ADVERTISEMENT

തിരുവനന്തപുരം∙ കോർപറേഷനു കീഴിലെ പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ ആറുമണി മുതൽ ഒരാഴ്ചകൂടി കർശന ലോക്ഡൗൺ തുടരുമെന്ന് ജില്ലാ കലക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫിസ്, ആരോഗ്യം, ആഭ്യന്തരം, ദുരന്തനിവാരണം, തദ്ദേശസ്വയംഭരണം, നോർക്ക എന്നീ വകുപ്പുകൾ പരമാവധി 50 ശതമാനം ജീവനക്കാരെ നിശ്ചയിച്ചു ജോലി ക്രമീകരിക്കണം. സെക്രട്ടേറിയറ്റിലെ മറ്റു വകുപ്പുകളിൽ അനിവാര്യമായ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ മാത്രം ആവശ്യമുള്ള ജീവനക്കാർ ( പരമാവധി 30 ശതമാനം) ഹാജരാകാൻ ബന്ധപ്പെട്ട സെക്രട്ടറിമാർക്ക് ആവശ്യമായ ക്രമീകരണങ്ങൾ നടത്താം. സമയബന്ധിതമായ ജോലികൾ നിർവഹിക്കേണ്ടതിനാൽ ഗവ. പ്രസ്സുകൾക്കും പ്രവർത്തിക്കാം.

കേന്ദ്ര സർക്കാരിനു കീഴിലെ പ്രതിരോധം, എയർപോർട്ട്, റെയിൽവെ, പോസ്റ്റ് ഓഫിസ് അടക്കമുള്ള പൊതുജന സേവന സംവിധാനങ്ങൾ, അവശ്യ സർവീസുകൾ എന്നിവയ്ക്കു പ്രവർത്തനാനുമതിയുണ്ട്. കേരള സർക്കാരിനു കീഴിൽ ജില്ലാ ഭരണകൂടം, ദുരന്തനിവാരണം, ആർഡിഒ ഓഫിസ്, താലൂക്ക്,വില്ലേജ് ഓഫിസുകൾ, പൊലീസ്, ഹോം ഗാർഡ്, ഫയർഫോഴ്‌സ്, ജയിൽ വകുപ്പ്, ട്രഷറി, ജല, വൈദ്യുതി വകുപ്പുകൾ, ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ(അവശ്യ ജീവനക്കാരെ മാത്രം ഉൾക്കൊള്ളിക്കണം) എന്നിവ പ്രവർത്തിക്കും. 

ഹൈവേ, പാലം, റോഡ് തുടങ്ങിയ അടിയന്തര നിർമാണ പ്രവർത്തനങ്ങൾ പ്രദേശത്ത് അനുവദിക്കും. കൃഷി, ഹോർട്ടികൾച്ചർ, ഡയറി, പൗൾട്ടറി, വെറ്റിനറി, അനിമൽ ഹസ്ബന്ററി പ്രവർത്തനങ്ങൾക്ക് അനുമതിയുണ്ട്. ടെക്ക്‌നോപാർക്കിലെ ഐടി വിഭാഗത്തിന് അവശ്യ ജീവനക്കാരെ മാത്രം ഉൾക്കൊള്ളിച്ചു പ്രവർത്തിക്കാം. കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ടാക്‌സികൾ, ഓട്ടോ റിക്ഷകൾ എന്നിവയ്ക്കു സർവീസ് നടത്താം. മാധ്യമസ്ഥാപനങ്ങൾ, ഡാറ്റസെന്റർ, ടെലികോം ഓപ്പറേറ്റർമാർ എന്നിവർ അവശ്യ ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി പ്രവർത്തിക്കണം. ബാങ്കുകൾ 50 ശതമാനം ജീവനക്കാരെ മാത്രം ഉൾക്കൊള്ളിച്ചു പ്രവർത്തിക്കണം. മറ്റ് പൊതു/സ്വകാര്യ ഓഫിസുകൾ വർക്ക് ഫ്രം ഹോം നയം സ്വീകരിക്കണം. 

ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, ലബോറട്ടറികൾ തുടങ്ങിയ ആരോഗ്യ അനുബന്ധ സ്ഥാപനങ്ങൾക്കു പ്രവർത്തിക്കാം. മരുന്ന്, ജനകീയ ഹോട്ടലിൽ നിന്നുള്ള ഭക്ഷണം എന്നിവ ഒഴികെ മറ്റൊന്നിനും ഡോർ ഡെലിവറി അനുവദിക്കില്ല. പ്രദേശത്ത് മുൻനിശ്ചയിച്ചിട്ടുള്ള എല്ലാ പൊതു പരീക്ഷകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താൻ പാടില്ല. പാൽ,പലചരക്ക് കടകൾ, ബേക്കറികൾ, എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് നാലുമണി മുതൽ ആറുമണി വരെയും വിൽപന നടത്താം.  ഉച്ചയ്ക്ക് ഒരുമണി മുതൽ മൂന്നുമണിവരെ സ്‌റ്റോക്ക് സ്വീകരിക്കുന്നതിനു മാത്രം തുറന്നുപ്രവർത്തിക്കാം. രാത്രി ഒൻപതുമണി മുതൽ പുലർച്ചെ അഞ്ചുമണിവരെ നൈറ്റ് കർഫ്യു ആയിരിക്കും.

ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളായ പൂന്തുറ, പുത്തൻപള്ളി, മാണിക്യവിളാകം വാർഡുകൾക്ക് പുതിയ ഇളവുകൾ ബാധകമായിരിക്കില്ല. ഇവിടങ്ങളിൽ കർശന നിയന്ത്രണം തുടരും. വലിയതുറ, വള്ളക്കടവ്, മുട്ടത്തറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ് എന്നീ വാർഡുകളാണു നിലവിൽ ബഫർ സോണുകൾ. ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ പാൽ, പലചരക്ക് കടകൾ, ബേക്കറി എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതൽ ഉച്ചയ്ക്ക് രണ്ടുവരെ പ്രവർത്തിക്കാം. ബാങ്കുകൾ പ്രവർത്തിക്കില്ല. മൊബൈൽ എടിഎം സൗകര്യം രാവിലെ പത്തുമണി മുതൽ വൈകിട്ട് അഞ്ച് മണിവരെ ലഭ്യമാകും. പാൽ, പാൽ ഉത്പന്നങ്ങൾ എന്നിവയുടെ ലഭ്യത മിൽമ ഉറപ്പാക്കും. വൈകിട്ട് ഏഴുമണിമുതൽ രാവിലെ അഞ്ച് മണിവരെ നൈറ്റ് കർഫ്യു ആയിരിക്കും. മെഡിക്കൽ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ അനാവശ്യമായി ആരുംതന്നെ വീടിനു പുറത്തിറങ്ങരുതെന്നും സർക്കാർ നിർദ്ദേശങ്ങൾ എല്ലാവരും കർശനമായും പാലിക്കണമെന്നും കലക്ടർ അറിയിച്ചു.

English Summary: Lockdown extend at Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com