ADVERTISEMENT

ഹോങ്കോങ്∙ ചൈന ഏർപ്പെടുത്തിയ പുതിയ ദേശീയ സുരക്ഷാ നിയമത്തിനെതിരെ പ്രതീകാത്മക ‘വോട്ട്’ ചെയ്ത് ഹോങ്കോങ് ജനാധിപത്യവാദികൾ. ലക്ഷക്കണക്കിനു പേരാണ് നിയമനിർമാണ (ലെജി‌സ്‌ലേറ്റിവ്) കൗൺസിലിലേക്കുള്ള പ്രതീകാത്മക വോട്ടെടുപ്പിൽ പങ്കെടുത്തത്. വരാനിരിക്കുന്ന കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാർഥികളെ കണ്ടെത്താനായാണ് വോട്ടെടുപ്പ്. ശനി, ഞായർ ദിവസങ്ങളിലായി ജനാധിപത്യ വാദികൾ നടത്തിയ ‘പ്രൈമറി’ തിരഞ്ഞെടുപ്പിൽ ലക്ഷങ്ങളാണു പങ്കെടുത്തത്. അതും പുതിയ ദേശീയ സുരക്ഷാ നിയമത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി പോലും വകവയ്ക്കാതെ! 

ചൈനയ്ക്കു കീഴിൽ സ്വതന്ത്ര ഭരണാവകാശമുള്ള ഹോങ്കോങ്ങിന്റെ സുരക്ഷാ കാര്യങ്ങളിൽ കൂടുതൽ കൈകടത്തലിനു ഷി ചിൻപിങ് ഭരണകൂടത്തെ സഹായിക്കുന്ന സുരക്ഷാ നിയമം നടപ്പാക്കി രണ്ടാഴ്ച തികയുമ്പോഴാണു പ്രതിഷേധക്കാരുടെ പുതിയ നീക്കം. നിയമത്തെ മറികടന്നാണ് വോട്ടെടുപ്പ് നടത്തുന്നതെന്നു ചൂണ്ടിക്കാട്ടി ഹോങ്കോങ് ഭരണഘടനാകാര്യ മന്ത്രി എറിക് സാങ് കഴിഞ്ഞയാഴ്ച ഭീഷണി മുഴക്കിയിരുന്നു.

HONG KONG-POLITICS-VOTE
ഹോങ്കോങ് പ്രതീകാത്മക വോട്ടെടുപ്പിനിടെ സ്ഥാനാർഥി പ്രചാരണം നടത്തുന്ന യുവതി.

പ്രാദേശിക സർക്കാരിന്റെ ക്രമസമാധാനത്തെയും നടത്തിപ്പിനെയും ബാധിക്കുന്നതാണു തിരഞ്ഞെടുപ്പു പ്രക്രിയയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഭീഷണി. തിരഞ്ഞെടുപ്പിനെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരംതന്നെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകിയെങ്കിലും ശനി രാവിലെ മുതൽ പതിനായിരങ്ങളാണ് പോളിങ് ബൂത്തുകളിലെത്തിയത്. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ അനുസരിച്ചായിരുന്നു വോട്ടെടുപ്പ് പ്രക്രിയ.

വേനലിലെ കൊടുംചൂടിനെയും അവഗണിച്ച് നീണ്ട നിരകളും ബൂത്തുകൾക്കുമുന്നിൽ രൂപപ്പെപ്പെട്ടു. നിലവിലെ നിയമപ്രകാരം ഹോങ്കോങ്ങിലെ ജനാധിപത്യവാദികളുടെ സമരത്തെ ഭീകരപ്രവർത്തനമായും വിദേശശക്തികളുടെ ഇടപെടലായുംവരെ ചിത്രീകരിക്കാം. വാറന്റില്ലാതെ സെർച്ചിന് പൊലീസിന് അധികാരം നൽകുന്നതാണ് നിയമം. സുരക്ഷാ നിയമത്തെ അട്ടിമറിക്കുന്ന സന്ദേശങ്ങൾ തടയുന്നതിന് സർവീസ് പ്രൊവൈഡർമാർക്കും വിവിധ ഐടി പ്ലാറ്റ്ഫോമുകൾക്കും (മൊബൈൽ ആപ് ഉൾപ്പെടെ) നിർദേശം നൽകാനും ഇതുവഴി സാധിക്കും. 

hong-kong-protests-police
ഹോങ്കോങ് പ്രതിഷേധം (ഫയൽ ചിത്രം)

പ്രൈമറി തിരഞ്ഞെടുപ്പിന് മുന്നോടിയായി വെള്ളിയാഴ്ച, ഇതിന്റെ സംഘാടക സംഘത്തിലൊന്നായ പബ്ലിക് ഒപീനിയൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓഫിസ് പൊലീസ് പരിശോധിച്ചിരുന്നു. സെപ്റ്റംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും അനുയോജ്യരായ സ്ഥാനാർഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരമായാണ് ജനാധിപത്യവാദികളുടെ വിവിധ കൂട്ടായ്മകൾ പ്രതീകാത്മക പ്രൈമറി തിരഞ്ഞെടുപ്പിനെ കാണുന്നത്. യഥാർഥ തിര‍ഞ്ഞെടുപ്പ് നടക്കുമ്പോൾ ലെജിസ്‌ലേറ്റിവ് കൗൺസിലിൽ ഭൂരിപക്ഷമാണു ലക്ഷ്യം. നിലവിൽ ചൈനയെ പിന്തുണയ്ക്കുന്ന പ്രതിനിധികളാണ് കൗൺസിലിൽ ഏറെയും. 

കൗൺസിലിൽ ഭൂരിപക്ഷം ലഭിച്ചാൽ ബജറ്റിനെതിരെ വീറ്റോ അധികാരംവരെ പ്രയോഗിക്കാൻ ജനാധിപത്യവാദികൾക്കാകും. നിലവിലെ ഹോങ്കോങ് നിയമപ്രകാരം, ബജറ്റ് പോലൊരു നിർണായക ബില്ലിനെതിരെ രണ്ട് തവണയെങ്കിലും വീറ്റോ പ്രയോഗിക്കേണ്ടി വന്നാൽ ഹോങ്കോങ് ഭരണാധികാരി കാരി ലാമിന് സ്ഥാനമൊഴിയേണ്ടിവരും. സെപ്റ്റംബറിലെ തിരഞ്ഞെടുപ്പിനൊടുവിൽ അത്തരമൊരു നിർണായക ശക്തിയാവുകയാണ് ജനാധിപത്യവാദികളുടെ ലക്ഷ്യം. ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം കണ്ടെത്തിയാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ്. ഹോങ്കോങ്ങിലുടനീളം സ്ഥാപിച്ചത് 250 ബൂത്തുകൾ. ആയിരത്തോളം വൊളന്റിയര്‍മാരും നടത്തിപ്പിനായി ചേർന്നു. 

ഐഡന്റിറ്റി വ്യക്തമാക്കിയതിനു ശേഷം മൊബൈൽ ബാലറ്റ് വഴിയായിരുന്നു വോട്ടിങ്. യുവാക്കളും മുതിർന്നവരും വയോജനങ്ങളും ഉൾപ്പെടെ ശനിയാഴ്ച മാത്രം 2.3 ലക്ഷം പേരാണ് വോട്ടു ചെയ്യാനെത്തിയത്. 1.70 ലക്ഷം പ്രതീക്ഷിച്ച സ്ഥാനത്താണിത്. ഞായറാഴ്ചത്തെ കണക്കുകൂടി ചേർക്കുമ്പോൾ ഇത് 5 ലക്ഷം കടന്നതായാണു വിവരം. ആകെ വോട്ടുചെയ്തവരുടെ എണ്ണം തിങ്കളാഴ്ച പുറത്തുവിടും. 75 ലക്ഷമാണ് ഹോങ്കോങ്ങിലെ ജനസംഖ്യ.

അതേസമയം ദേശീയ സുരക്ഷാ നിയമത്തെ വെല്ലുവിളിച്ചുള്ള പ്രൈമറി തിരഞ്ഞെടുപ്പിലൂടെ രാജ്യാന്തര സമൂഹത്തിന് ഒരു സന്ദേശം നല്‍കുക കൂടിയാണു ചെയ്യുന്നതെന്ന് സമരക്കാർ പറയുന്നു–എത്രയേറെ അടിച്ചമർത്തിയാലും പിന്മാറുകയില്ലെന്ന സന്ദേശം.

English Summary: 500,000 Hong Kongers cast 'protest' vote against new security laws

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com