുണ്ടെന്നും ഫൈസൽ അറിയിച്ചു. സ്വർണക്കള്ളക്കടത്ത് കേസിൽ എൻഐഎ റിപ്പോർട്ടിൽ ഫാസിൽ ഫരീദ് എന്നയാളുടെ പേരാണ് ചേർത്തിരിക്കുന്നത്. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തിരുവനന്തപുരത്തേക്ക് 30 കിലോ സ്വർണം അയച്ചത് ഇയാളാണെന്നാണു വിവരം.

English Summary: Faizal Fareed Clarifies about Diplomatic Baggage Gold Smuggling Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com