ADVERTISEMENT

കൊച്ചി ∙ സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കോടതി ഈ മാസം 21 വരെ എൻഐഎ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. പ്രതികൾ സ്വർണം കടത്തിയിരിക്കുന്നതു രാജ്യവിരുദ്ധ, തീവ്രവാദ പ്രവർത്തനങ്ങൾക്കാണെന്നും ചോദ്യം ചെയ്യുന്നതിനായി 10 ദിവസത്തേയ്ക്കു കസ്റ്റഡിയിൽ വേണമെന്നുമുള്ള ആവശ്യം പരിഗണിച്ചാണ് എൻഐഎ കോടതി ഒരാഴ്ചത്തേയ്ക്കു കസ്റ്റഡിയിൽ നൽകിയത്. പ്രതികൾ യുഎഇ കോൺസുലേറ്റിന്റെ വ്യാജ സീൽ ഉൾപ്പടെ നിർമിച്ച് രേഖകൾ ഉണ്ടാക്കിയാണു സ്വർണം കയറ്റി അയച്ചിരിക്കുന്നത്. ഇതിൽ കോൺസുലേറ്റുമായും ഉദ്യോഗസ്ഥരുമായും ബന്ധമില്ലെന്നും ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.

നയതന്ത്ര ബാഗിൽ സ്വർണം കയറ്റി അയച്ച ഫൈസൽ ഫരീദ് എന്നയാളെ നാട്ടിലെത്തിക്കുന്നതിനായി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ ന‍ൽകി. എഫ്ഐആർ തയാറാക്കിയപ്പോൾ ഫൈസൽ ഫരീദിന്റെ പേരിലും വിലാസത്തിലും വന്ന തെറ്റ് തിരുത്തുന്നതിനും അപേക്ഷ നൽകി. കസ്റ്റംസ് എഫ്ഐആർ തയാറാക്കിയപ്പോൾ ഫാസിൽ ഫരീദ്, റെസിഡന്റ് ഓഫ് എറണാകുളം എന്ന വിലാസമാണ് നൽകിയിരുന്നത്. ഈ തെറ്റ് എൻഐഎ എഫ്ഐആർ തയാറാക്കിയപ്പോഴും ആവർത്തിച്ചു. ഇത് തിരുത്തി ഫൈസൽ ഫരീദ്, മൂന്നു പീടിക, തൃശൂർ എന്ന് മാറ്റുന്നതിനാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തു വന്ന ദൃശ്യങ്ങളിലെ വ്യക്തിതന്നെയാണ് ഫൈസൽ ഫരീദ് എന്നും ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം കസ്റ്റംസ് ഉദ്യോഗസ്ഥരും ശരി വയ്ക്കുന്നു. എന്നാൽ താൻ ഫൈസൽ ഫരീദ് ആണെന്നും സ്വർണക്കടത്തുമായി ബന്ധമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. സ്വർണം കടത്തി അയച്ച സംഭവത്തിൽ ഫൈസൽ ഫരീദ് മാത്രമല്ല, വലിയ രാജ്യാന്തര സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും ആഭ്യന്തര വിപണിയിലേയ്ക്കോ സ്വർണക്കടകൾ ലക്ഷ്യമിട്ടോ അല്ല ഇവർ സ്വർണം കടത്തിയത് എന്നും കോടതിയെ അറിയിച്ചു. ഇതിനു മുമ്പ് രണ്ടു തവണ 9 കിലോയും 18 കിലോയും സ്വർണം കടത്തിയിട്ടുണ്ടെന്നും കോടതിയിൽ അറിയിച്ചു.

ഇന്നലെ ബെംഗളൂരുവിൽ പിടിയിലായ സ്വപ്‍ന സുരേഷിനെയും സന്ദീപ് നായരെയും ഇന്നലെ കോടതിയിൽ ഹാജരാക്കി കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. രാത്രിയോടെ ഇരുവർക്കും കോവിഡ് ഇല്ലെന്ന് വ്യക്തമായതോടെ വീണ്ടും കോടതിയിൽ ഹാജരാക്കി കസ്റ്റഡി അപേക്ഷ നൽകിയതിനെ തുടർന്നാണ് ഇരുവരെയും 21 വരെ കസ്റ്റഡിയിൽ നൽകിയിരിക്കുന്നത്. കേരളത്തിലേക്കു സ്വർണം കടത്തിയതിന്റെ കൂടുതൽ വിവരങ്ങളും ആർക്കൊക്കെ ബന്ധമുണ്ട് എന്നീ വിവരങ്ങളും ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കണ്ടെത്താനാകുമെന്നാണ് എൻഐഎ പ്രതീക്ഷിക്കുന്നത്.

English Summary: Diplomatic Gold Smuggling - Swapna Suresh and Sandeep Nair in NIA custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com